
കൊച്ചി: രാജ്യത്തിന്റെ സർവതോന്മുഖമായ പുരോഗതിക്ക് ഒറ്റക്കെട്ടായി പ്രയത്‌നിക്കണമെന്ന് ആർ.എസ്.എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവത്. ബാലഗോകുലം സുവർണജൂബിലി സമാപന പരിപാടിയായ സുവർണാമൃതത്തോട് അനുബന്ധിച്ചുള്ള ബാലനേതൃ ശിബിരം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ലവരായിരുന്നാൽ പോരാ, നന്മകൾ ദേശത്തിനുവേണ്ടി ഉപയോഗിക്കണം. ഒരുവ്യക്തിക്കും കുടുംബത്തിനും മാത്രമായി സുഖത്തോടെ ജീവിക്കാൻ സാധിക്കില്ല. രാജ്യം സുരക്ഷിതമാണെങ്കിലേ ജീവിതം സുഖകരമാകൂ, ശ്രീനാരായണ ഗുരുദേവനും സ്വാമി വിവേകാനന്ദനും ആർജിച്ച വ്യക്തിത്വവും കഴിവുമെല്ലാം സമൂഹത്തിനുവേണ്ടിയാണ് ചെലവഴിച്ചത്.
കാശ്മീരി ജനത സമ്പത്തിലും ബുദ്ധിശക്തിയിലും വളരെ മുന്നിലായിരുന്നു. എന്നാൽ, നാടിനെക്കുറിച്ച് ചിന്തിച്ചില്ല. അവസാനം പിറന്ന മണ്ണിൽനിന്ന് എല്ലാം ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നു. നല്ലവരായതുകൊണ്ടുമാത്രം കാര്യമില്ല, സമൂഹത്തിനുവേണ്ടി നിലനിൽക്കണമെന്നാണ് ഇത് പഠിപ്പിക്കുന്നത്. അഹങ്കാരമില്ലാതെ മറ്റുള്ളവരോട് ദ്വേഷമില്ലാതെ മുന്നോട്ടുപോകണമെന്നും പറഞ്ഞു.
സീമാജാഗരൺ മഞ്ച് അഖിലഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ സർസംഘചാലകിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ അദ്ധ്യക്ഷനായി. കരിയർ ഗുരു ഡോ. പി.ആർ. വെങ്കിട്ടരാമൻ, സ്വാഗതസംഘം ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, സംസ്ഥാന ഭഗിനിപ്രമുഖ സ്മിത വത്സലൻ, ബാലസമിതി സംസ്ഥാന അദ്ധ്യക്ഷ ശിവാന്യ എസ്.പ്രദീപ്, കോഴിക്കോട് ജില്ലാ കാര്യദർശി ആദികേശവൻ, ബാലഗോകുലം പൊതുകാര്യദർശി കെ.എൻ.സജികുമാർ, കാര്യദർശി വി.ജെ.രാജ്‌മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |