SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.41 AM IST

ഡിജിറ്റൽ സെൻസസിന്റെ പ്രയോജനം ഉണ്ടാകട്ടെ

Increase Font Size Decrease Font Size Print Page
e

രാജ്യത്ത് വീണ്ടുമൊരു സെൻസസ് പ്രക്രിയ നടക്കുന്നത് എല്ലാ രീതിയിലും സ്വാഗതാർഹമാണ്. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് അഞ്ചുവർഷം വൈകിയാണെങ്കിലും ആരംഭിച്ചത് ഭരണകൂടത്തിനും ജനാധിപത്യ സംവിധാനത്തിനും സഹായകമാകും. ഇപ്പോഴത്തെ സെൻസസിനുള്ള ആദ്യ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത് കഴിഞ്ഞ ജൂണിലാണ്. 2027 മാർച്ചിൽ പൂർത്തിയാകുന്ന വിധത്തിലാണ് ഇതിന്റെ സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. കൊവിഡ് മഹാമാരിയും തുടർന്നുള്ള സാഹചര്യങ്ങളും കൊണ്ടാണ് 2021-ലെ സെൻസസിന് ഇത്രയും കാലതാമസമുണ്ടായത്. രണ്ട് ഘട്ടങ്ങളായാണ് സെൻസസ് പ്രക്രിയ നടക്കുന്നത്. ആദ്യഘട്ടം വീടുകളുടെ സെൻസസാണ്. അത് സെപ്തംബർ 30-നുള്ളിൽ പൂർത്തിയാക്കിയ ശേഷം അടുത്ത ഫെബ്രുവരിയിൽ രണ്ടാം ഘട്ടം നടക്കും. ഈ ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ്.

1931-നു ശേഷം പട്ടിക വിഭാഗങ്ങളുടേതിനൊപ്പം എല്ലാ ജാതികളുടെയും കണക്കെടുപ്പു കൂടി നടക്കും എന്ന പ്രത്യേകതയുമുണ്ട്. ജാതി തിരിച്ചുള്ള കണക്കെടുപ്പ് വേണമെന്ന് രാജ്യത്തെ പിന്നാക്ക സമുദായങ്ങളുടെ നിരവധി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. നിരവധി രാഷ്ട്രീയമാനങ്ങളും സെൻസസിന് കല്പിക്കപ്പെടുന്നു. പൊതുവേ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇതിന്റെ മറവിൽ ദുഷ്ടലാക്കോടെയുള്ള ചില കുപ്രചരണങ്ങൾ അഴിച്ചുവിടാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. ശരിയായ കണക്കുണ്ടെങ്കിലേ അർഹമായ വിഭവങ്ങൾ പരാതിരഹിതമായി വീതം വയ്ക്കാൻ കഴിയൂ. വിവിധ ജന - ജാതി വിഭാഗങ്ങളുടെ സാമ്പത്തിക - സാമൂഹിക നിലകൾ മനസിലാക്കാനും അതനുസരിച്ച് സമ്പത്തിന്റെ പുനർ വിതരണമടക്കമുള്ള രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളാനും സമയബന്ധിതമായ സെൻസസ് അത്യാന്താപേക്ഷിതമാണ്. അർഹരായവർക്ക് ആ രീതിയിൽ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടോ എന്നറിയണം. അനർഹമായി ഏതെങ്കിലും വിഭാഗങ്ങൾ ആനുകൂല്യങ്ങൾ കൈയടക്കിവയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാനും സെൻസസ് ഉപകരിക്കും.

രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ് എന്ന സവിശേഷതയും ഇതിനുണ്ട്. ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ മൊബൈൽ നമ്പർ ഉപയോഗിച്ച് se.census.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്യണം. 33 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. വിവരങ്ങൾ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന സെൽഫ് എന്യൂമറേറ്റർ ഐഡി വീട്ടിൽ വരുന്ന എന്യൂമറേറ്റർക്ക് കൈമാറണം. എന്യൂമറേറ്റർ ഇതു പരിശോധിച്ച് കൃത്യമാക്കും. വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്ന പങ്കാളികളെ വിവാഹിതരെന്നപോലെ കണക്കാക്കും. ബന്ധം സ്ഥിരതയുള്ളതാണെങ്കിൽ ദമ്പതികളായി പരിഗണിക്കുമെന്ന് സെൻസസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2011-നു ശേഷം രാജ്യത്ത് യുവാക്കളുടെയും വയോജനങ്ങളുടെയും സ്‌ത്രീകളുടെയും എണ്ണത്തിലുണ്ടായിട്ടുള്ള വ്യത്യാസം കണ്ടെത്താനും സെൻസസ് സഹായിക്കും. 2026നു ശേഷം നടക്കുന്ന സെൻസസിന്റെ വിവരങ്ങൾ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയ ശേഷമേ ലോക്‌സഭയിലെ സീറ്റുകളുടെ അന്തർസംസ്ഥാനാടിസ്ഥാനത്തിലുള്ള അടുത്ത പുനർനിർണയം നടക്കൂ.

ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നിർദ്ദിഷ്ട വനിതാ സംവരണം നേരത്തേയാക്കുന്നതിനുവേണ്ടി 2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലങ്ങളുടെ എണ്ണം കൂട്ടാൻ നീക്കമുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്.

ശാസ്ത്രീയവും കുറ്റമറ്റതുമായ രീതിയിൽ സെൻസസ് നടന്നാൽ ഇപ്പോൾ ഉയർന്നിട്ടുള്ള പല ആശങ്കകളും നീങ്ങും. ജനസംഖ്യ ഉയർന്ന സംസ്ഥാനങ്ങളിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം കൂടുകയും,​ കേരളം പോലെ ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലായ സംസ്ഥാനങ്ങളിൽ പാർലമെന്ററി പ്രാതിനിദ്ധ്യം കുറയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. സെൻസസിന്റെ പേരിൽ നിക്ഷിപ്ത താത്‌പര്യങ്ങൾ കടന്നുകൂടാതെ സമത്വവും നീതിയും എല്ലാ വിഭാഗക്കാർക്കും ലഭിക്കുവാൻ സെൻസസ് സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. ന്യായമായ പരാതികൾ പരിഹരിക്കപ്പെടുകയും വേണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.