
തിരുവനന്തപുരം: സേനയ്ക്ക് അപമാനമായി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലീസുകാർ തമ്മിലടിച്ചു. ഗേറ്റിൽ വാഹന പരിശോധനയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനായ കിരണും മ്യൂസിയം സ്‌റ്റേഷനിലെ സി.പി.ഒ വിശാഖുമാണ് വിരുതന്മാർ. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഗവർണറുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനാൽ വിശാഖിനെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് നിയോഗിച്ചിരുന്നു. ഈ സമയം ഒരു സ്ത്രീ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്തു. വാഹനം മാറ്റി പാർക്കുചെയ്യാൻ വിശാഖ് ആവശ്യപ്പെട്ടതോടെ അവർ അനുസരിച്ചു. പിന്നാലെ എത്തിയ കിരൺ, തനിക്ക് ഭക്ഷണവുമായി വന്ന അമ്മയോട് വിശാഖ് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് മർദ്ദിച്ചു. വിശാഖ് തിരിച്ചും കൈവച്ചു. മറ്റു പൊലീസുകാരാണ് പിടിച്ചുമാറ്റിയത്.
ചികിത്സ തേടിയ വിശാഖ് വൈകിട്ടോടെ മ്യൂസിയംസ്‌റ്റേഷനിൽ പരാതി നൽകി. പിന്നാലെ കിരണിന്റെ അമ്മയും പരാതിയുമായെത്തി. ഇരു പരാതികളിലും കേസെടുത്തില്ല. സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വിയിൽ മർദ്ദന ദൃശ്യമുണ്ട്. ഡി.സി.പി കന്റോൺമെന്റ് അസി.കമ്മിഷണറോട് റിപ്പോർട്ട് തേടി. ഇന്ന് റിപ്പോർട്ട് നൽകും. ഒരു പൊലീസുകാരന് വേണ്ടി ഉന്നത ഇടപെടലുണ്ടായെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |