
ക്രൂഡും പലിശയും നിർണായകം
കൊച്ചി: ക്രൂഡോയിൽ വിപണിയിലെ ചലനങ്ങളും റിസർവ് ബാങ്ക് ധന നയവും രൂപയുടെ മൂല്യവും അടക്കമുള്ള വിഷയങ്ങളാകും ഈ വാരം ഇന്ത്യൻ ഓഹരി വിപണിയുടെ ഗതി നിശ്ചയിക്കുന്നത്. രൂപയുടെ മൂല്യത്തകർച്ചയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡോയിൽ വില വർദ്ധനയുമാണ് നിക്ഷേപകർക്ക് വെല്ലുവിളിയാകുന്നത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിൽ തുടരുന്നതിനാൽ സാമ്പത്തിക രംഗത്ത് വിലക്കയറ്റ ഭീതി രൂക്ഷമാണ്. വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ കനത്ത വിൽപ്പന സമ്മർദ്ദം സൃഷ്‌ടിക്കുകയാണ്. . ഇറാൻ യുദ്ധം ധനകാര്യ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം സൃഷ്‌ടിക്കുമെന്ന ആശങ്ക ശക്തമാണ്. ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന നയ രൂപീകരണ യോഗവും നിക്ഷേപകർ ഏറെ കരുതലോടെ കാത്തിരിക്കുന്നു. പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെങ്കിലും നയ സമീപനത്തിൽ പുതിയ സമീപനം റിസർവ് ബാങ്ക് സ്വീകരിച്ചേക്കും.
ഇന്ധന പ്രതിസന്ധി ശക്തം
ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് ഇടനാഴി ഒരു മാസമായി അടഞ്ഞു കിടക്കുന്നതിനാൽ ആഗോള സാമ്പത്തിക മേഖല കടുത്ത വിലക്കയറ്റ ഭീഷണിയിലാണ്. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വ്യാപാരം തടസപ്പെട്ടതിനാൽ കമ്പനികളുടെ ഉത്പാദന ചെലവേറുകയാണ്. മാർച്ച് മാസത്തിൽ എണ്ണവിലയിൽ 60 ശതമാനം വർദ്ധനയുണ്ട്. ക്രൂഡോയിൽ വില ഓരോ ഡോളർ കൂടുമ്പോഴും ഇന്ത്യയുടെ ഇറക്കുമതി ബിൽ 1,600 കോടി രൂപ ഉയരും.
പ്രധാന സംഭവ വികാസങ്ങൾ
1. പശ്ചിമേഷ്യയിലെ യുദ്ധ ചലനങ്ങൾ
2. ക്രൂഡോയിൽ വിലയിലെ മാറ്റം
3.ഇന്ത്യൻ രൂപയുടെ മൂല്യത്തിലെ വ്യത്യാസം
4. വിദേശ നിക്ഷേപകരുടെ പണമൊഴുക്ക്
5. റിസർവ് ബാങ്ക് ധന നയ തീരുമാനം
6. കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |