
അടുത്ത അഞ്ചുവർഷം കേരളം ആര് ഭരിക്കണമെന്ന് വിധിയെഴുതാൻ നമ്മൾ ബൂത്തുകളിലേക്കു നീങ്ങുന്ന ദിവസമാണിന്ന്. പരസ്യപ്രചാരണവും നിശബ്ദപ്രചാരണവും കഴിഞ്ഞപ്പോൾ നിശ്ചയിച്ചുറപ്പിച്ച മനസ്സുമായി മലയാളികൾ അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. രാഷ്ട്രീയമായി വളരെ പ്രബുദ്ധതയുള്ള ഒരു നാടായാണ് കേരളം പൊതുവെ വിളിക്കപ്പെടുന്നത്. ഇവിടെ പ്രായപൂർത്തി വോട്ടവകാശമുള്ള എല്ലാവർക്കും അവരുടേതായ രാഷ്ട്രീയാഭിപ്രായങ്ങളുണ്ട്. മലയാളികളുടെ സംഭാഷണങ്ങളിൽ ഏറിയ പങ്കും അപഹരിക്കുന്നത് വർഷങ്ങളായി രാഷ്ട്രീയം തന്നെയാണ്. പലരെയും ബന്ധിപ്പിക്കുന്ന രാഷ്ട്രീയം തന്നെ ചിലരെ അകറ്റിനിറുത്താനും ഉപയോഗിക്കപ്പെടുന്നു. ആബാലവൃദ്ധം ജനങ്ങളും മുഷിവില്ലാതെ സജീവമായി രാഷ്ട്രീയം പ്രധാന വിഷയമാക്കി, ചർച്ചയാക്കി, സംവാദമാക്കി, വിവാദങ്ങളാക്കി അഭിരമിക്കുന്ന നാട്ടിൽ ഏതു തിരഞ്ഞെടുപ്പും ഒരു വലിയ കെട്ടുകാഴ്ചയുടെയും ഉത്സവത്തിന്റെയും പ്രതീതി സൃഷ്ടിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
ചുവരെഴുത്തുകളിലൂടെ, ആകർഷണീയമായ പോസ്റ്ററുകളിലൂടെ, വർണവിളക്കുകളുടെ മിനുക്കത്തിൽ തിളങ്ങിനിൽക്കുന്ന ഫ്ളക്സുകളിലൂടെ, പ്രചാരണ വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുള്ള ശബ്ദഘോഷങ്ങളിലൂടെ, നേതാക്കളുടെ നിറഞ്ഞ ചിരികളിലൂടെ കഴിഞ്ഞ ഒരു മാസക്കാലം കേരളം ഒരുങ്ങുകയായിരുന്നു. ഇന്നത്തെ സ്വയംവരത്തിനായി പന്തലിൽ അണിഞ്ഞൊരുങ്ങി നില്ക്കുന്ന ഭൈമീകാമുകർ പലരുണ്ട്. പക്ഷേ, ആരുടെ കഴുത്തിലാവും വരണമാല്യം ചാർത്തപ്പെടുക എന്നത് ഇന്ന് സൂര്യാസ്തമയത്തോടെ നിർണയിക്കപ്പെടുമെങ്കിലും അതറിയാൻ ഒരു മാസത്തോളം വീണ്ടും കാത്തിരിക്കേണ്ടിവരും. വിഷു കഴിഞ്ഞേ കേരളത്തിൽ തിരഞ്ഞെടുപ്പ് ഉണ്ടാകൂ എന്നൊരു ധാരണയിലും പ്രതീക്ഷയിലുമായിരുന്നു കേരളത്തിലെ രാഷ്ട്രീയ മുന്നണികളും പ്രവർത്തകരും. തിരഞ്ഞെടുപ്പിനായി എല്ലാം സജ്ജമെന്ന് മൂന്ന് മുന്നണികളുടെ നേതൃത്വവും പ്രഖ്യാപിച്ചിരുന്നെങ്കിലും ഏപ്രിൽ 9-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
എന്നാൽ, തിരഞ്ഞെടുപ്പ് വിഷുവിനു മുമ്പ് വന്നതോടെ പ്രചാരണങ്ങൾക്ക് കുറഞ്ഞ സമയമാണ് ഇക്കുറി ലഭിച്ചത്. കിട്ടിയ സമയം പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പ്രചാരണങ്ങൾ നടന്നതും. അതിനാൽത്തന്നെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പൂർത്തിയാവും മുമ്പുതന്നെ പോസ്റ്ററുകളും മറ്റും അച്ചടിക്കേണ്ട അവസ്ഥയിലായിരുന്നു ചിലരെങ്കിലും. അങ്ങനെ അടിച്ചുവച്ച പോസ്റ്ററുകൾ, ഒടുവിൽ സീറ്റ് കിട്ടാതായപ്പോൾ നശിപ്പിക്കേണ്ട ഗതികേടും ചിലർക്കുണ്ടായി. പ്രചാരണത്തിന് ദിവസങ്ങൾ കുറഞ്ഞത് പൊതുവെ ആശ്വാസമായാണ് മുന്നണികൾ കണ്ടത്. ഓരോ ദിവസത്തെയും തിരഞ്ഞെടുപ്പ് ചെലവും വേനൽച്ചൂടിന്റെ കാഠിന്യവും കണക്കാക്കുമ്പോൾ ദിവസങ്ങൾ കുറഞ്ഞത് നന്നായെന്ന തോന്നലാണ് സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കുമുള്ളത്. ഞായറാഴ്ചയായിരുന്നു സ്ക്വാഡ് പ്രവർത്തനങ്ങളുടെ അവസാനം. അതിനകം തന്നെ നാലും അഞ്ചും തരം നോട്ടീസുകളും അഭ്യർത്ഥനകളും പ്രവർത്തകർ വീടുകളിൽ എത്തിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ കൊട്ടിക്കലാശവും മറ്റ് പ്രചാരണ പരിപാടികളും സമാപിച്ചു. തുടർന്ന് 48 മണിക്കൂർ നിശബ്ദ പ്രചാരണമായിരുന്നു. തിരഞ്ഞെടുപ്പ് സാമഗ്രികളുടെയും വോട്ടിംഗ് യന്ത്രത്തിന്റെയും വിതരണം ബുധനാഴ്ച വൈകിട്ടോടെ പൂർത്തിയായി.
ഇന്നു രാവിലെ ഏഴു മുതൽ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് വരിയിൽ നിൽക്കുന്നവർ വോട്ടിട്ട് തീരുന്നതുവരെ സമയം ദീർഘിപ്പിച്ചു നൽകും. കള്ളവോട്ട്, ആൾമാറാട്ടം ഉൾപ്പെടെയുള്ളവ തടയുന്നതിനായി ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ട് ചെയ്യാൻ ഇലക്‌ഷൻ ഐഡി ഇല്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി, ഫോട്ടോ പതിച്ച 11 അംഗീകൃത തിരിച്ചറിയൽ രേഖകളും ഉപയോഗിക്കാം. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇത്തവണ വിധിയെഴുതുന്നത് 2.72 കോടി വോട്ടർമാരാണ്- 1,32,20,811 പുരുഷന്മാരും 1,39,21,868 സ്‌ത്രീകളും. സ്ഥാനാർത്ഥികളിൽ സ്‌ത്രീകളുടെ എണ്ണം കുറവാണെങ്കിലും വോട്ടർമാരിൽ അവരുടെ എണ്ണമാണ് കൂടുതൽ; ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 273 പേരും. ഇതു കൂടാതെ സർവീസ് വോട്ടർമാർ കൂടി ചേരുമ്പോഴാണ് വോട്ടർമാർ 2,71,96,936 പേരാകുന്നത്. ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളമായി 30,471 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
അധികാരത്തിൽ ആര് വരുമെന്ന് പ്രവചിക്കാനാകില്ലെങ്കിലും, ഒന്നുകിൽ എൽ.ഡി.എഫ് അല്ലെങ്കിൽ യു.ഡി.എഫ് എന്നിവയിലൊന്നാകും ഭരണം പിടിക്കുക എന്നതിൽ സംശയിക്കേണ്ടതില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി നില മെച്ചപ്പെടുത്തി, സംസ്ഥാനം ആരു ഭരിക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്ന നിലയിലെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറവുകളും മുന്നണികളുടെ വിജയപരാജയങ്ങളെ സ്വാധീനിക്കാം. ഭരണം നിലനിറുത്തുക എന്നതു തന്നെയാണ് ഇടതുമുന്നണിയുടെ മുഖ്യലക്ഷ്യം. അതിന് 'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്" എന്ന മുദ്രാവാക്യമാണ് അവർ ഉയർത്തിയിരിക്കുന്നത്. പ്രചാരണത്തെ മുന്നിൽ നിന്നു നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. കേരളത്തിലെ ഒട്ടുമുക്കാലും നിയമസഭാ മണ്ഡലങ്ങളിലും അദ്ദേഹം പര്യടനം നടത്തുകയും ചെയ്തു. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും പ്രചാരണ രംഗത്ത് സജീവമായിരുന്നു.
പത്തുവർഷത്തെ ഇടതു ഭരണം അവസാനിപ്പിച്ച്, അധികാരം തിരിച്ചുപിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ് യു..ഡി.എഫ്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പ്രചാരണത്തിന്റെ മുൻനിരയിൽ അണിനിരന്നിരുന്നു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി. ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. 'കേരളം ജയിക്കും, യു.ഡി.എഫ് നയിക്കും" എന്നതായിരുന്നു അവരുടെ പ്രധാന മുദ്രാവാക്യം. എൻ.ഡി.എയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണയാണ് കേരളത്തിൽ വന്നത്. കേന്ദ്രമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി പ്രമുഖരായ ഒട്ടേറെ ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് പാർട്ടിയുടെ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 'മാറാത്തത് ഇനി മാറും" എന്നതാണ് അവരുടെ പ്രധാന പ്രചാരണ വാക്യം. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചതിന്റെ ആവേശവും എൻ.ഡി.എ മുന്നണിക്ക് കൂടുതൽ ഊർജ്ജം പകരുന്നു.
കേരളം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇന്ത്യയുടെ പൊതുവെയുള്ള സ്ഥിതിയും വ്യത്യസ്തമല്ല. പഴയതുപോലെ സംസാരിച്ച് സമയം കളയാനില്ല. ഏതു മുന്നണി അധികാരത്തിൽ വന്നാലും സംസ്ഥാനത്ത് ഒരു അതിവേഗ റെയിൽ പാത ആവശ്യമാണ്. ക്ഷേമ പെൻഷനുകൾ മുടങ്ങാതെ നൽകേണ്ടതും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുമൊക്കെ വരും ദിനങ്ങളിലെ ആവശ്യങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങൾ ആധുനിക രീതിയിൽ വികസിച്ചാൽ നിക്ഷേപം നടത്താൻ ആസ്തിയുള്ള മലയാളി വ്യവസായികളും ടെക്‌നോളജി വിദഗ്ദ്ധരും അക്കാഡമിക് പണ്ഡിതരും ശാസ്ത്രജ്ഞരുമൊക്കെ ലോകമൊട്ടാകെയുണ്ട്. കേരളം ആ നിലയിലേക്ക് വളർന്നാൽ അവരെല്ലാം സ്വന്തം നാടിന്റെ വികസനത്തിനായി ഒത്തൊരുമിക്കില്ലെന്ന് പറയാനാവില്ല. അത്തരമൊരു അന്തരീക്ഷ സൃഷ്ടിക്കാവണം അധികാരത്തിലെത്തുന്ന മുന്നണി അത്യധികം പ്രാധാന്യം നൽകേണ്ടത്. അതിനു പ്രാപ്തിയുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവസരമാണിത്. അത് ഫലപ്രദമായി ഓരോ വോട്ടറും വിനിയോഗിക്കുമെന്ന് കരുതാം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ- പ്രത്യേകിച്ച് ബംഗാളിലെയും മറ്റും തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും പ്രശ്നബാധിതമായ ബൂത്തുകൾ കുറഞ്ഞതും ഏറ്റവും സമാധാനപരമായി ഇലക്‌ഷൻ നടക്കുന്നതുമായ സംസ്ഥാനമാണ് കേരളം. വോട്ടെടുപ്പ് ദിവസം ഈ സമാധാനം അതേപോലെ കാത്തുസൂക്ഷിക്കപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |