
മിസൈലുകളും ഡ്രോണുകളും ചീറിപ്പായുന്ന ഗൾഫിലെ ആകാശത്ത് തീപടരുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ആശങ്കയുടെ കരിമേഘങ്ങൾ. തീപിടിച്ച ആകാശത്തുനിന്ന് കത്തിവീഴുന്ന മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ അമേരിക്കയുടെ കരുത്താണെന്നു വാഴ്ത്താമെങ്കിലും നേർചിത്രങ്ങൾക്കൊരു മറുവശമുണ്ട്. കത്തിവീഴുന്ന ഓരോ ചെറുകഷണവും സമ്പദ് വ്യവസ്ഥയെ തകർക്കുന്നു.
സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ ഗൾഫിൽ എല്ലാ മേഖലയിലും പ്രകടം. ടൂറിസം മേഖല പൂർണമായും നിശ്ചലമായി. പല ഹോട്ടലുകളും അടച്ചതോടെ നൂറുകണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി. ചെറുകിട റസ്റ്റോറന്റുകളടക്കം പ്രതിസന്ധിയിലാണ്. പല സ്ഥാപനങ്ങളിലും ശമ്പളമില്ലാതെ അവധിയെടുക്കാൻ ജീവനക്കാർ നിർബന്ധിതരായി. ഒന്നോ രണ്ടോ മാസത്തിനകം ജോലിയിൽ തിരികെ പ്രവേശിക്കാമെന്നു പറയുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് ഇവർ പറയുന്നു. നാട്ടിലേക്ക് മടങ്ങിയാൽ തിരികെവരാനാകുമോ എന്ന ആശങ്കമൂലം ഇവർ തുടരുകയാണ്. വാടകയ്ക്കും വീട്ടുചെലവിനും വലിയൊരു സംഖ്യ വേണ്ടിവരുന്നു. വിമാനസർവീസുകൾ പൂർണതോതിൽ പുനരാരംഭിച്ചിട്ടില്ലെന്നു മാത്രമല്ല, യാത്രാനിരക്ക് കുതിച്ചുയരുകയാണ്.
കൊവിഡ് ലോക്ഡൗണിൽ ഫ്‌ളാറ്റുകളിൽ മറ്റ് ആശങ്കകളില്ലാതെ ഒതുങ്ങിക്കൂടാമായിരുന്നെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. മൊബൈൽ അലേർട്ടുകൾ കേട്ട് ഞെട്ടിയുണരുന്നു. ഡ്രോണോ, മിസൈലോ പതിക്കുമോയെന്ന ആശങ്കമൂലം ഉറങ്ങാൻ കഴിയുന്നില്ല. പച്ചക്കറിയടക്കമുള്ള സാധനങ്ങളുടെ വില കുതിച്ചുയർന്നു. സൂപ്പർമാർക്കറ്റുകളിലും ഗ്രോസറികളിലും കച്ചവടം കുത്തനെ കുറഞ്ഞു. ഗതാഗതമേഖല ഏറെക്കുറെ നിശ്ചലമായി. റോഡുകളിൽ 50 ശതമാനം വാഹനങ്ങൾ മാത്രം. പച്ചക്കറിയടക്കമുള്ള സാധനങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യേണ്ടിവരുന്ന ഗൾഫ് രാജ്യങ്ങൾ കനത്ത സാമ്പത്തിക വെല്ലുവിളിയാണ് നേരിടുന്നത്.
ഭൂരിഭാഗം സ്ഥാപനങ്ങളും ഓവർടൈം ഒഴിവാക്കി. പുതിയ നിയമനങ്ങളില്ല. പാർക്കുകളും ഉല്ലാസമേഖലകളും വിജനം. ആഘോഷപരിപാടികളും വ്യാപാരമേളകളും റദ്ദാക്കി. മാദ്ധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ളതിനാൽ യഥാർത്ഥ വിവരങ്ങൾ പുറത്തുവിടുന്നില്ല. യു.എ.ഇയിൽ കനത്തമഴയെ തുടർന്നുള്ള പ്രളയം ദുരന്തത്തിന്റെ ആഘാതംകൂട്ടി. ഷാർജയിലും വടക്കൻ എമിറേറ്റുകളിലും വെള്ളക്കെട്ടുമൂലം മലയാളികളടക്കമുള്ള താമസക്കാർ പുറത്തിറങ്ങാനാവാതെ ദിവസങ്ങളോളം ഫ്‌ളാറ്റുകളിൽ കുടുങ്ങി.
ആശങ്കയുടെ ആകാശം
മിസൈലോ ഡ്രോണോ വരുന്നുണ്ടോയെന്നറിയാൻ ആശങ്കയോടെ മുകളിലേക്കു നോക്കി നടക്കുന്നവർ, ആകാശത്ത് മിസൈലുകളും ഡ്രോണുകളും തകർക്കുന്ന ദൃശ്യങ്ങൾ, ശബ്ദങ്ങൾ, ജാഗ്രതാനിർദ്ദേശങ്ങൾ, തൊഴിലിലെ അനിശ്ചിതത്വം, വിലക്കയറ്റം എന്നിവ പ്രവാസികളുടെ സ്വസ്ഥത കെടുത്തുന്നു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ, സപ്തനക്ഷത്ര ഹോട്ടലായ ബുർജ് അൽ അറബ്, ദൃശ്യവിസ്മയമായ ദുബായ് ഫ്രെയിം, അബുദാബിയിലെയും ഫുജൈറയിലെയും എണ്ണസംഭരണ കേന്ദ്രങ്ങളടക്കമുള്ള തന്ത്രപ്രധാന മേഖലകൾ എന്നിവയ്ക്കു നേരെ ഇറാനിൽനിന്ന് ആക്രമണമുണ്ടായി. ചില കേന്ദ്രങ്ങൾക്ക് കേടുപാട് സംഭവിച്ചു. ഇതുമൂലം കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.
ആകാശയുദ്ധത്തിൽ ഇറാൻ പിന്നിലാണെങ്കിലും നാവികസേനയും കരസേനയും ശക്തമാണ്. പ്രത്യേക സായുധ വിഭാഗമായ റെവല്യൂഷണറി ഗാർഡിനെ കീഴടക്കുന്നതും എളുപ്പമല്ല. ചാവേർ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിൽ വൈദഗ്ദ്ധ്യം നേടിയവരാണ് ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ. സംഘർഷം തുടർന്നാൽ, ഗൾഫ് മേഖലയ്ക്കു കൂടുതൽ ഭീഷണിയായി കടലിനും തീപിടിക്കാൻ സാദ്ധ്യതയേറെയാണ്.
നാട്ടിൽ വന്നിട്ടെന്ത് കാര്യം!
കൊവിഡ് കാലത്തെ അനുഭവങ്ങൾ വേണ്ടുവോളം ഉള്ളതിനാൽ നാട്ടിലേക്ക് മടങ്ങാൻ ആർക്കും താത്പര്യമില്ല. വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവർക്ക് തൊഴിലവസരമൊരുക്കും എന്ന പ്രഖ്യാപനം കേട്ട് നാട്ടിലെത്തിയവർ ഏതാനും മാസങ്ങൾക്കകം ജോലിതേടി ഗൾഫിൽ മടങ്ങിയെത്തി. വർക്ക്‌ഷോപ്പ് തുടങ്ങാൻ വായ്പപോലും കിട്ടാതെ നിരാശരായി മടങ്ങിയവരുണ്ട്. കൊവിഡ് ഭീഷണി മാറിയതോടെ പഴയ സ്ഥാപനങ്ങൾ ഏറെ പേരെയും തിരിച്ചെടുത്ത് മനുഷ്യത്വം കാട്ടിയതിനാൽ നൂറുകണക്കിനു കുടുംബങ്ങൾ രക്ഷപ്പെട്ടു. മാനസിക സമ്മർദ്ദം മൂലം ജീവനൊടുക്കിയ മലയാളികളും കുറവല്ല.
ജോലിയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ചെലവ് ചുരുക്കി പിടിച്ചുനിൽക്കാൻ പലരും ശ്രമിക്കുന്നു. ഭക്ഷണത്തിലെ ആർഭാടം ഒഴിവാക്കി. യു.എ.ഇ, ഒമാൻ, കുവൈറ്റ്, സൗദി, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിൽ 90 ലക്ഷത്തിലധികം ഇന്ത്യയ്‌ക്കാരാണ് ജോലി ചെയ്യുന്നത്. യു.എ.ഇയിൽ മാത്രം 35 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇതിലേറെയും മലയാളികളാണ്.
എളുപ്പമല്ല,
നയതന്ത്രനീക്കം
ഗൾഫിൽ ഒമാൻ ഒഴികെയുള്ള രാജ്യങ്ങളുമായി ഇറാൻ പണ്ടേ അത്രനല്ല ബന്ധത്തിലല്ല. ഇറാൻ പിടിച്ചെടുത്ത തങ്ങളുടെ മൂന്നു ദ്വീപുകൾ തിരികെ തരണമെന്ന് കാലങ്ങളായി യു.എ.ഇ ആവശ്യപ്പെടുന്നു. മുൻ പ്രസിഡന്റ് അഹ്മദി നെജാദിന്റെ കാലത്ത് ഈ ദ്വീപുകളിൽ ഇറാൻ ഭരണനിർവഹണ കേന്ദ്രങ്ങളടക്കം നിർമ്മിച്ചത് ബന്ധം കൂടുതൽ വഷളാക്കി. പ്രശ്നപരിഹാരത്തിന് രാജ്യാന്തര ഇടപെടൽ ഉണ്ടായെങ്കിലും ഫലമുണ്ടായില്ല. ദ്വീപുകൾ വിട്ടുനൽകിയാൽ അവിടെ അമേരിക്കൻ താവളങ്ങൾ വരുമോയെന്ന ആശങ്ക ഇറാനുള്ളതായി രാജ്യാന്തര നിരീക്ഷകർ വിലയിരുത്തുന്നു.
ഹൂതി വിമതർ സൗദിയിലെ ദേശീയ എണ്ണ കമ്പനിയായ ആരാംകോയിലടക്കം ആക്രമണം നടത്തിയിരുന്നു. യു.എ.ഇയിലെ എണ്ണ കമ്പനിയായ അഡ്‌നോകിലും ആക്രമണമുണ്ടായിട്ടുണ്ട്. എന്നാൽ ഒമാനുമായി അന്നും ഇന്നും ഇറാന് നല്ലബന്ധമാണ്. ഒമാൻ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്, ഇപ്പോഴത്തെ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് എന്നിവർ പല രാജ്യാന്തര വിഷയങ്ങളിലും ഇടപെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സംഘർഷം ഒഴിവാക്കാനും ഇടപെട്ടിരുന്നു.
കൊഴുക്കുന്നു,
ആയുധ കച്ചവടം
നഷ്ടക്കണക്കുകൾക്കിടയിൽ ലാഭമുണ്ടാക്കിയ ഏക രാജ്യമാണ് അമേരിക്ക. രണ്ടുമാസത്തിനിടെ 200 കോടിയിലേറെ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ ഗൾഫ് രാജ്യങ്ങൾ വാങ്ങിയതായാണ് കണക്ക്. ആരോടും ആലോചിക്കാതെ യുദ്ധത്തിലേക്ക് എടുത്തുചാടിയ അമേരിക്കയോട് യൂറോപ്യൻ രാജ്യങ്ങൾ മുഖംതിരിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിൽ പങ്കാളികളാക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |