SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.41 AM IST

ഇ.വി ചാർജിംഗിന് 335 സ്റ്റേഷനുകൾ

Increase Font Size Decrease Font Size Print Page
ss

ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഇന്ധനങ്ങൾക്കുപരിയായി സൂര്യനിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തിന് അമിത പ്രാധാന്യം കൈവന്നിരിക്കുന്ന കാലഘട്ടമാണിത്. ബദൽ ഊർജ്ജ മാർഗങ്ങൾ തേടേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിക്കുന്നതു കൂടിയാണ് പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധ പ്രതിസന്ധിയും. എണ്ണക്കപ്പലുകളുടെ ഗതിമാർഗങ്ങൾ തടയപ്പെടുന്നതിനെ ആശ്രയിച്ച് ഇന്ധന നിയന്ത്രണം ഏർപ്പെടുത്താൻ യുദ്ധത്തിൽ പങ്കാളികളല്ലാത്ത മറ്റു രാജ്യങ്ങളും നിർബന്ധിതമാകുന്നു. ഗൾഫിൽ നിന്നുള്ള പ്രകൃതി വാതക ഇറക്കുമതിയുടെ കുറവ് നമ്മുടെ നാട്ടിലെ ചെറുകിട ഹോട്ടലുകൾ വരെ അടച്ചുപൂട്ടാൻ ഇടയാക്കി. യുദ്ധം എന്ന് അവസാനിക്കുമെന്ന് ആർക്കും പ്രവചിക്കാനാവാത്ത രീതിയിൽ തുടരുന്നതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും ക്ഷാമവും ഉണ്ടാകാതിരിക്കാൻ വഴിയില്ല.

ഊർജ്ജാവശ്യങ്ങളിൽ ബദൽ മാർഗങ്ങളിലൂടെ സ്വയംപര്യാപ്തത നേടേണ്ടത് ഇന്ത്യയുടെ മുന്നോട്ടുള്ള സാമ്പത്തിക വളർച്ചയുടെ ഘട്ടത്തിൽ അതിപ്രധാനമാണ്.

പെട്രോൾ, ഡീസൽ വിലക്കയറ്റ പേടിയിലും ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കയിലും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ മാത്രം 19,711 ഇലക്ട്രിക് കാറുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തതെന്ന് പരിവാഹൻ പോർട്ടലിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2024 മാർച്ചിനേക്കാൾ 49 ശതമാനമാണ് വർദ്ധന. 2026 ജനുവരിയിൽ 19,322 കാറുകൾ വിറ്റതായിരുന്നു ഇതുവരെയുള്ള റെക്കാഡ്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്പനയും മുൻ വർഷത്തേക്കാൾ 36 ശതമാനം കൂടി 1,77,845 ആയി. 2025 ഒക്ടോബറിലെ 1,44,378 എന്ന റെക്കാഡാണ് മറികടന്നത്. കേരളത്തിൽ മാത്രം മാർച്ചിൽ നിരത്തിലെത്തിയത് 12,434 ഇലക്ട്രിക് വാഹനങ്ങളാണ്. കൂടുതൽ പേർ ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കാൻ വിമുഖരാകുന്നതിന് പ്രധാന കാരണം കേരളത്തിലെ ചാർജിംഗ് സ്റ്റേഷനുകളുടെ കുറവാണ്.

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ഇതിനൊരു പരിഹാരം കേരളത്തിൽ ഉണ്ടാവുകയാണ്. പ്രധാനമന്ത്രി ഇ - ഡ്രൈവ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 335 ഫാസ്റ്റ് ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പോകുന്നു. ഇതിനായി കെ.എസ്.ഇ.ബിക്ക് 63.12 കോടി രൂപയുടെ കേന്ദ്ര ഗ്രാന്റ് അനുവദിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കെ.എസ്.ഇ.ബി സമർപ്പിച്ച നിർദ്ദേശത്തിലാണ് തുക അനുവദിച്ചത്. ചാർജിംഗ് സ്റ്റേഷനുകൾ കെ.എസ്.ഇ.ബി സ്ഥാപിച്ച് പ്രവർത്തനസജ്ജമാക്കണം. ചാർജറുകളുടെ ലൊക്കേഷൻ, നിരക്ക്, ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യങ്ങൾ തുടങ്ങിയവ കേന്ദ്ര സർക്കാർ വികസിപ്പിക്കുന്ന 'നാഷണൽ യുണിഫൈഡ് ഹബ്" എന്ന ഓൺലൈൻ സംവിധാനവുമായി പങ്കുവയ്ക്കണം.

കെ.എസ്.ഇ.ബി എന്ന നോഡൽ ഏജൻസി നേരിട്ട് ചാർജറുകൾ സ്ഥാപിക്കുന്നതിനാൽ ഗ്രാന്റിന്റെ 70 ശതമാനമാണ് മുൻകൂട്ടി നൽകുന്നത്. ബാക്കി 30 ശതമാനം തുക,​ നിബന്ധനകൾ പാലിച്ചെന്ന് ഉറപ്പാക്കിയതിനു ശേഷമാവും നൽകുക.

കെ.എസ്.ഇ.ബിയുടെ നിലവിലുള്ള 63 ഫാസ്റ്റ് ചാർജിംഗ് കേന്ദ്രങ്ങളടക്കം പി.എം.ഇ - ഡ്രൈവിന്റെ ഭാഗമായി നവീകരിക്കും. നിലവിൽ എല്ലാ ഇ.വികളും കെ.എസ്.ഇ.ബിയുടെ സ്റ്റേഷനുകളിൽ ചാർജ് ചെയ്യാനാവില്ല. ഈ പ്രതിസന്ധിയും നവീകരണത്തോടെ പരിഹരിക്കപ്പെടും. ഇതിനായി അനുവദിക്കുന്ന തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും വക മാറ്റി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കരുതെന്നും കേന്ദ്രം ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. അതുപ്രകാരം തന്നെ ഈ തുക ചെലവഴിച്ചാൽ കേരളത്തിലെ ഇ.വി ചാർജിംഗ് സ്റ്റേഷനുകളുടെ കുറവ് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.