SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.00 PM IST

പോരിനൊടുവിൽ പ്രളയം

Increase Font Size Decrease Font Size Print Page
s

രണ്ടായിരത്തി പതിനെട്ടിൽ ഉണ്ടായ പ്രളയം മനുഷ്യ നിർമ്മിതി ആണെന്ന ആരോപണത്തിന് തെളിവുകളുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ രംഗത്തു വന്നതോടെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാനം വിവാദത്തിൽ കലാശിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിയും മുൻ മന്ത്രി മാത്യു ടി. തോമസുമാണ് പ്രതിക്കൂട്ടിലായത്. വിവാദം മുതലാക്കാൻ കൊട്ടിക്കലാശ സമയത്ത് പ്രതിഷേധ ധർണയുമായി യു.ഡി.എഫ് വേറിട്ടു നിന്നു. തിരുവല്ലയിലും ആറൻമുളയിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രതിഷേധ ധർണ നടത്തി. തിരുവല്ലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മാത്യു ടിക്കെതിരായ വിവാദം മുതലാക്കാൻ യു.ഡി.എഫും എൻ.ഡി.എയും രംഗത്തിറങ്ങി. ജനം വിധിയെഴുതുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഉയർന്ന ആരോപണത്തെ തുടർന്ന് ഫലം എങ്ങനെ തിരിയുമെന്നാണ് ആകാംക്ഷ. എൽ.ഡി.എഫ് ക്യാമ്പിൽ ആശങ്കയും പുകയുന്നു. ആരോപണം സംസ്ഥാനമാകെ ചർച്ചയാക്കിയിരിക്കുകയാണ് യു,ഡി.എഫ്. പ്രളയത്തിൽ മുങ്ങിയ ആറൻമുളയിലും ആരോപണം ചർച്ചയായിട്ടുണ്ട്.

കുഴൽനാടന്റെ ആരോപണം

മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും മാത്യു ടി. തോമസിനുമെതിരെ ഗുരുതര ആരോപണമാണ് കുഴൽനാടൻ ഉന്നയിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018ൽ ഉണ്ടായ പ്രളയം സ്വകാര്യ വൈദ്യുതി നിർമ്മാണ കമ്പനിക്കു വേണ്ടിയായിരുന്നുവെന്നതാണ് ആരോപണം. അതിന് തെളിവായി മന്ത്രി കൃഷ്ണൻകുട്ടിയുടെ ഫോൺ ശബ്ദരേഖയാണ് കുഴൽനാടൻ പുറത്തുവിട്ടത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രളയത്തിന് കാരണം അന്ന് ജലവിഭവ മന്ത്രി കൂടിയായിരുന്ന മാത്യു ടി. തോമസ് ആണെന്നാണ് കെ. കൃഷ്ണൻകുട്ടിയുടെതായി പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നത്. മണിയാർ ഡാമിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് വൈദ്യുതി നിർമ്മിക്കുന്ന സ്വകാര്യ കമ്പനിക്കു കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ടി ഡാം തുറന്നു വിടുന്നത് വൈകിപ്പിച്ചത് മാത്യു ടി. തോമസ് ആണെന്നാണ് കൃഷ്ണൻകുട്ടിയുടെ പ്രധാന ആരോപണങ്ങളിലൊന്ന്.

ഒടുവിൽ, പാറകളും തടികളും ഒഴുകിയെത്തി വെള്ളം നിറഞ്ഞ ഡാമുകൾ അപകട ഭീഷണിയായതിനെ തുടർന്ന് തുറന്നുവിട്ടപ്പോൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മിന്നൽ പ്രളയമുണ്ടായി. വൻ നാശനഷ്ടമുണ്ടാവുകയായിരുന്നു. തന്റെ മണ്ഡലത്തിലെ ജനങ്ങൾ മുങ്ങിച്ചാകാൻ പോകുന്നതായി ചെങ്ങന്നൂരിലെ എം.എൽ.എ ആയിരുന്ന സജി ചെറിയാൻ നിലവിളിച്ചത് കേരളം ഇന്നും മറന്നിട്ടില്ല. പേമാരി കാലത്ത് തോട്ടപ്പള്ളി സ്പിൽവേ തുറന്ന് വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിനും മാത്യു ടി. തോമസ് തടസം നിന്നുവെന്നാണ് കുഴൽനാടന്റെ മറ്റൊരു ആരോപണം. സ്പിൽവേയ്ക്കു താഴെയുള്ള മണൽതിട്ടയിലെ കരിമണൽ ഖനനം ചെയ്യാൻ സ്വകാര്യ കമ്പനിയുമായി ഒത്തു കളിച്ചു കോടികൾ ലാഭമുണ്ടാക്കിയെന്ന് കുഴൽനാടൻ പുറത്തുവിട്ട കൃഷ്ണൻകുട്ടിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു.

വോട്ടർമാരെ സ്വാധീനിക്കുമോ

തനിക്കെതിരായ ആരോപണങ്ങൾ മാത്യു ടി. തോമസ് നിഷേധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യത്തിൽ എത്തി നിൽക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉയർന്നു വരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി അറിയാൻ അന്വേഷണം ഉടനെ നടക്കുന്ന കാര്യമല്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാരിന് കാര്യമായ അധികാരങ്ങളില്ല. അധികാരമുണ്ടായാൽത്തന്നെ ഇടതു സർക്കാർ അന്വേഷണം പ്രഖ്യപിക്കില്ലെന്നുറപ്പാണ്. ആരോപണങ്ങളെ തള്ളുകയേ പിണറായി സർക്കാർ ചെയ്യുകയുള്ളൂ.

സർക്കാരിനും എൽ.ഡി.എഫിനും എതിരെ ഉയർന്ന ആരോപണത്തോടെ പരസ്യ പ്രചാരണത്തിന്റെ അവസാന നാളുകളിൽ യു.ഡി.എഫിന് മേൽക്കൈ നേടാനായെന്നാണ് അവരുടെ അവകാശവാദം. എന്നാൽ, മാത്യു ടി. തോമസിനെതിരായ ആരോപണം തിരുവല്ലയിൽ ആർക്കു ഗുണം ചെയ്യുമെന്നതാണ് ഇപ്പോഴത്തെ ചർച്ച. യു.ഡി.എഫ് തിരുവല്ലയിൽ കൊട്ടിക്കലാശം ഒഴിവാക്കി ആ സമയത്ത് എം.എൽ.എക്കെതിരെ സത്യാഗ്രഹം നടത്തി. മാത്യു ടി. തോമസിനെതിരെ എൻ.ഡി.എ ശക്തായ പ്രതിഷേധം ഉയർത്തി. ഡാമുകൾ യഥാസമയം തുറക്കാതെ ജനങ്ങളെ പ്രളയത്തിൽ മുക്കിയതിന്റെ കാരണക്കാരൻ മാത്യു ടി.തോമസ് ആണെന്ന ആരോപണം വോട്ടർമാരിൽ എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് വോട്ടെണ്ണുമ്പോൾ അറിയാം. കുഴൽനാടന്റെ ആരോപണം ആറൻമുള മണ്ഡലത്തിലെ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. പ്രളയത്തിൽ വലിയ നാശനഷ്ടം നേരിട്ട സ്ഥലമാണ് ആറൻമുള.

പ്രളയം മനുഷ്യ നിർമ്മിതിയാണെന്ന് 2018ൽ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇതിനു തെളിവുകളില്ലെന്ന് പറഞ്ഞ് അന്നത്തെ പിണറായി സർക്കാർ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. എല്ലാവരും പ്രളയ രക്ഷാപ്രവർത്തനത്തിൽ ആയിര‌ുന്നതിനാൽ ആരോപണങ്ങളെ ഗൗരവത്തിൽ എടുത്തില്ല. പിന്നാലെ കൊവിഡ് വ്യാപിച്ചതിനാൽ സർക്കാരും ആരോഗ്യ പ്രവർത്തകരും പ്രതിപക്ഷവുമെല്ലാം കൊവിഡ് പ്രതിരോധത്തിലേക്ക് തിരിഞ്ഞു. പ്രളയം മനുഷ്യ നിർമ്മിതി ആണെന്ന ആരോപണം ജനം മറന്നു. എന്നാൽ, കഴിഞ്ഞ ദിവസം മാത്യു കുഴൽനാടൻ ശബ്ദരേഖ പുറത്തുവിട്ടതോടെ എൽ.ഡി.എഫ് പ്രതിരോധത്തിലായി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.