
തിരുവനന്തപുരം: 2018 പ്രളയം മനുഷ്യനിർമ്മിതമാണെന്ന് ആരോപണമുന്നയിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ട മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ശബ്ദസന്ദേശം ഒറിജിനൽ തന്നെയെന്ന് ജനതാദൾ മുൻ നേതാവ് ആർ.എസ് പ്രഭാത്. മന്ത്രി ആരോടാണ് ഇക്കാര്യം സംസാരിച്ചതെന്ന് ഇപ്പോൾ പറയാനാവില്ല. ശബ്ദരേഖയിലെ കാര്യങ്ങൾ കൃഷ്ണൻകുട്ടി തന്നോട് നേരിട്ട് സംസാരിച്ചപ്പോഴും പറഞ്ഞിട്ടുണ്ട്. ശബ്ദം 'എ.ഐ' ആണെങ്കിൽ അത് വ്യാജമാണെന്ന് തെളിയിക്കാൻ അപ്പോൾ തന്നെ മന്ത്രി പരാതി നൽകണമായിരുന്നു.
2018ലെ പ്രളയകാലത്ത് ഡാം മാനേജ്‌മെൻറിൽ വീഴ്ച പറ്റിയിട്ടില്ലെന്ന ഐ.ഐ.ടി റിപ്പോർട്ട് വിശ്വാസയോഗ്യമല്ല. ഐ.ഐ.ടി പഠന റിപ്പോർട്ട് തയ്യാറാക്കിയ അതേ ഉദ്യോഗസ്ഥൻ പിന്നീട് നടത്തിയ പഠനത്തിൽ അങ്ങനെ പറഞ്ഞിട്ടില്ല. കെ.പി. സുധീർ എന്നയാളാണ് ഐ.ഐ.ടിക്കുവേണ്ടി പഠനം നടത്തിയത്. റിപ്പോർട്ട് നൽകി നാല് മാസം കഴിഞ്ഞപ്പോൾ അദ്ദേഹം കേരള സയൻസ് ആൻറ്‌ടെക്‌നോളജിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി. സി.എ.ജിയുടെ ഇടപെടൽ വന്നതോടെ സുധീർകുമാർ വീണ്ടും പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കി. അതിൽ ഡാം മാനേജ്‌മെൻറിൽ വീഴ്ച പറ്റിയിട്ടില്ല എന്ന ഐ.ഐ.ടി പഠന റിപ്പോർട്ടിനെക്കുറിച്ച് പരാമർശിക്കുന്നില്ല. ഡാം മാനേജ്‌മെൻറിൽ ഇനി ഇതെല്ലാം ശ്രദ്ധിക്കണമെന്ന് പറയുന്നുമുണ്ട്. അതുവരെ അതൊന്നും ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് ഇതിനർത്ഥമെന്നും പ്രഭാത് പറഞ്ഞു. മാത്യുകുഴൽനാടൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രഭാതും പങ്കെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |