
സിനിമ കോൺക്ളേവും നയ രൂപീകരണവുമടക്കം നടത്തി ചലച്ചിത്ര മേഖലയിൽ സംസ്ഥാന സർക്കാർ പല നടപടികൾ കൈക്കൊണ്ടുവെങ്കിലും അതൊന്നും ഫലപ്രദമായില്ലെന്നു മാത്രമല്ല ഈ രംഗത്തെ ലൈംഗിക ചൂഷണം പഴയപടി തുടരുന്നുവെന്നതിന്റെ തെളിവായി മാറുകയാണ് ഏറ്റവും ഒടുവിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിൽ കലാശിച്ച സംഭവം. ആഭ്യന്തര പരാതി കമ്മിറ്റി (ഐ.സി.സി ) എല്ലാ ചലച്ചിത്ര ഷൂട്ടിംഗ് സെറ്റിലും രൂപീകരിക്കുന്നുവെന്നതായിരുന്നു സർക്കാർ തീരുമാനങ്ങളിൽ ഏറ്റവും പ്രധാനം.എന്നാൽ
അത്തരം കമ്മിറ്റികൾ പലതും ഇരയ്ക്ക് നീതി ലഭ്യമാക്കുന്നതിൽ അമ്പേ പരാജയപ്പെടുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.സിനിമയിൽ അഭിനയിക്കുന്നതിനും നല്ല കഥാപാത്രത്തെ ലഭിക്കുന്നതിനും നടിമാർ ' വിട്ടുവീഴ്ച ' ചെയ്യണമെന്ന പഴയ മാടമ്പി മനോഭാവം ഇന്നും ചിലർ വച്ചു പുലർത്തുന്നുവെന്നും അതിനെല്ലാം കുടപിടിയ്ക്കുന്നവർ ചലച്ചിത്ര രംഗത്ത് അപ്രമാദിത്വം കാട്ടുന്നുവെന്നും ഈ മേഖലയിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ സൂചിപ്പിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തെ ( എസ്.ഐ.ടി ) രൂപീകരിച്ചിരുന്നു.എന്നാൽ എസ്.ഐ.ടിക്കു മുൻപാകെ മൊഴി നൽകാൻ ആരും മുന്നോട്ടു വന്നില്ല.ഇതോടെ എസ്.ഐ.ടി അന്വേഷിച്ച 34 കേസുകളും അവസാനിപ്പിക്കുകയായിരുന്നു.
എന്തുകൊണ്ട് അതിജീവിതമാർ അതിനു തയ്യാറായില്ലെന്നു സർക്കാർ അന്വേഷിച്ചിട്ടുണ്ടോ?ചലച്ചിത്ര മേഖലയിൽ ഒരു വിഭാഗം ആൾക്കാർ പുലർത്തുന്ന അധീശത്വം ഒരു തരത്തിൽ അധോലോക സ്വഭാവത്തിലേക്കു പരിണമിച്ചുവെന്നു വേണം കരുതാൻ.പരാതിയുമായി മുന്നോട്ടുപോയാൽ പിന്നെ സിനിമയിൽക്കാണില്ലെന്ന ഭീഷണി മുഴക്കാൻ ഇക്കൂട്ടർ മടിക്കില്ല. ചലച്ചിത്ര രംഗത്തെ വനിതാ കൂട്ടായ്മായ ഡബ്ള്യൂ.സി.സി.യുമായി സഹകരിച്ചതിന്റെ പേരിൽ അനുഗ്രഹീത നടിയായ പാർവതി തിരുവോത്ത് എത്രമാത്രം ഒതുക്കപ്പെട്ടുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.തന്റെ സിനിമയിൽ പ്രധാന വേഷം ചെയ്ത നടിയോട് അപമര്യാദ കാട്ടിയതിനാണ് രഞ്ജിത്തിനെ അറസ്റ്റു ചെയ്തത്. ഒരു കലാകാരൻ എന്ന നിലയിൽ കഴിവുള്ളയാളാകാം രഞ്ജിത്ത്.ആ അംഗീകാരം പ്രേക്ഷകർ നൽകിയതാണ്.എന്നാൽ അത് തനിക്ക് ആരോടും എന്തും കാട്ടാനുള്ള ലൈസൻസായി രഞ്ജിത്ത് കരുതിയിട്ടുണ്ടാകാം.
മുമ്പും രണ്ട് ലൈംഗിക ചൂഷണ പരാതികൾ രഞ്ജിത്തിനെതിരെ വന്നിരുന്നു.അതിലൊന്നിന്റെ ഭാഗമായിട്ടാണ് ചലച്ചിത്ര അക്കാഡമിയുടെ അദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കാൻ ഇടയാക്കിയത്. പക്ഷെ അവിടം കൊണ്ടൊന്നും രഞ്ജിത്ത് പാഠം പടിച്ചില്ല. തന്റെ രാഷ്ട്രീയ സ്വാധീനംഎല്ലാ ഘട്ടത്തിലും തന്നെ സംരക്ഷിച്ചുകൊള്ളുവെന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകണം.പുതിയ സംഭവത്തിൽ രഞ്ജിത്തിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്.കോടതി രഞ്ജിത്തിനെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകുകയും ചെയ്തു.ഒരു വ്യക്തിയെ വിലയിരുത്തുന്നത് അയാളുടെ കഴിവുകൾ കൊണ്ടു മാത്രമല്ല, അയാളുടെ പെരുമാറ്റം അതിലൊരു വലിയ ഘടകമാണ്.സഹജീവികളോട് എങ്ങനെ പെരുമാറുന്നുവെന്നതും പ്രധാനമാണ്.
ലോക സിനിമാ ഭൂപടത്തിൽ മലയാള സിനിമ നേടിയ അന്തസ് മികച്ച കലാകാരൻമാരുടെ സംഭാവനയാണ്.അടൂരും അരവിന്ദനും ഷാജി എൻ.കരുണും സന്തോഷ് ശിവനും തുടങ്ങി ഒട്ടേറെ വ്യക്തികൾ ആ നിരയിലുണ്ട്.പുതിയ തലമുറയിൽ ഡോ.ബിജു ആ പാതയിൽ വലിയ അംഗീകാരങ്ങൾ കൈവരിച്ച സംവിധായകനാണ്.എന്നാൽ ബിജുവിനെതിരെ തരംതാണ പരാമർശം അക്കാഡമി ചെയർമാനായിരിക്കുമ്പോൾ രഞ്ജിത്ത് നടത്തുകയുണ്ടായി .അതിനെതിരെ സാംസ്ക്കാരിക വകുപ്പും മന്ത്രിയുമൊന്നും ഒരക്ഷരം ഉരിയാടിയില്ലെന്നത് ഇപ്പോൾ ഓർത്തുപോകുന്നു.മലയാള സിനിമയ്ക്ക് പേരുദോഷം വരുത്തി വയ്ക്കുന്ന ഇത്തരം സ്വഭാവ വൈകല്യക്കാരെ നിലയ്ക്കു നിർത്താൻ ഇനിയും മടിച്ചാൽ അതിനു വലിയ വില നൽകേണ്ടിവരും.ചലച്ചിത്ര രംഗത്തെ അഭിനേതാക്കളുടെ സംഘടനായായ അമ്മയുടെ തലപ്പത്ത് ഇരിക്കുന്നവരെല്ലാം വനിതകളാണ്.ഇത്തരം ചൂഷണക്കാരെ പരസ്യമായി തള്ളിപ്പറയാൻ അമ്മയുടെ ഭാരവാഹികൾ മുന്നോട്ടുവരികയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |