SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.09 AM IST

മാതൃകാപരമായ ശിക്ഷാവിധി

Increase Font Size Decrease Font Size Print Page

sathankulam-muder-case-

ഇന്ത്യയൊട്ടാകെ മനുഷ്യാവകാശ പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവമാണ് തൂത്തുക്കുടി സാത്താൻകുളം കസ്റ്റഡി മരണം. നിസ്സാരമായ കുറ്റത്തിന്റെ പേരിൽ കസ്റ്റഡിയിലായ അച്ഛനെയും മകനെയും തല്ലിക്കൊന്ന പൊലീസുകാരെ യൂണിഫോമിട്ട കൊടുംക്രിമിനലുകളായിത്തന്നെയാണ് തൂത്തുക്കുടിയിൽ പ്രതിഷേധിച്ച നാട്ടുകാർ അന്ന് വിശേഷിപ്പിച്ചത്. ഒടുവിൽ മധുര അഡിഷണൽ സെഷൻസ് കോടതിയും അതംഗീകരിച്ചുകൊണ്ട് ഒൻപത് പൊലീസുകാർക്കും വധശിക്ഷ വിധിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് പൊലീസ് സേനയ്ക്കാകമാനം നൽകുന്നതാണ് സുപ്രധാനമായ ഈ വിധി. ജനങ്ങളെ സംരക്ഷിക്കാനും ക്രമസമാധാനം പാലിക്കാനും ബാദ്ധ്യതയുള്ള പൊലീസുകാർ സംഘടിത കുറ്റവാളികളെപ്പോലെ പെരുമാറിയാൽ നിയമത്തിന്റെ നിർദ്ദയമായ ആഘാതം അവരും ഏറ്റുവാങ്ങേണ്ടിവരുമെന്ന് തെളിയിക്കുന്നതാണ് ഈ അപൂർവ വിധി.

2020-ൽ തൂത്തുക്കുടി ജില്ലയിലെ സാത്താൻകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊവിഡ് ലോക്‌ഡൗൺ കാലത്ത് നിശ്ചിത സമയം കഴിഞ്ഞ് മൊബൈൽ കടയടയ്ക്കാൻ 15 മിനിട്ട് താമസിച്ചതിന് അറസ്റ്റിലായ വ്യാപാരിയും, അയാളെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ മകനുമാണ് കസ്റ്റഡിയിൽ മരിച്ചത്. തുടക്കത്തിൽ പൊലീസ് ഇത് മൂടിവയ്ക്കാൻ ശ്രമിച്ചെങ്കിലും തൂത്തുക്കുടിയിലെ വ്യാപാരികളും നാട്ടുകാരും നടത്തിയ പ്രക്ഷോഭവും തുടർന്ന് രാഷ്ട്രീയ കക്ഷികളുടെയും നീതിപീഠങ്ങളുടെയും ഇടപെടലും കാരണമാണ് സാത്താൻകുളം കസ്റ്റഡി മരണം ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട കിരാത സംഭവമായി മാറിയത്. മൊബൈൽ കടയുടമ പി. ജയരാജ് എന്ന അമ്പത്തിയെട്ടുകാരനും മകൻ ജെ. ബെന്നിക്‌സ് എന്ന മുപ്പത്തിയൊന്നുകാരനുമാണ് പൊലീസുകാരുടെ ക്രൂരമർദ്ദനമേറ്റ് മരണമടഞ്ഞത്. മർദ്ദനത്തിനിടയിൽ ഇവരുടെ ശരീരത്തിൽ നിന്നൊഴുകി സ്റ്റേഷൻ നിലത്ത് പരന്ന ചോര ഇവരെക്കൊണ്ടുതന്നെ തുടപ്പിക്കുകയും മൃതപ്രായരായ ഇരുവർക്കും ചികിത്സ നിഷേധിക്കുകയും ചെയ്ത 'ക്രിമിനൽ സംഘ"ത്തിനാണ് മധുര കോടതി ഉചിതമായ ശിക്ഷ വിധിച്ചിരിക്കുന്നത്.

സംഭവസമയം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ കോൺസ്റ്റബിൾമാർ സമ്മർദ്ദങ്ങളെ അതിജീവിച്ച് പ്രതികൾക്കെതിരായി കോടതിയിൽ മൊഴി നൽകിയതും പരമാവധി ശിക്ഷ വിധിക്കാൻ ഇടയാക്കിയ കാരണങ്ങളിൽ ഒന്നാണ്. ശിക്ഷാവിധിക്കു മുമ്പ് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അഭിപ്രായം കോടതി ആരാഞ്ഞു എന്ന അപൂർവതയും ഈ കേസിനുണ്ട്. കസ്റ്റഡി മരണക്കേസിൽ കുറ്റവാളികളോട് വിവേചനമോ കരുണയോ പാടില്ലെന്ന നിലപാടാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ടത്. സബ് ഇൻസ്‌പെക്ടർമാരും ഹെഡ് കോൺസ്റ്റബിൾമാരും പൊലീസുകാരും ഉൾപ്പെടെ പത്തു പ്രതികളാണ് ഉണ്ടായിരുന്നത്. പത്താം പ്രതിയായ ഇൻസ്പെക്ടർ പോൾ ദുരൈ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണമാണ് ആദ്യം നടന്നത്. ഇത് പ്രതികളെ രക്ഷിക്കാനാണെന്ന് ആരോപിച്ച് വൻ പ്രക്ഷോഭം നടന്നതോടെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

കള്ളക്കേസ് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും ഇവർ ക്രൂരപീഡനങ്ങൾക്ക് ഇരയായെന്നും സി.ബി.ഐ കണ്ടെത്തി. കസ്റ്റഡിയിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും ചികിത്സ നൽകാതെ സബ് ജയിലിൽ റിമാൻഡ് ചെയ്യുകയായിരുന്നു. ജയിലിൽ കഴിയവെ ആരോഗ്യനില വഷളായ ഇവർ കോവിൽപ്പട്ടി സർക്കാർ ആശുപത്രിയിൽ ജൂൺ 22, 23 തീയതികളിലായി മരിച്ചു. ചോദ്യംചെയ്യലിനിടയിലല്ല മരിച്ചതെന്നും,​ ഹൃദയാഘാതവും ശ്വാസകോശ രോഗവുമാണ് മരണകാരണമെന്നും പ്രതികൾ വാദിച്ചെങ്കിലും കോടതി തള്ളിക്കളഞ്ഞു. ഭർത്താവിന്റെയും മകന്റെയും കസ്റ്റഡി മരണം സംബന്ധിച്ച കേസിൽ നീതിക്കായി,​ മരിച്ച കടയുടമ ജയരാജിന്റെ ഭാര്യ സെൽവറാണി നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലം കൂടിയാണ് ആറുവർഷം കഴിഞ്ഞുള്ള,​ മാതൃകാപരമായ ഈ വിധി. ഇന്ത്യയിലെ എല്ലാ പൊലീസ് ട്രെയിനിംഗ് കോളേജുകളിലും ഈ വിധി പാഠ്യവിഷയമാക്കേണ്ടതാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.