
തിരുവനന്തപുരം: സംസ്ഥാന രാഷ്‌ട്രീയത്തിലെ മൂന്ന് പ്രധാന മുന്നണികൾക്കും ഒരുപോലെ നോട്ടമുള്ള മണ്ഡലം. അടുത്തകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം അതുകൊണ്ട് സംസ്ഥാന നേതാക്കളായ വിഐപി സ്ഥാനാർത്ഥികളോ യുവാക്കളോ ഒക്കെയാണ് ഇവിടെ സ്ഥാനാർത്ഥികൾ. 2011ൽ മണ്ഡലം രൂപീകരിച്ച ശേഷം എൽഡിഎഫും യുഡിഎഫുമാണ് ഇവിടം നേടിയവർ. പക്ഷെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ജനവിധി ഒപ്പംനിന്നതുകൊണ്ടാണ് ബിജെപിക്ക് ജയസാദ്ധ്യതയുണ്ട് എന്ന് കൽപ്പിക്കുന്ന മണ്ഡലം. അതാണ് തലസ്ഥാന ജില്ലയിലെ പ്രധാന മണ്ഡലമായ വട്ടിയൂർക്കാവ്.
2021ലെ തിരഞ്ഞെടുപ്പിലും അതിനുമുൻപ് 2019ലെ ഉപതിരഞ്ഞെടുപ്പിലും വിജയിച്ച് മണ്ഡലത്തിലെ ജനപ്രതിനിധിയായത് തലസ്ഥാന നഗര കോർപറേഷനിലെ മുൻ മേയർ കൂടിയായ വി കെ പ്രശാന്ത് ആണ്. നിലവിൽ 1585 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ ആറ് വർഷങ്ങൾ കൊണ്ട് താൻ മണ്ഡലത്തിൽ നടത്തിയെന്ന് എംഎൽഎ വ്യക്തമാക്കുന്നു. വട്ടിയൂർക്കാവിലെ പ്രധാന പ്രശ്‌നമായ ഇടുങ്ങിയ റോഡുകൾക്കുള്ള പരിഹാരമായ വട്ടിയൂർക്കാവ് ജംഗ്‌ഷൻ അനുബന്ധ റോഡ് വികസനത്തിന് 531 കോടി, കിഫ്ബി വഴി വിവിധ പദ്ധതികൾക്ക് 1130 കോടി,ആസ്‌തി വികസന ഫണ്ട് വഴി 101 പദ്ധതികൾക്കായി 29.62 കോടി, വട്ടിയൂർക്കാവ് ജംഗ്‌ഷനിലെ വ്യാപാരികളുടെ പുനരധിവാസം 89 കോടി തുടങ്ങി നടപ്പിലാക്കിയതും നടപ്പിലാക്കുന്നതുമായി നിരവധി വികസന പദ്ധതികൾ എടുത്തു പറയാനുണ്ട്.
2014ലും 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന ഇടത് മുന്നണി ശക്തമായാണ് 2019ലെ ഉപതിരഞ്ഞെടുപ്പിൽ മടങ്ങിവന്നത്. 2019ൽ മണ്ഡലത്തിലെ അന്നുവരെയുള്ള സാമുദായിക സമവാക്യങ്ങളെയൊക്കെ തകർത്ത് വി കെ പ്രശാന്ത് 14,465 വോട്ടുകൾക്ക് കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ മോഹൻകുമാറിനെ തോൽപ്പിച്ച് മണ്ഡലം പിടിച്ചെടുത്തു. 2021ൽ ഇപ്പോഴത്തെ മേയർ ബിജെപിയുടെ വിവി രാജേഷിനെ 21,515 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തി.
2011ൽ മണ്ഡലം രൂപീകരിച്ചതുമുതൽ രണ്ട് തവണ വിജയിച്ച കെ മുരളീധരനാണ് ഇത്തവണ യുഡിഎഫിനായി രംഗത്ത്. 2021ൽ കോൺഗ്രസ് മൂന്നാമത് ആയിരുന്നു ഇവിടെയെങ്കിലും 2025ലെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വിവിധ വാർഡുകൾ പിടിച്ചെടുത്ത ആത്മവിശ്വാസം അവർക്കുണ്ട്. 2020ൽ മണ്ഡലത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് കോൺഗ്രസ് വിജയിച്ചതെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് 10 ആയി വർദ്ധിപ്പിച്ചു. ആ ആത്മവിശ്വാസവും ഇവിടെ മത്സരിച്ചപ്പോഴെല്ലാം ജയിച്ച വിശ്വാസവും മുരളീധരനുണ്ട്. ശബരിമല സ്വർണക്കൊള്ള, മണ്ഡലത്തിലെ ജലവിതരണ പ്രശ്‌നങ്ങൾ, റോഡുകളുടെ ശോച്യാവസ്ഥ തുടങ്ങി സംസ്ഥാന സർക്കാരിനും കോർപറേഷനും എതിരായ വിഷയങ്ങളുള്ളപ്പോൾ ജയിച്ചുകയറാനാകും എന്നുതന്നെയാണ് മുരളീധരന്റെ പ്രതീക്ഷ. 'രണ്ട് തവണ ഞാൻ വട്ടിയൂർക്കാവിൽ ജയിച്ചത് കൂലിക്ക് ആളെ കൊണ്ടുവന്നല്ല.' എന്ന പോസിറ്റീവ് ചിന്തയാണ് മുരളിക്ക്.
മുൻ ഡിജിപിയും ഇത്തവണത്തെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ശാസ്‌തമംഗലത്ത് നിന്നും വിജയിച്ചയാളുമായ ആർ ശ്രീലേഖയാണ് ബിജെപി സ്ഥാനാർത്ഥി. കൗൺസിലർ സ്ഥാനമേറ്റയുടൻ ശാസ്‌തമംഗലത്ത് എംഎൽഎ വി കെ പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിക്കുന്ന കോർപറേഷൻ കെട്ടിടത്തിന്റെ പേരിലുണ്ടായ അഭിപ്രായവ്യത്യാസം അന്ന് തലസ്ഥാനജില്ലയിൽ സിപിഎം-ബിജെപി തർക്കത്തിലേക്ക് വളർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ മണ്ഡലത്തിൽ ശ്രീലേഖ സ്ഥാനാർത്ഥിയായത്.

മണ്ഡലരൂപീകരണത്തിന് ശേഷം ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ ശക്തിയുണ്ടായിരുന്നില്ല. ഇന്നത്തെ മേയർ വിവി രാജേഷ് ആണ് 2011ൽ മത്സരിച്ചത്13000 വോട്ടുകളാണ് അന്ന് നേടിയത്. 2016ൽ കുമ്മനം രാജശേഖരന്റെ വരവോടെ വോട്ട് വിഹിതം കുതിച്ചുകയറി. 43,700 വോട്ട് നേടി പാർട്ടി രണ്ടാം സ്ഥാനത്തെത്തി. 2019ൽ എംഎൽഎ കെ മുരളീധരൻ വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇവരുടെ വോട്ട് വിഹിതം കുത്തനെ ഇടിഞ്ഞു. സ്ഥാനാർത്ഥിയായ എസ് സുരേഷ് 27,453 വോട്ടേ നേടിയുള്ളൂ. 2021ൽ വി വി രാജേഷ് വീണ്ടും മത്സരിച്ചപ്പോൾ 39,596 വോട്ടായി അത് വർദ്ധിപ്പിച്ചു. ഇത് വിജയമാക്കി മാറ്റുകയാണ് ഇത്തവണ ബിജെപിയുടെ ലക്ഷ്യം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലവും കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പ് ഫലവും ഇവരെ അതിന് മോഹിപ്പിക്കുന്നു.
അതേസമയം വോട്ടർമാരിൽ മൂന്ന് സ്ഥാനാർത്ഥികളെക്കുറിച്ചും അവരുടെ വിജയ സാദ്ധ്യതയെക്കുറിച്ചും വ്യത്യസ്‌തമായ പ്രതികരണമാണ്. നാളിന്നുവരെ ഇടതുപക്ഷത്തിന് വോട്ടുചെയ്‌തെന്നും എംഎൽഎ-കൗൺസിലർ വിവാദത്തിൽ തൃപ്‌തനല്ലെന്നും മണ്ഡലത്തിലെ ഓട്ടോ ഡ്രൈവറായ സനൽ കുമാർ പറയുന്നു. അതേസമയം പേരൂർക്കട സ്വദേശിയായ വിഷ്‌ണു മൂന്ന് സ്ഥാനാർത്ഥികളിലും തൃപ്‌തിയില്ലെന്ന് അറിയിച്ചു.
നഗരമദ്ധ്യത്തിലെ മണ്ഡലമായ വട്ടിയൂർക്കാവിൽ ബിജെപിക്ക് സ്വാധീനമുണ്ടെന്നാണ് മണികണ്‌ഠേശ്വരം സ്വദേശി അഖിൽ വ്യക്തമാക്കുന്നത്. മൂന്ന് സ്ഥാനാർത്ഥികളും മികച്ചവരാണ്. പക്ഷെ മണ്ഡലത്തിൽ നോക്കിയാൽ വട്ടിയൂർക്കാവ്, നെട്ടയം, വാഴോട്ടുകോണം, കൊടുങ്ങാനൂർ, കാഞ്ഞിരമ്പാറ, അമ്പലമുക്ക് അങ്ങനെ പ്രധാന പല വാർഡുകളും ഇക്കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി നേടി. മറ്റ് മുന്നണികൾക്ക് വേണ്ടി പ്രവർത്തകരെ കാണുന്നുണ്ടെങ്കിലും കെ മുരളീധരന് വേണ്ടി പ്രവർത്തനം കാണാനില്ല. അതിനാൽ മറ്റ് മുന്നണികൾക്ക് മുന്നിലെത്തുക പ്രയാസമാകും.
അതേസമയം ഇക്കഴിഞ്ഞ എസ്‌ഐആർ പരിഷ്‌കരണം വന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് കുറഞ്ഞ രണ്ടാമത് മണ്ഡലം വട്ടിയൂർക്കാവാണ്. 47647 പേർ കുറഞ്ഞ തിരുവനന്തപുരം കഴിഞ്ഞാൽ 42,580 വോട്ട് കുറഞ്ഞിട്ടുണ്ട് വട്ടിയൂർക്കാവിൽ. ഈ കണക്കുകളും ഇത്തവണത്തെ വിജയത്തെ സ്വാധീനിക്കുമെന്നാണ് വോട്ടർമാർ അഭിപ്രായപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |