SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.13 AM IST

ചരിത്രത്തിലെ ചോക്കു വര

Increase Font Size Decrease Font Size Print Page
h

നനഞ്ഞ പുതപ്പു പോലെ കരിയും മണ്ണും കുഴഞ്ഞുപറ്റിയ തീവണ്ടിമുറിയുടെ ലോഹനിലത്ത് അമർത്തിവരച്ച ആ

ചോക്ക് വര ഒന്നാം ലോകയുദ്ധത്തിന്റെ തീപിടിച്ച നെഞ്ചിലേക്ക് നീണ്ടുകിടന്നു. 'യുദ്ധാതിർത്തി" കണക്കെ,​ റഷ്യയെയും ജർമ്മനിയെയും പകുത്തുമാറ്റി തെളിഞ്ഞുകിടന്ന ആ വരയ്ക്ക് അപ്പുറം വ്ളാഡിമിർ ലെനിന്റെയും ഭാര്യ നദിയ ക്രുപ്സ്കയുടെയും വിയർത്ത മുഖത്ത്,​ പെട്രോഗ്രാഡ് തീവണ്ടി യാത്രയെക്കുറിച്ച് തീരെ ആശങ്കയുണ്ടായിരുന്നില്ല. ലെനിന്റെ 'വിപ്ളവസഖി" ഇനെസ അമാൻഡ് ആകട്ടെ,​ ഉടുപ്പിന്റെ പോക്കറ്റിൽ നിന്ന് തീരെ ചെറിയൊരു ഡയറി വലിച്ചെടുത്ത് ധൃതിയിൽ എഴുതിക്കൊണ്ടിരുന്നു. ആ വരയ്ക്കിപ്പുറം,​ ജർമ്മൻ സൈനികർ തീറ്റയും കുടിയുമായി 'ശത്രുപക്ഷ"ത്തെ അസ്വസ്ഥരാക്കാൻ ആവുന്നതെല്ലാം വാശിയോടെ ചെയ്തുകൊണ്ടിരുന്നു.

റഷ്യൻ ബോൾഷെവിക്കുകളുടെ ധീരനായകനും ജർമ്മനിയും ചേർന്നു മെനഞ്ഞ രഹസ്യ ഉടമ്പടിയുടെ തിരക്കഥയിൽ പിറന്ന ലെനിന്റെ 'പെട്രോഗ്രാഡ് ട്രെയിൻ യാത്ര" പോലെ മറ്റൊരു രാഷ്ട്രീയതന്ത്രം രണ്ടു മഹായുദ്ധങ്ങളുടെ ചരിത്രത്തിൽ മറ്റൊന്നില്ല! ആ ഒരൊറ്റ ചോക്കു വരയിൽ പിറന്ന ചരിത്രാദ്ധ്യായങ്ങളിൽ മഹത്തായ ഒക്ടോബർ വിപ്ളവവും,​ സോവിയറ്ര് റഷ്യയുടെ ഉദയവും തൊട്ട് സഖ്യശക്തികളിൽ നിന്നുള്ള റഷ്യൻ പിന്മാറ്റവും,​ ലോകയുദ്ധത്തിന്റെ പരിണതിയും വരെയുണ്ട്! ഒന്നാം ലോകയുദ്ധത്തിൽ ജർമ്മനിയുടെ സമ്പൂർണ പരാജയത്തിലേക്ക് വഴിവെട്ടിയ പെട്രോഗ്രാഡ് ട്രെയിൻ യാത്രയുടെ കഥയിൽ,​ വിഖ്യാതമായ ആ ചോക്ക് വര വരഞ്ഞതാകട്ടെ,​ സ്വിറ്റ്സർലന്റിലെ ജർമ്മൻ അംബാസഡ‌ർ ഫ്രിറ്റ്സ് പ്ളാറ്റനും. പ്ളാറ്റന്റെ വിധിനിയോഗമോർത്ത് പിന്നീട് ചരിത്രത്തിന്റെ ചുണ്ടിൽത്തന്നെ ഒരു തമാശച്ചിരി പടർന്നിട്ടുണ്ടാകും!

സ്വിറ്റ്സർലന്റിലെ സ്യൂറിഷ് (zurich) റെയിൽവേ സ്റ്രേഷനിൽ നിന്നു പുറപ്പെട്ട് ജർമ്മനി കടന്ന്, ഇടുങ്ങിയ ബാൾട്ടിക് സമുദ്രം മുറിച്ച്,​ സ്വീഡനിലെ ട്രെല്ലബോർഗിലേക്ക് ഫെറി കടന്ന്, ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കി വഴി

അന്നത്തെ റഷ്യൻ തലസ്ഥാനമായ പെട്രോഗ്രാഡിലേക്ക് (ഇന്നത്തെ സെന്റ് പീറ്രേഴ്സ്ബർഗ്)​.

അഞ്ചു രാജ്യങ്ങൾ.

ഏഴു ദിവസങ്ങൾ.

31 ബോൾഷെവിക്കുകൾ...

വിപ്ളവത്തിന്റെ

ആമുഖം

1917 ഏപ്രിൽ ഒമ്പതിന് സ്യൂറിഷ് സ്റ്രേഷനിൽ നിന്ന് എച്ച് 2- 293 നമ്പർ ഫിന്നിഷ് തീവണ്ടി കരിമ്പുക ഛർദ്ദിച്ച് പുറപ്പെടും മുമ്പ്,​ ആ പദ്ധതിയുടെ സംവിധായകൻ ഫ്രിറ്റ്സ് പ്ളാറ്റൻ കംപാർട്ട്മെന്റിന്റെ തറയിലേക്ക് കുനിഞ്ഞു നിന്ന്,​ ചോക്കു കഷണംകൊണ്ട് ആ വര വരച്ചു. പിന്നെ,​ കഷണ്ടി കയറിത്തുടങ്ങിയ തലയിൽ നിന്ന് പുരികത്തിലേക്ക് ഇഴഞ്ഞിറങ്ങിയ വിയർപ്പുകണം തുടച്ച് പ്രഖ്യാപിച്ചു: 'ലെനിനും സംഘവും വരയ്ക്ക് അപ്പുറത്ത്. ജർമ്മൻ സൈനികർ ഇപ്പുറത്ത്. ഒരുകാരണവശാലും വര മുറിച്ചുകടക്കരുത്- ഇത് കെയ്സർ ചക്രവർത്തിയുടെ (അന്ന് ജർമ്മനി ഭരിച്ചിരുന്ന കെയ്സ‌ർ വില്യം രണ്ടാമൻ)​ ഉത്തരവാണ്! വര മറികടക്കാനുള്ള അധികാരം ഒരാൾക്കു മാത്രം- എനിക്ക്!"

കഥ ലളിതമായിരുന്നു.

സൈബീരിയൻ തടവുശിക്ഷ പൂർത്തിയാക്കി ലണ്ടനിലെയും ജനീവയിലെയും പ്രവാസവും കഴിഞ്ഞ് നാല്പത്തിയാറാം വയസിൽ ലെനിൻ സ്വിറ്റ്സർലന്റിന്റെ സ്വച്ഛതയിൽ പാർത്തുതുടങ്ങിയിട്ട് കുറച്ചുനാളേ ആയിരുന്നുള്ളൂ. റഷ്യയിലെ ഫെബ്രുവരി വിപ്ളവത്തിന്റെ വാർത്തകൾ അറിഞ്ഞുതുടങ്ങിയപ്പോൾ മുതൽ,​ നാട്ടിലെത്തി ബോൾഷെവിക് വിപ്ളവം നയിക്കാനുള്ള പൊറുതികേടിലായിരുന്നു ലെനിന്റെ മനസ്.

വിപ്ളവ സ്വപ്നങ്ങളുടെ മുന കൂർത്തുകൂർത്ത് ഒറ്റ ഉന്നത്തിലേക്ക് ചുരുങ്ങി- സോഷ്യലിസ്റ്റ് വിപ്ളവവും റഷ്യയിൽ തൊഴിലാളിവർഗ സർവാധിപത്യവും. പക്ഷേ,​ സിറ്റ്‌സർലന്റിൽ നിന്ന് റഷ്യയിലെത്താൻ എന്തു വഴി?​ ജർമ്മനി മുറിച്ചുകടക്കാത അതു വയ്യ. ലോകയുദ്ധം അതിന്റെ ഉച്ചവെയിലിൽ നില്ക്കെ,​ റഷ്യൻ ബോൾഷെവിക് നേതാവിനെ ശത്രുപക്ഷത്തായ ജർമ്മനിയിലൂടെ യാത്ര ചെയ്യാൻ അവർ എങ്ങനെ അനുവദിക്കാൻ!

വ്ളാഡിമിർ ലെനിന് ഒപ്പം സ്വിറ്റ്സർലന്റിൽ പ്രവാസത്തിലായിരുന്ന റഷ്യൻ വിപ്ളവകാരികൾ യോഗം ചേർന്ന് പല 'മണ്ടൻ" പദ്ധതികളും മുന്നോട്ടുവച്ചു. വേഷപ്രച്ഛന്നരായി ജർമ്മനി കടക്കുക,​ വ്യാജ സ്വിസ് പാസ്‌പോർട്ട് സംഘടിപ്പിച്ച് വിമാനത്തിൽ രക്ഷപ്പെടുക... അങ്ങനെ പലതും. ഒടുവിൽ റഷ്യൻ ഡെമോക്രാറ്റിക് ലേബർ പാർട്ടി നേതാവ് എൽ. മാർട്ടോവ് ആണ് പറഞ്ഞത്- 'റഷ്യയിൽ തടവിലുള്ള ജർമ്മൻ- ഓസ്ട്രിയൻ തടവുപുള്ളികളെ മോചിപ്പിക്കുന്നതിനു പകരമായി ലെനിനെ ട്രെയിനിൽ ജർമ്മനി കടക്കാൻ അനുവദിക്കണമെന്ന് ജർമ്മൻ ചക്രവർത്തിയോട് അഭ്യർത്ഥിച്ചാലോ?" ഭൂരിപക്ഷം പേരും അതിലെ അപകടം സൂചിപ്പിച്ചപ്പോൾ അടുത്ത വഴി: 'റഷ്യയും ജർമ്മനിയുമായി ഇക്കാര്യം സംസാരിക്കാൻ സ്വിസ് സർക്കാരിനെ സമീപിച്ചാലോ?" പക്ഷേ,​ എല്ലാം പരാജയപ്പെട്ടു.

ഒരു യാത്ര,​

രണ്ട് ലക്ഷ്യം

ഒരുപാട് തലപുകഞ്ഞപ്പോൾ ഒരു വഴി തെളിഞ്ഞു. സ്വിസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഫ്രിറ്റ്സ് പ്ളാറ്റൻ. സ്വിറ്റ്സർലന്റിലെ ജർമ്മൻ അംബാസഡർ. റഷ്യൻ സോഷ്യലിസ്റ്റുകൾ പ്ളാറ്റനുമായി ചേർന്ന് ആ പദ്ധതിക്ക് റൂട്ട് മാപ്പ് വരച്ചു. സ്യൂറിഷിൽ നിന്ന് ലെനിനും സംഘത്തിനും വേണ്ടി രഹസ്യമായി ഒരു തീവണ്ടിയാത്ര ഒരുക്കുക! അതിൽ ജർമ്മനിക്ക് എന്തു ലാഭം?​

ഏതു കണക്കിലും ലാഭം മാത്രം! ലെനിനെ റഷ്യയിലെത്തിച്ചാൽ ബോൾഷെവിക്കുകളെ സംഘടിപ്പിച്ച് അയാൾ വിപ്ളവം നയിക്കും. സാർ ചക്രവർത്തിയുടെ സ്ഥാനത്യാഗത്തിനു ശേഷം അധികാരമേറ്റ അലക്സാണ്ടർ കെരൻസ്കിയുടെ നേതൃത്വത്തിലുള്ള താത്കാലിക സർക്കാർ വീഴും. വിപ്ളവത്താൽ ദുർബലമാകുന്ന റഷ്യ യുദ്ധത്തിൽ നിന്ന് പിന്മാറും. അതു സംഭവിച്ചാൽ,​ റഷ്യയെ നേരിടുന്ന കിഴക്കൻ യുദ്ധമുഖത്തു നിന്ന് ജർമ്മൻ സൈന്യത്തെ പിൻവലിച്ച് ബ്രിട്ടനും ഫ്രാൻസിനും എതിരെ പടിഞ്ഞാറൻ യുദ്ധമുഖത്ത് വിന്യസിക്കാം!

ആ കുരുട്ടുബുദ്ധിയിൽ പിറന്നതായിരുന്നു,​ ലെനിന്റെ പെട്രോഗ്രാഡ് തീവണ്ടിയാത്ര. ഒക്ടോബർ വിപ്ളവാനന്തരം,​ പിന്നീട് മരണപര്യന്തം സോവിയറ്റ് റഷ്യയുടെ അധിനായകൻ (Chairman of the Council of People's Commissars)​ ആയിത്തീർന്ന വ്ളാഡിമിർ ഇല്യിച്ച് ഉല്യാനോവ് എന്ന ലെനിൻ ആ ട്രെയിൻ യാത്രയുടെ പേരിൽ കേട്ട പഴിവചനമെത്ര! യാത്ര പുറപ്പെടും മുമ്പേ ലെനിന് അതെല്ലാം അറിയാമായിരുന്നു. എന്നിട്ടും അതിനൊരുങ്ങിയത്,​ തൊഴിലാളിവർഗ സർവാധിപത്യം എന്ന ഒരൊറ്റ ശോണസ്വപ്നം,​ അതിന്റെ മുഷ്ടി അത്രമേൽ കരുത്തോടെ ചുരുട്ടിപ്പിടിച്ചിരുന്നതുകൊണ്ട്!

പ്രണയത്തിന്റെ

കടൽദൂരം

ഉടമ്പടിയിൽ ചക്രവർത്തി ഒപ്പുവച്ചു കഴിഞ്ഞയുടൻ,​ ലെനിൻ പറഞ്ഞ ആദ്യവാചകത്തെക്കുറിച്ച് ഭാര്യ നദിയ പിന്നീട് എഴുതിയത് ഇങ്ങനെ: 'നമുക്ക് ആദ്യ ട്രെയിനിൽത്തന്നെ പുറപ്പെടണം. അതിന് രണ്ടുമണിക്കൂറേയുള്ളൂ ബാക്കി. വീട്ടുസാധനങ്ങൾ പൊതിഞ്ഞുകെട്ടി ഭദ്രമാക്കണം,​ നീ അത് ചെയ്യുമ്പോഴേക്കും എനിക്ക് വീട്ടുടമസ്ഥയെ കണ്ട് വാടകക്കണക്ക് തീർക്കാനുണ്ട്,​ ലൈബ്രറിയിൽ പുസ്തകം മടക്കിക്കൊടുക്കാനുണ്ട്..." പുറത്തേക്കു പാഞ്ഞ ലെനിൻ മടങ്ങിയെത്തുമ്പോഴേയ്ക്ക്,​ ഭർത്താവ് പറയാൻ വിട്ടുപോയിരുന്ന ചിലതു കൂടി നദിയയ്ക്ക് ചെയ്യാനുണ്ടായിരുന്നു. റഷ്യയിൽ നിന്നുള്ള സോഷ്യലിസ്റ്റ് പത്രങ്ങൾകീറിക്കളയണം,​ ബോൾഷെവിക്കുകാർ അയച്ചിരുന്ന കത്തുകളുടെ കൂമ്പാരമുണ്ട്,​ സഖാവിന്റെ മേശപ്പുറം നിറയെ. അതെല്ലാം കത്തിച്ചുകളയണം.

സ്യൂറിഷിൽ ലെനിൻ താമസിച്ചിരുന്ന ഒറ്റമുറി ഫ്ളാറ്റിന് അടുത്തുതന്നെയായിരുന്നു,​ ഇനെസ അമാൻഡിന്റെ താമസം. 'അങ്ങേയ്ക്കും അവൾക്കുമായി വഴിമാറിത്തരാൻ ഒരുക്കമാണ്" എന്ന് നദിയ ക്രുപ്സ്കയ ഒരിക്കൽ ലെനിനോടു പറ‌ഞ്ഞത് ഇനെസയെക്കുറിച്ചാണ്. ഭാര്യയുടെ വേവലാതിക്ക്,​ ഒരുപാടു ചിന്തിച്ച്,​ 'വേണ്ട" എന്ന് ലെനിൻ മറുപടി പറ‌ഞ്ഞെങ്കിലും നദിയയ്ക്ക് മനസിലാകുമായിരുന്നു,​ ആ പ്രണയനദിയുടെ സഞ്ചാരപഥം. ഒരിക്കൽപ്പോലും അതിൽ കലഹത്തിന്റെ കലക്കംപെടാതെ നദിയ തീരത്തുതന്നെ നിന്നു. ലെനിനും ഇനെസയും ഒരുമിച്ച് ഒരൊറ്റ നദിയായി ഒരേസമയം വിപ്ളവത്തിലേക്കും പ്രണയത്തിലേക്കും പതഞ്ഞൊഴുകിക്കൊണ്ടിരുന്നു...

ഇനെസയ്ക്കുമുണ്ടായിരുന്നു,​ യാത്രയ്ക്കു മുമ്പ് വീട്ടിൽ പിടിപ്പത് പണി. സ്യൂറിഷിൽത്തന്നെയുണ്ട്,​ മുപ്പതിലധികം ബോൾഷെവിക് പ്രവർത്തകർ. റഷ്യയിലേക്കുള്ള അടിയന്തരയാത്രയ്ക്ക് അവരെയും ഒപ്പംകൂട്ടണം. വീട് ഒഴിയണം. പിന്നെ,​ മനസിലുള്ള വിപ്ളവ പദ്ധതിയെക്കുറിച്ച് ഇനെസയ്ക്കു മാത്രമായി ലെനിൻ എഴുതിയ നൂറുകണക്കിന് കത്തുകളുണ്ട്. എല്ലാം നശിപ്പിക്കണം. അവൾ തിരക്കിട്ട് ഓടിനടന്നു. ലെനിനും നദിയയ്ക്കും ഇനെസയ്ക്കും ഇളവേൽക്കാൽ നിമിഷനേരം പോലുമില്ലാതിരുന്ന ആ രണ്ടുമണിക്കൂറുകൾക്കു ശേഷം,​ എല്ലാവരും സ്യൂറിഷ് റെയിൽവേ സ്റ്റേഷനിൽ ഒത്തുചേരുമ്പോൾ,​ തീവണ്ടിയുടെ എൻജിൻ മുറിയിൽ 'ഫയർ ബോക്സി"ലേക്ക് കൽക്കരി കോരിയിടുന്ന തിരക്കിലായിരുന്നു,​ ജോലിക്കാർ.

ലെനിനും നദിയയും ഇനെസയും ഉൾപ്പെടെ 31 പേർ. മുന്നിൽ,​ സൂത്രധാരനായി ഫ്രിറ്റ്സ് പ്ളാറ്റൻ നിന്നു. ലെനിന്റെ നെഞ്ചിൽ തീവണ്ടി എൻജിന്റെ അഗ്നിപേടകത്തിലെന്നതു പോലെ വിപ്ളവജ്വാല നീറിപ്പിടിക്കുകയായിരുന്നു. സൈബീരിയൻ തടവുകാലം കഴിഞ്ഞതു മുതൽ (1900), പതിനേഴു വർഷമായി ഉള്ളിൽ കൊണ്ടുനടക്കുന്ന തീയിലേക്ക്

കൽക്കരി കോരിയിടുന്ന യാത്രയ്ക്ക് ഇതാ തുടക്കം. ആ തീച്ചൂട് നദിയയെക്കാൾ നന്നായി അറിയാമായിരുന്നത് ഇനെസയ്ക്കാണ്. നദിയയാകട്ടെ, ഭർത്താവും അയാളുടെ ഹൃദയസഖിയും ഒരുമിച്ച് കൊളുത്തിയ നെരിപ്പോടിനരികിൽ നിശബ്ദയായി വെന്തുനീറിക്കൊണ്ടിരുന്നു. ട്രെയിൻ ചൂളംവിളിച്ചപ്പോൾ ഇനെസ, ഡയറിയിൽ എഴുതി: '1917 ഏപ്രിൽ ഒമ്പത്. ഉച്ചകഴിഞ്ഞ് 3.20. വിപ്ളവത്തിന്റെ മോഹരാജ്യത്തേക്ക് സഖാവിനൊപ്പം യാത്ര ആരംഭിക്കുകയാണ്!"

മരണമോ

ഭരണമോ?​

സ്യൂറിഷ് സ്റ്റേഷനിൽ നിന്ന് തീവണ്ടി പുറപ്പെട്ട്,​ പ്ളാറ്റ്ഫോം വിടുന്നതിനു മുമ്പ് ബോഗിയുടെ ഉരുക്കുഗാത്രത്തിൽ ഇരുമ്പുവടികൊണ്ട് ആരൊക്കെയോ ആഞ്ഞടിക്കുന്നതു കേട്ടു. അതിനും മീതെയായിരുന്നു,​ ബോൾഷെവിക് പക്ഷക്കാരല്ലാത്ത കുറേ റഷ്യൻ വംശജരുടെ ആക്രോശം: 'വ‌ഞ്ചകന്മാർ,​ പന്നികൾ,​ ജർമ്മനിയുടെ ചാരന്മാർ... ഈ യാത്രയ്ക്ക് കാശുമുടക്കുന്നത് കെയ്സർ (ജർമ്മൻ ചക്രവർത്തി) ആണ്. അങ്ങോട്ടു ചെല്ല്,​ ജർമ്മനിയുടെ ചാരന്മാരെ റഷ്യ തൂക്കിക്കൊല്ലും!"

ലെനിൻ ഒന്നു നിശ്വസിച്ചു. പിന്നെ,​ തീവണ്ടിജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്ന സുഹൃത്തിനോട് അക്ഷോഭ്യനായി പറഞ്ഞു: 'സഖാവേ,​ ഒന്നുകിൽ മൂന്നു മാസത്തിനകം നമ്മുടെ ശവം തൂക്കുമരത്തിൽക്കിടന്ന് ആടും. അല്ലെങ്കിൽ നമ്മൾ റഷ്യ ഭരിക്കും!" സുഹൃത്ത് മറുപടിയൊന്നും പറഞ്ഞില്ല. ചോക്കു വരയ്ക്കപ്പുറത്തു നിന്ന് ജർമ്മൻ ഭടന്മാരുടെ ബഹളവും പരിഹാസവും കേൾക്കാതിരിക്കാൻ കാതുകൾ അടച്ചുപിടിച്ചിരുന്ന നദിയ ക്രുപ്സ്കയ,​ തീവണ്ടിമുറിക്കുള്ളിലേക്ക് പറന്നുകയറിയ കാറ്റിന്റെ തണുപ്പിൽ പതിയെ ഒരു മയക്കത്തിലേക്കു ചാഞ്ഞു. ഇനെസയാകട്ടെ,​ സഖാവിന്റെ തോളിലേക്കു ചരിഞ്ഞ്,​ അയാൾക്കു മാത്രം കേൾക്കാവുന്നത്ര താഴ്ന്ന ശബ്ദത്തിൽ ഒരു സ്വപ്നം പറഞ്ഞു: 'എന്റെ ജീവൻ അങ്ങേയ്ക്കു വേണ്ടിയും,​ എന്റെ സ്വപ്നം നമ്മുടെ പ്രത്യയശാസ്ത്രത്തിനു വേണ്ടിയും സമർപ്പിക്കപ്പെട്ടിരിക്കയാൽ നാഥാ,​ ഈ ശരീരം മരണത്തെ സ്വയംവരം ചെയ്തിരിക്കുന്നു."

ലെനിൻ പുറംകാഴ്ചകളിലേക്കു നോക്കി മന്ത്രിച്ചു: 'പ്രിയേ,​ റഷ്യയുടെ തീരത്ത് സ്വപ്നത്തിന്റെ സാഫല്യത്താലും,​ പ്രത്യയശാസ്ത്രത്തിന്റെ രക്തപതാകയാലും ഞാൻ നിന്നെ പുനരുത്ഥാനം ചെയ്യിക്കും!" ദീർഘനേരത്തേക്ക് ഇരുവരും പിന്നെയൊന്നും മിണ്ടിയില്ല. ഇനെസ അമാൻഡ്,​ ഡയറിയിൽ അടുത്ത വരിയെഴുതി: 'വിപ്ളവത്തിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുന്നു. ട്രെയിൻ ഇപ്പോൾ മാൻഹൈമിൽ (mannheim) എത്തിയിരിക്കുന്നു."

സന്ധ്യയായിരുന്നു.

ആകാശം ചുവന്നു തുടങ്ങിയിരുന്നു.

​(അടുത്ത ലക്കത്തിൽ അവസാനിക്കും. ലേഖകന്റെ ഫോൺ: 99461 08237)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.