
സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കൈമാറി.
തിരുവനന്തപുരം : പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സേനയ്ക്ക് അപമാനമായി പൊലീസുകാർ തമ്മിലടിച്ച സംഭവത്തിൽ അച്ചടക്ക നടപടി ഉടൻ.കന്റോൺമെന്റ് സി.ഐയും സ്‌പെഷ്യൽ ബ്രാഞ്ചും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണറാണ് നടപടിയെടുക്കുക. എന്നാൽ പൊലീസ് ആസ്ഥാനത്തെ ഒരു എസ്.പിയുടെ ഇടപെടൽ വിഷയത്തിലുണ്ടായെന്നും അതിനാൽ പൊലീസ് ആസ്ഥാനത്ത് നിന്നു നിർദ്ദേശമനുസരിച്ചായിരിക്കും നടപടി തീരുമാനിക്കുകയെന്നാണ് വിവരം.പൊലീസ് ആസ്ഥാനത്തെ ഗേറ്റിൽ വാഹന പരിശോധനയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനായ കിരണും മ്യൂസിയം സ്റ്റേഷനിലെ സി.പി.ഒ വിശാഖുമാണ് വ്യാഴാഴ്ച ഉച്ചയോടെ ഏറ്റുമുട്ടിയത്.കിരണാണ് വിശാഖിനെ ആദ്യം മർദ്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിശാഖ് ഇത് പ്രതിരോധിക്കുകയായിരുന്നുവെന്നും റിപ്പോട്ടുകളിലുണ്ട്.എന്നാൽ ഒരാളിൽ മാത്രം നടപടി ഒതുക്കണമോ രണ്ട് പേർക്കെതിരെയും തുല്യമായി നടപടിയെടുത്ത് പ്രശ്നം അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഗവർണറുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനാൽ വിശാഖിനെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് നിയോഗിച്ചിരുന്നു. ഈ സമയം ഒരു സ്ത്രീ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്തു.വാഹനം മാറ്റി പാർക്കുചെയ്യാൻ വിശാഖ് ആവശ്യപ്പെട്ടതോടെ അവർ അനുസരിച്ചു. പിന്നാലെ എത്തിയ കിരൺ,തനിക്ക് ഭക്ഷണവുമായി വന്ന അമ്മയോട് വിശാഖ് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് മർദ്ദിച്ചു. ഇതോടെ ഇരുവരും തമ്മിൽ ഉന്തുംതള്ളുമായി. ഗേറ്റിലുണ്ടായിരുന്ന മറ്റ് പൊലീസുകാരെത്തിയാണ് പിടിച്ചുമാറ്റിയത്. ചികിത്സ തേടിയ വിശാഖ് വൈകിട്ടോടെ മ്യൂസിയംസ്റ്റേഷനിൽ പരാതി നൽകി. പിന്നാലെ കിരണിന്റെ അമ്മയും പരാതിയുമായെത്തി. ഇരു പരാതികളിലും കേസെടുത്തില്ല.സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വിയിൽ മർദ്ദന ദൃശ്യമുണ്ട്. കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡി.സി.പി കന്റോൺമെന്റ് അസി.കമ്മിഷണറോട് റിപ്പോർട്ട് തേടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |