
മലപ്പുറം: ഇൻഷ്വറൻസ് തുകയടക്കം ലക്ഷ്യമിട്ട് 13 വർഷം മുമ്പ് അരീക്കോട് ആലുക്കലിൽ ഭാര്യയെയും രണ്ട് മക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. അരീക്കോട് വാവൂർ കൂടന്തൊടിക മുഹമ്മദ് ഷരീഫിനെ(46) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിലയച്ചു. 2013 ജൂലായ് 22ന് പുലർച്ചെ രണ്ടിനാണ് ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (5), ഫാത്തിമ ഹിദ (ഒന്നര) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്. വിവാഹസമയത്ത് സ്ത്രീധനമായി ലഭിച്ച 75 പവൻ സ്വർണാഭരണങ്ങളിൽ 50 പവൻ പണയംവയ്ക്കാനെന്ന് പറഞ്ഞ് വാങ്ങി ഭാര്യയറിയാതെ ഷരീഫ് വിൽപ്പന നടത്തിയിരുന്നു. സാബിറ ആഭരണങ്ങൾ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിന് മുഖ്യകാരണം. കൊലപാതകത്തിന് ഏതാനും ദിവസം മുമ്പ് സ്വന്തം പേര് നോമിനിയാക്കി ഭാര്യയുടെ പേരിൽ 20 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് എടുത്തിരുന്നു. രണ്ടാമത്തെ പ്രസവശേഷം ഭാര്യയിൽ പ്രകടമായ ലൈംഗികവിരക്തി കാരണം മറ്റൊരു വിവാഹം കഴിക്കാൻ ഷരീഫിനുണ്ടായ ആഗ്രഹവും കൊലയ്ക്ക് പ്രേരണയായി. മറ്റൊരു വിവാഹത്തിന് രണ്ട് പെൺകുട്ടികൾ ബാദ്ധ്യതയാകുമെന്ന് തോന്നിയതിനാലാണ് ഇവരെയും കൊലപ്പെടുത്തിയത്.
ചെറിയപെരുന്നാളിന് പുതുവസ്ത്രങ്ങൾ വാങ്ങി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കൊലപാതകം. ദൃക്സാക്ഷികളില്ലാത്ത കേസിൽ മുഖ്യമായും സാഹചര്യ തെളിവുകളാണുള്ളത്. മഴയുള്ള ദിവസം സ്വന്തമായി കാർ ഉണ്ടായിട്ടും ബൈക്കിൽ കുടുംബത്തോടൊപ്പം ദീർഘയാത്ര നടത്തിയതും വീട്ടിലേക്ക് എളുപ്പവഴിയുണ്ടായിട്ടും കൃത്യത്തിനനുയോജ്യമായ സ്ഥലം ലഭിക്കുന്നതിനായി ചുറ്റിവളഞ്ഞ് യാത്ര ചെയ്തതും ബൈക്കിന്റെ ടയർ പഞ്ചറായതാണ് അപകടത്തിന് കാരണമെന്ന് കളവ് പറഞ്ഞതും ഷരീഫിനെ പിടികൂടാൻ വഴിയൊരുക്കി.
2015 ഏപ്രിൽ 22ന് വിചാരണ ആരംഭിക്കാനിരിക്കെ പ്രതി മുങ്ങുകയായിരുന്നു. യൂബർ ടാക്സി ഡ്രൈവറായി കർണ്ണാടകയിലെ വിവിധയിടങ്ങളിൽ കഴിയുകയായിരുന്നു. മുങ്ങിയതിന്റെ തൊട്ടടുത്ത വർഷം തന്നെ കൊൽക്കത്ത സ്വദേശിനിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. അഞ്ചുവർഷമായി ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിൽ പരിസരത്തെ പല വീടുകളിലായാണ് താമസിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |