
□പരീക്ഷ സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളിൽ
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ദുബായിലെ പരീക്ഷ ഒഴിവാക്കി. യു.എ.ഇയിലെ 591അപേക്ഷകർക്കായി ഷാർജയിലും,. കുവൈറ്റിലെ 112വിദ്യാർത്ഥികൾക്കായി അവിടെയും പരീക്ഷ നടത്തും. ബഹ്റൈനിലും പരീക്ഷാകേന്ദ്രമുണ്ടാവും.
ഖത്തറിൽ പരീക്ഷ നടത്താൻ എംബസിയോട് അനുമതി തേടി. ക്ലിയറൻസ് ലഭിച്ചാൽ അവിടെയും പരീക്ഷാ കേന്ദ്രമുണ്ടാവും. ഗൾഫിലെ വിവിധ രാജ്യങ്ങളിലെ കുട്ടികൾ ദുബായിലാണ് പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തിരുന്നത്. എന്നാൽ യുദ്ധം കാരണം സ്കൂളുകളെല്ലാം അടച്ചു. വിമാന യാത്രയടക്കം പ്രതിസന്ധിയിലാണ്. മറ്റു രാജ്യങ്ങളിൽ നിന്ന് ദുബായിലെത്താനും കഴിയാത്ത സ്ഥിതിയായതോടെയാണ് കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ നടത്തുന്നത്. പരീക്ഷാനടത്തിപ്പ് അവലോകനം ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിലാണ് തീരുമാനം.
ഏപ്രിൽ17 മുതൽ 23വരെ ഓൺലൈനായി പരീക്ഷ നടത്താനാണ് തീരുമാനം. പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിരുന്ന ഇന്ത്യൻ സ്കൂളുകൾ ഒഴിവാക്കി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ദേശീയ എൻജിനിയറിംഗ് പ്രവേശന പരീക്ഷ (ജെ.ഇ.ഇ) നടത്തുന്ന സ്വകാര്യ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിലാവും എൻട്രൻസ് പരീക്ഷ നടത്തുക. മേൽനോട്ടം അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കുമായിരിക്കും. പരീക്ഷാഹാളുകൾ ക്യാമറ നിരീക്ഷണത്തിലാക്കി തത്സമയം തിരുവനന്തപുരത്തെ എൻട്രൻസ് കമ്മിഷണറേറ്റിൽ വലിയ സ്ക്രീനുകളിൽ നിരീക്ഷിക്കും. പരീക്ഷ ഓൺലൈനായതിനാൽ കേരളത്തിൽ നിന്ന് ഉദ്യോഗസ്ഥർ പോവേണ്ടതില്ല.ദുബായിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തിരുന്നവർ നാട്ടിലുണ്ടെങ്കിൽ ഇവിടെ പരീക്ഷാകേന്ദ്രം അനുവദിക്കും. ഇതിന് പ്രത്യേകം അപേക്ഷ നൽകണം. എൻട്രൻസ് ഫലം മേയ്10നും റാങ്ക്‌ലിസ്റ്റുകൾ ജൂൺ 20നകവും പ്രസിദ്ധീകരിക്കേണ്ടതാണ്.
പരീക്ഷാകേന്ദ്രം
മാറ്റാൻ
□ഗൾഫിലെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ www.cee.kerala.gov.inൽ 7ന് ഉച്ചയ്ക്ക് ഒന്നു വരെ അഫേക്ഷിക്കാം. അധിക ഫീസ് ഓൺലൈനായടയ്ക്കാനും സൗകര്യമുണ്ട്. അഡ്‌മിറ്റ് കാർഡ് 8മുതൽ ഡൗൺലോഡ് ചെയ്യാം.
□ഓൺലൈൻ പരീക്ഷയായതിനാൽ നിരവധി സെറ്റ് ചോദ്യങ്ങളുണ്ടാവും. ഒരു ബാച്ചിന്റെ ചോദ്യം ആവർത്തിക്കില്ല.
.□ ഹാളുകളിലെല്ലാം ക്യാമറാ നിരീക്ഷണമേർപ്പെടുത്തും.
''ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ സെന്ററുകളിലാണ് പരീക്ഷയെന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല''
-എൻട്രൻസ് കമ്മിഷണറേറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |