
ഒരിക്കൽ ഒരു ധനികൻ ഒരു ക്ഷേത്രത്തിൽ ദർശനത്തിനെത്തി, പൂജാരിയുടെ കൈയ്യിൽ അയാൾ വലിയൊരു സംഖ്യ സംഭാവനയായി നൽകി. പൂജാരി ധനികനെ പ്രശംസിക്കുകയോ നന്ദി പറയുകയോ, ചെയ്തില്ല. ഇത്ര വലിയ തുക ഇതിനുമുമ്പ് മറ്റാരും അവിടെ സംഭാവന ചെയ്തിട്ടുണ്ടാവില്ലെന്നും മറ്റും ധനികൻ പറഞ്ഞു തുടങ്ങി. അയാളുടെ ആത്മപ്രശംസ കേട്ടിട്ടും കുറെ നേരം പൂജാരി നിശ്ശബ്ദനായിരുന്നു. എന്നിട്ടും നിർത്താൻ ഭാവമില്ലെന്നു കണ്ടപ്പോൾ പൂജാരി പറഞ്ഞു, 'എന്തിനിത്രയൊക്കെ പറയണം? ഈ സംഭാവനയ്ക്കു ഞാൻ നിങ്ങളോടു നന്ദി പറയണമെന്നാണോ കരുതുന്നത്? ' ഇത്ര വലിയ ദാനം നല്കിയാൽ ഒരു നന്ദി വാക്കെങ്കിലും പ്രതീക്ഷിക്കുന്നതിലെന്താണു തെറ്റ്? ധനികൻ ചോദിച്ചു.
പൂജാരി പറഞ്ഞു. 'ഈ തുക ഇവിടെ സ്വീകരിച്ചതിനു നിങ്ങളാണു നന്ദി പറയേണ്ടത്. ഈശ്വരന്റെ ധനം നിങ്ങൾ കൈയ്യടക്കി വച്ചിരിക്കുന്നതിന്റെ ചെറിയൊരംശം മാത്രമാണിത്. അഹംഭാവമില്ലാതെ ഇതു സമർപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ നിങ്ങൾ ഈശ്വരകൃപയ്ക്കു പാത്രമാകൂ. ഈശ്വരനെയും ഭക്തരെയും സേവിക്കാൻ ഒരവസരം ലഭിച്ചതിന് നിങ്ങൾക്കു നന്ദിയുണ്ടാവുകയാണ് വേണ്ടത്. അതിനു കഴിയില്ലെങ്കിൽ ഈ പണം മടക്കിക്കൊണ്ടു പോകുന്നതാണു നല്ലത്. ഒന്നും പറയാൻ കഴിയാതെ തലകുനിച്ചിരിക്കാൻ മാത്രമേ ധനികന് കഴിഞ്ഞുള്ളൂ.
വഴിപാടിന്റെയും ദാനത്തിന്റെയും സമർപ്പണത്തിന്റെയും ശരിയായ ആദർശം മിക്കവർക്കും അറിയില്ല.സമർപ്പിച്ചതിന്റെ പേരിൽ ആദരവും അംഗീകാരവും പ്രതിക്ഷിക്കാത്തവർ വിരളമായിരിക്കും. ഒന്നും പ്രതീക്ഷിക്കാതെയും ഞാനെന്നഭാവം ഇല്ലാതെയും സമർപ്പിക്കുമ്പോൾ മാത്രമാണ് സമർപ്പണത്തിന്റെ യഥാർത്ഥ ലക്ഷ്യം നിറവേറ്റപ്പെടുന്നത്. വലതു കൈ നൽകുന്നത് ഇടതു കൈ അറിയരുത് എന്ന് പറയാറുണ്ടല്ലോ. പലരും ക്ഷേത്രത്തിലോ പള്ളിയിലോ വല്ലതും സമർപ്പിക്കുന്നതുപോലും പ്രശസ്തിയും അംഗീകാരവും ആഗ്രഹിച്ചാണ്. ക്ഷേത്രത്തിൽ ട്യൂബ് ലൈറ്റ് സമർപ്പിച്ച് അതിന്റെ പുറത്ത് 'ഇന്നയാൾ' സമർപ്പിച്ചത് എന്നെഴുതിവെച്ച് അതിന്റെ പ്രകാശംകൂടി നഷ്ടപ്പെടുത്തുന്നവരുണ്ട്. താൻ സംഭാവന ചെയ്തത് പത്തു പേരറിയണമെന്നാണ് അവരുടെ ആഗ്രഹം. എല്ലാ മതങ്ങളും ദാനധർമ്മങ്ങൾക്കും നിസ്വാർത്ഥസേവനത്തിനും വലിയ പ്രാധാന്യം നല്കാറുണ്ട്. എന്നാൽ ഒന്നും പ്രതീക്ഷിക്കാതെ വേണം അങ്ങനെ ചെയ്യുവാൻ. അത്തരം ദാനവും സേവനവും മനസ്സിനെ പവിത്രീകരിച്ച് നമ്മളെ ഈശ്വരകൃപയ്ക്ക് അർഹരാക്കുന്നു. പ്രതീക്ഷയും ആഗ്രഹവും വെച്ചുള്ള കർമ്മം കൂലിവേലയ്ക്കു തുല്യമാണ്, അത് ആത്മശുദ്ധിയ്ക്ക് ഉപകരിക്കില്ല.
യാതൊന്നും ആഗ്രഹിക്കാതെ ഒരു കർമ്മം ചെയ്യുമ്പോൾ അത്രയും സമയം മനസ്സിൽനിന്ന് സ്വാർത്ഥഭാവം മാറിനിൽക്കുകയും, അതു ചിത്തശുദ്ധിക്കു കാരണമാകുകയും ചെയ്യുന്നു. എന്നാൽ പുണ്യമോ പ്രശസ്തിയോ പ്രത്യുപകാരമോ ആഗ്രഹിച്ചുകൊണ്ട് സേവനം ചെയ്യുമ്പോൾ ഞാൻ ഭാവം വളരുന്നു.സേവനത്തിന്റെ യഥാർത്ഥ ലക്ഷ്യം പരാജയപ്പെടുന്നു. നമ്മുടെ മനസ്സാണ് നമ്മൾ ഈശ്വരനു സമർപ്പിക്കേണ്ടത്. നമ്മുടെ മനസ്സ് ബന്ധിച്ചിരിക്കുന്നത് ഏതിനോടാണോ അതിനെ സമർപ്പിക്കുമ്പോൾ അത് മനസ്സ് സമർപ്പിക്കുന്നതിനു തുല്യമാണ്. വാസ്തവത്തിൽ നമുക്ക് സ്വന്തമായി ഒന്നുമില്ല. എല്ലാം ഈശ്വരന്റെതാണ്. സേവനം ചെയ്യാനുള്ള കഴിവും അവസരവും തന്നതിന് നമ്മൾ അവിടുത്തോട് നന്ദിയുള്ളവരായിരിക്കണം. നമ്മുടെ ശരീരമനോബുദ്ധികൾ പോലും അവിടുത്തെ ദാനമാണെന്നു ബോധിച്ചാൽ പിന്നെ അഹന്തയും സ്വാർത്ഥതയും ഉണ്ടാവില്ല. അവ ഒഴിയുമ്പോൾ നമ്മൾ ഈശ്വരസാക്ഷാത്കാരത്തിലേക്ക് അടുക്കുകയും ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |