SignIn
Kerala Kaumudi Online
Monday, 06 April 2026 12.36 PM IST

ചന്ദ്രനിലേക്കുള്ള പകുതി ദൂരം പിന്നിട്ട് ആർട്ടെമിസ് 2; യാത്രാമദ്ധ്യേ വിചിത്രമായ പ്രതിസന്ധി; ദുർഗന്ധം  

Increase Font Size Decrease Font Size Print Page
artemis-ii

ഹ്യൂസ്റ്റൺ: ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിക്കുന്ന നാസയുടെ ആർട്ടെമിസ് 2-ലെ ബഹിരാകാശ യാത്രികർ പകുതി ദൂരവും പിന്നിട്ട് ചരിത്രത്തിനരികിലെത്തിക്കഴിഞ്ഞു. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം ഇതാദ്യമായി മനുഷ്യൻ ചന്ദ്രനോട് ഇത്രയടുത്ത് എത്തുമ്പോൾ, അല്പം വിചിത്രമായ പ്രതിസന്ധിയാണ് പേടകത്തിനുള്ളിൽ യാത്രികർ നേരിടുന്നത്. ശുചിമുറി പണിമുടക്കിയതാണ് വെല്ലുവിളിയായത്.

ഇക്കഴിഞ്ഞ ബുധനാഴ്ച വിക്ഷേപണം നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഓറിയോൺ കാപ്സ്യൂളിലെ 'ലൂണാർ ലൂ' എന്ന് വിളിപ്പേരുള്ള പേടകത്തിലെ ശുചിമുറി ഭാഗികമായി തകരാറിലായത്. ശുചിമുറി മാലിന്യങ്ങൾ ഒഴുക്കിക്കളയുന്ന പൈപ്പിനുള്ളിൽ ഐസ് കട്ട പിടിച്ചതാണ് തടസത്തിന് കാരണം.

പകരം സംവിധാനമായ യൂറിൻ കളക്ഷൻ ബാഗുകൾ ഉപയോഗിക്കാനാണ് മിഷൻ കൺട്രോൾ നൽകിയിരിക്കുന്ന നിർദ്ദേശം. ടോയിലറ്റിനുള്ളിൽ നിന്ന് നേരിയ ദുർഗന്ധം വരുന്നതായി യാത്രികർ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഇതൊന്നും തങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ബഹിരാകാശത്ത് ടോയിലറ്റുകൾ എപ്പോഴും വെല്ലുവിളിയാണെന്ന് ഓറിയോൺ പ്രോഗ്രാം മാനേജർ ഡെബ്ബി കോർത്ത് തമാശരൂപേണ പറഞ്ഞു.

അതേസമയം,​ യാത്രിക ക്രിസ്റ്റീന കോച്ചാണ് പേടകത്തിലെ ടോയ്‌ലറ്റ് തകരാർ പരിഹരിച്ചത്. പിന്നാലെ, 'സ്പേസ് പ്ലംബർ' ആണെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ചു. ദൗത്യത്തിലെ നിർണായക ഘട്ടമായ ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ' (പേടകത്തെ ചന്ദ്രന്റെ പാതയിലേക്ക് തിരിച്ചുവിടുന്ന പ്രക്രിയ) വിജയകരമായി പൂർത്തിയാക്കിയ ശേഷമായിരുന്നു അവർ ടോയ്‌ലറ്റിലെ തകരാർ പരിശോധിച്ചത്. യാത്രയിലെ അപ്രതീക്ഷിത പ്രതിസന്ധികളെ നേരിടാൻ ബഹിരാകാശ സഞ്ചാരികൾക്ക് ലഭിക്കുന്ന പ്രത്യേക പരിശീലനമാണ് ഈ ഘട്ടത്തിൽ തുണച്ചത്.

ഭൂമിയിൽ നിന്ന് ഏകദേശം 4,00,000 കിലോമീറ്റർ അകലേക്ക് ഓറിയോൺ കാപ്സ്യൂൾ സഞ്ചരിക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാതെ, അതിന്റെ പിന്നിലൂടെ ഒരു യുടേൺ എടുത്ത് തിരികെ വരുന്ന യാത്രയോടെ അപ്പോളോ 13 പോയ ദൂരപരിധി ആർട്ടെമിസ് മറികടക്കും. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയനും അടങ്ങുന്ന സംഘം തിങ്കളാഴ്ചയോടെ ചന്ദ്രന്റെ മറുപുറം ലക്ഷ്യമാക്കി എത്തും. 53 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രനിലേക്ക് ഇത്രയും ദൂരമുള്ള യാത്ര നടത്തുന്നത്. 'ഭൂമി ചെറുതായി വരികയാണ്, ചന്ദ്രനാകട്ടെ വലുതായും,' എന്നാണ് പൈലറ്റ് വിക്ടർ ഗ്ലോവർ ആവേശത്തോടെ പറയുന്നത്.

1972-ൽ അപ്പോളോ 17ലെ മൂന്ന് പേരടങ്ങുന്ന സംഘത്തിന് ശേഷം ലോകത്തിലെ ആദ്യത്തെ ചാന്ദ്ര ബഹിരാകാശയാത്രികരാണ് ഹാൻസെൻ, ഗ്ലോവർ, റീഡ് വൈസ്മാൻ, ക്രിസ്റ്റീന കോച്ച് എന്നിവർ. കോച്ചും ഗ്ലോവറും യഥാക്രമം ചന്ദ്രനിലെത്തിയ ആദ്യത്തെ സ്ത്രീയും ആദ്യത്തെ കറുത്ത വർഗക്കാരുമായ ബഹിരാകാശയാത്രികരാണ്.


ഏപ്രിൽ 10ന് പസഫിക് സമുദ്രത്തിൽ പതിക്കുന്നതോടെ പത്തുദിവസത്തെ ദൗത്യം അവസാനിക്കും. എന്നാൽ ഇതൊരു ആരംഭം മാത്രമാണ്. ചന്ദ്രനിൽ സ്ഥിരമായി ഒരു താവളം ഒരുക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കൽ. എല്ലാം നിശ്ചയിച്ചതുപോലെ നടന്നാൽ 2028ഓടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മനുഷ്യനെ ഇറക്കാനാണ് നാസയുടെ പദ്ധതി.

TAGS: NEWS 360, WORLD, WORLD NEWS, ARTEMIS, ASTRONAUT, APOLLO, SPACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.