
ന്യൂഡൽഹി: കേരളത്തോടൊപ്പം ഇന്നലെ വോട്ടെടുപ്പ് നടന്ന അസാമിൽ മികച്ച പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 85.38% വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
126 അംഗ നിയമസഭയിൽ 722 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മുഖ്യമന്ത്രിയും ജലുക്ബാരിയിലെ സ്ഥാനാർത്ഥിയുമായ ഹിമന്ത ബിശ്വ ശർമ്മ, ഭാര്യ റിനികി ഭൂയാൻ ശർമ്മയ്‌ക്കൊപ്പം ഗുവാഹതിയിലെ കാമ്പൂരിൽ വോട്ട് ചെയ്തു. കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് തന്റെ മണ്ഡലമായ ജോർഹട്ടിലെ ഒരു ബൂത്തിലാണ് വോട്ടു ചെയ്‌തത്. അമ്മ ഡോളി ഗൊഗോയ്‌ക്കൊപ്പമാണെത്തിയത്.
കർബി ആംഗ്ളോംഗ് ജില്ലയിൽ വോട്ടെടുപ്പിനിടെ പോളിംഗ് സ്റ്റേഷനകത്തെ നടപടികളുടെ വീഡിയോ ചിത്രീകരിച്ചത് വിവാദമായി. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. കുറ്റക്കാർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് അസാം ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അറിയിച്ചു. തമുൽപൂരിൽ അക്രമം റിപ്പോർട്ട് ചെയ്‌തതായി ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ മേധാവി ഹഗ്രാമ മൊഹിലാരി ആരോപിച്ചു.
സോണിത്പൂർ ജില്ലയിൽ ഒരു പോളിംഗ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. നടുർ നിയോജകമണ്ഡലത്തിലെ സെക്കൻഡ് പോളിംഗ് ഓഫീസറായി നിയോഗിക്കപ്പെട്ട ഡെബെൻ ഹോറോയാണ് (45) മരിച്ചത്. മരണകാരണം അറിവായിട്ടില്ല.
പുതുച്ചേരിയിൽ റെക്കാഡ്
പോളിംഗ് 89.83%
നവവോട്ടർമാർ എത്തി
ടി.വി.കെ ഞെട്ടിച്ചേക്കും
പ്രത്യേക ലേഖകൻ
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ വോട്ടെടുപ്പിലെ ജനകീയ പങ്കാളിത്തം റെക്കാഡ് സൃഷ്ടിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷൻ രാത്രി 8.15 ന് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ 89.83% പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. അന്തിമകണക്കു വരുമ്പോൾ അത് 90 ശതമാനത്തിലേറെയാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നവ വോട്ടർമാർ കൂട്ടത്തോടെ സമ്മതിദാനാവകാശം വിനിയോഗിച്ചതാണ് ഈ നേട്ടുമുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ.
1963 ൽ കേന്ദ്രഭരണ പ്രദേശം നിലവിൽ വന്നശേഷം നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത് 2006ലായിരുന്നു. അന്നത്തെ വോട്ടിംഗ് ശതമാനം 86 ആയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 82.2% വോട്ടുകൾ പോൾ ചെയ്തു.
വിജയ്യുടെ ടി.വി.കെയുടെ ആദ്യ നിയമസഭാ പോരാട്ടം നടക്കുന്ന പുതുച്ചേരിയിൽ പുതിയ വോട്ടർമാർ വൻ തോതിൽ വോട്ടു ചെയ്യാനെത്തിയതാണ് വോട്ടിംഗ് ശതമാനം ഉയരാൻകാരണമെന്ന് സൂചന.
എൻ.ആർ. കോൺഗ്രസ് നയിക്കുന്ന എൻ.ഡി.എയും കോൺഗ്രസും ഡി.എം.കെയും ഉൾപ്പെടുന്ന 'ഇന്ത്യ'മുന്നണിയും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ടി.വി.കെ നിർണ്ണായക നേട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
30 മണ്ഡലങ്ങളാണ് പുതുച്ചേരിയിലിലുള്ളത്. പുതുച്ചേരി (23), കാരയ്ക്കൽ (അഞ്ച്), മാഹി (ഒന്ന്), യാനം (ഒന്ന്) എന്നിവിടങ്ങളിലായാണ് ഈ മണ്ഡലങ്ങൾ. ഇതിൽ പുതുച്ചേരിയിലെ മണ്ഡലങ്ങളിൽ 91% ആയിരുന്നു പോളിംഗ്. മേയ് 4 ന് ഫലം പ്രഖ്യാപിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |