SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.54 AM IST

പേടിക്കഥയുടെ പ്രേതഗ്രാമം

Increase Font Size Decrease Font Size Print Page
s

ഒരൊറ്റ രാത്രികൊണ്ട് ഒരു ഗ്രാമമൊന്നാകെ വീടുകളൊഴിഞ്ഞു പോയി! ഗ്രാമമുഖ്യൻ ഉൾപ്പെടെ നൂറ്റി അറുപത്തിമൂന്ന് വീട്ടുകാർ! തങ്ങളുടെ പ്രിയ്യപ്പെട്ടതെല്ലാം ഉപേക്ഷിച്ച്,​ ശാപവാക്കുകളുതിർത്തു കൊണ്ട്,​ അതീവ ദുഃഖത്തോടെ,​ അജ്ഞാതമായ ഏതോ ഇടത്തേയ്ക്ക്... അവർ എങ്ങോട്ടാണ് അപ്രത്യക്ഷരായതെന്ന കാര്യം ഇന്നും ദുരൂഹമായി തുടരുന്നു! അതിനു ശേഷം ആ ഗ്രാമം മനുഷ്യവാസമില്ലാത്ത,​ പ്രേതസാന്നിദ്ധ്യമുള്ളൊരു തുരുത്തായി മാറി. രാജസ്ഥാനിലെ ജയ്സാൽമേർ ജില്ലയിലെ കുൽധാര എന്ന ഗ്രാമത്തെക്കുറിച്ചാണ് ഈ 'പ്രേതവിശേഷം."

ജയ്സാൽമേറിലെ ടൂർ ഗൈഡ് അക്രം ഖാനോട് ദൂരൂഹതകൾ ചൂഴ്ന്നു നിൽക്കുന്ന കുൽധാര കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അയാൾക്കതിൽ വലിയ താത്പര്യമൊന്നും കണ്ടില്ല. 'നമ്മുടെ ടൂർ പ്ലാനിൽ അത് ഉൾപ്പെട്ടിട്ടില്ലല്ലോ" എന്നൊരു മറുവാദമാണ് അയാൾ ഉന്നയിച്ചത്. എന്നാൽ നിരന്തരമായ നിർബന്ധത്തിനൊടുവിൽ അയാൾ അതിന് സമ്മതിക്കുകയായിരുന്നു.

പിറ്റേന്ന് അക്രം ഖാന്റെ ഹീറോ ഹോണ്ട ബൈക്കിനു പിന്നിൽക്കയറി കുൽധാരയിലേക്കു തിരിക്കുമ്പോൾ സായാഹ്നത്തോടടുത്തിരുന്നു. ജയ്സാൽമേർ നഗരത്തിൽ നിന്ന് പടിഞ്ഞാറ് ദിശയിൽ ഇന്ത്യാ - പാക് അതിർത്തിയിലേക്കു പോകുന്ന റോഡിലൂടെ പതിനേഴ് കിലോമീറ്റർ സഞ്ചരിച്ചാൽ കുൽധാരയിലെത്താം. നഗരത്തിളപ്പുകൾ പിന്നിട്ട് ബൈക്ക് മരുഭൂമിയിലേക്ക് കടന്നപ്പോൾത്തന്നെ പ്രകൃതിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഹരിതാഭ മാഞ്ഞ്,​ വരണ്ട നിറം വാരിയണിഞ്ഞ ഭൂമി. കുറ്റിമുൾച്ചെടിക്കൂട്ടങ്ങൾ അങ്ങിങ്ങായി മുരടിച്ച് മുഖം കൂമ്പി നിൽപ്പുണ്ട്. നോക്കെത്താ ദൂരം പരന്നുകിടക്കുന്ന മണൽക്കാടുകൾ. ഉഷ്ണക്കാറ്റിന്റെ കടുപ്പവും വർദ്ധിച്ചു.

എല്ലാംകൊണ്ടും ഒരു പ്രേതഭൂമിയിലേക്കുള്ള യാത്രയെ സാധൂകരിക്കുന്ന 'ആംബിയൻസ്" തന്നെ. പുരാവസ്തു വകുപ്പിന്റെ പൈതൃകപ്പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള കുൽധാരയുടെ കവാടത്തിൽ ബൈക്ക് ഒതുക്കിവച്ച് അക്രംഖാൻ ടിക്കറ്റെടുക്കാനായി കാവൽപ്പുരയിലേക്ക് നടന്നു. കാവൽപ്പുരയിൽ ഒരു ചൗക്കീദാരൊഴികെ മറ്റ് സ്റ്റാഫുകളെയൊന്നും കണ്ടില്ല. അയാളാകട്ടെ ഒരു കസാരയിൽ തലകുമ്പിട്ട് ഇരിപ്പായിരുന്നു. ഇരുപതു രൂപയുടെ ടിക്കറ്റുമെടുത്ത് അക്രം ഖാൻ തിരികെ വന്നു. ഞങ്ങൾ ബൈക്കിൽ മുന്നോട്ട് ഗമിച്ചു. അര കിലോമീറ്റർ കടന്നപ്പാൾത്തന്നെ കുറ്റിമുൾച്ചെടികൾക്കിടയിൽ പതിഞ്ഞുറങ്ങുന്ന പ്രാക്തന ഗ്രാമത്തിന്റെ ശേഷിപ്പുകൾ കണ്ടുതുടങ്ങി.

ചരിത്രവും

കെട്ടുകഥയും

പതിമൂന്നാം നൂറ്റാണ്ടിൽ പാകിസ്ഥാനിലെ പാലിയിൽ നിന്ന് മരുഭൂമി താണ്ടിയെത്തിയ പാലിവാൾ ബ്രാഹ്മണരാണ് കുൽധാര സ്ഥാപിച്ചതെന്നാണ് ചരിത്രം.1291 മുതൽ ഇവിടെ മനുഷ്യവാസം ആരംഭിച്ചത്രേ.1899-ൽ ലക്ഷ്മിചന്ദ് എന്നയാൾ എഴുതിയ 'തവാരിഖ് ഇ ജയ്സാൽമേർ" എന്ന ചരിത്ര ഗ്രന്ഥത്തിൽ ഇതേക്കുറിച്ചുള്ള പരാമർശമുണ്ട്.1815-ൽ ബ്രിട്ടീഷ് ഓഫീസറായ ജയിംസ് റ്റോഡ് ഈ ഗ്രാമത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമത്തിൽ എണ്ണൂറോളം കുടുംബങ്ങൾ വസിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുറിപ്പുകളിൽ കാണാം. വൈഷ്ണവ മത വിശ്വാസികളായിരുന്ന പാലിവാൾ ബ്രാഹ്മണർ ധൈര്യശാലികളും പ്രയത്നമതികളുമായിരുന്നു.

കൃഷിയും കച്ചവടവും ജീവിതോപാധിയായി സ്വീകരിച്ചിരുന്ന ഇവർ അത്യദ്ധ്വാനത്താൽ,​ ഊഷരമായിക്കിടന്ന ഈ മണലാരണ്യത്തെ ഫലഭൂയിഷ്ഠമായൊരു കാർഷിക ഗ്രാമമാക്കി മാറ്റിയെടുത്തു. കിഴക്കുഭാഗത്തു കൂടിയൊഴുകിയിരുന്ന കിക്നി നദിയുടെ സാന്നിദ്ധ്യം ഇതിനവർക്ക് തുണയേകി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ കുൽധാര അതിന്റെ സുവർണകാലം നിലനിർത്തി. എന്നാൽ ജയ്സാൽമേർ പ്രവിശ്യയുടെ പ്രധാനമന്ത്രിയായി രാജാ സലിംസിംഗ് അധികാരമേറ്റതോടേ ഈ ഗ്രാമത്തിന്റെ കഷ്ടകാലം തുടങ്ങി.

പ്രതികാരം,​

പലായനം

സ്ത്രീലമ്പടനായ സലിംസിംഗ് കുൽധാര ഗ്രാമ മുഖ്യന്റെ സുന്ദരിയായ മകളിൽ അനുരക്തനാവുകയും വിവാഹം കഴിച്ചു നൽകണമെന്ന് കൽപ്പിക്കുകയും ചെയ്തത്രേ. വൈഷ്ണവ മതക്കാരായ ഗ്രാമവാസികൾ അന്യമതക്കാരനായ സലിംസിംഗിന്റെ ഈ ആവശ്യം നിരസിക്കുകയാണുണ്ടായത്. ഇതിന് പ്രതികാരമെന്നോണം ഗ്രാമീണർക്കു മേൽ കടുത്ത നികുതികൾ ചുമത്തപ്പെട്ടു. എന്നിട്ടും അവർ വഴങ്ങുന്നില്ലെന്നു കണ്ട് ക്ഷുഭിതനായ സലിംസിംഗ് ഗ്രാമം സന്ദർശിക്കുകയും,​ അനന്തരഫലം തീക്ഷ്ണമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്നു രാത്രി തന്നെ ഗ്രാമവാസികൾ പ്രധാന ക്ഷേത്രത്തിൽ ഒത്തുകൂടി പലായനം ചെയ്യാനുള്ള തീരുമാനമെടുത്തു.

എല്ലാമെല്ലാം ഉപേക്ഷിച്ച് ആ ഗ്രാമമൊന്നാകെ അപ്രത്യക്ഷമായി. പോകും വഴി അവരൊരു ശാപവചനം കൂടി ചൊരിഞ്ഞുവത്രേ. ഒരിക്കലും ഈ ഗ്രാമത്തിൽ മനുഷ്യവാസം സാദ്ധ്യമാകാതിരിക്കട്ടെയെന്ന്. പിന്നീട് പലരും ഈ ഗ്രാമത്തിൽ വാസമുറപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രാത്രി കാലങ്ങളിൽ പലരും ഇവിടെ പ്രേതസാന്നിദ്ധ്യം അനുഭവിച്ചത്രേ. അങ്ങനെയാണ് കുൽധാര മരുക്കാട്ടിനുള്ളിൽ പുതഞ്ഞു പോയൊരു പ്രേത ഗ്രാമമായിത്തീർന്നത്. 2010-ൽ കുൽധാരയിലെ പ്രേതസാന്നിദ്ധ്യത്തെക്കുറിച്ച് പഠിക്കാനായി ഇന്ത്യൻ പാരാനോർമൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാെഫ. ഗൗരവ് തിവാരിയും സംഘവും ഇവിടത്തെ അമാനുഷിക പ്രവർത്തനങ്ങൾ നിരീക്ഷിച്ചിരുന്നു.

ഒരു രാത്രി ഗ്രാമത്തിൽ തങ്ങിയ പതിനെട്ടംഗ സംഘം ചലിക്കുന്ന നിഴലുകളെയും അമാനുഷികമായ ശബ്ദങ്ങളെയും നേരിട്ടതായി അവകാശപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്താലും മറ്റും വാസയോഗ്യമല്ലാതായി ഈ സ്ഥലം ഗ്രാമവാസികൾ ഉപേക്ഷിച്ചു എന്നൊരു കണ്ടെത്തലുമുണ്ട്. ഗ്രാമത്തിന് കിഴക്കുഭാഗത്തു കൂടി ഒഴുകിയിരുന്ന കിക്നി നദി വറ്റിവരണ്ടുപോയത് തങ്ങളുടെ വാദത്തിന് ഉപോൽബലകമായി ഇവർ ചൂണ്ടിക്കാട്ടുന്നു. കഥകൾ എന്തു തന്നെയായാലും തദ്ദേശീയർക്കിടയിൽ ഭീതിയുടെ ഒരു മരുദ്വീപായി ഒറ്റപ്പെട്ടുകിടക്കുന്നു ഇന്ന് ഈ ഗ്രാമം.

ഗ്രാമത്തിന്റെ

ശേഷിപ്പുകൾ

ബൈക്ക് ഒതുക്കി വച്ചിട്ട് ഞങ്ങൾ കുൽധാരയുടെ ഹൃദയം കാണാനിറങ്ങി.അല്പം പൊക്കമുള്ളാരു കൽക്കെട്ടിൽ കയറി നിന്ന് ഒരു വിഹഗ വീക്ഷണം നടത്തി. നിരനിരയായി അടുപ്പുകൾ കൂട്ടിയതുപോലെ നിരവധി വീടുകളുടെ ശേഷിപ്പുകൾ! കാലമേൽപ്പിച്ച താഡനങ്ങളാൽ മേൽക്കൂര നഷ്ടപ്പെട്ടു പോയിട്ടുണ്ട്,​ പലതിനും. മഴ ദൗർലഭ്യമുള്ള പ്രദേശമായതിനാലാകാം ചുവരുകൾക്കും തറയ്ക്കും വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ല. കുഴമണ്ണിൽ തീർത്ത കട്ടകൾ കൊണ്ടാണ് ഈ വീടുകളുടെ നിർമ്മാണം. കട്ടകൾക്കുള്ളിൽ വായുസഞ്ചാരത്തിനായി പ്രത്യേക അറകൾ ഒരുക്കിയിട്ടുണ്ട്. മരുഭൂമിയിലെ കടുത്ത ചൂടിൽ നിന്ന് വീടിന്റെ ഉൾവശം സംരക്ഷിക്കുന്നതിനാകണം,​ ഇത്. ചില വീടുകൾ ഒന്നാകെ നിലംപൊത്തിയിട്ടുണ്ട്.

ഓരോ വീടിനും വിശാലമായ വരാന്തയും നാലഞ്ചു മുറികളുമുണ്ട്. ഗ്രാമ മതിലിന്റെ ശിഷ്ടങ്ങൾ വടക്കും തെക്കും അതിരുകളിൽ ദർശിക്കാം.

പാലിവാൾ ബ്രാഹ്മണർ മികച്ച എൻജിനിയർമാരുമായിരുന്നു. ജലസേചനത്തിനായി അവർ കെട്ടിയ ചെറിയ അണക്കെട്ടുകളുടെ ശേഷിപ്പുകൾ ഇപ്പോഴും ഗ്രാമത്തിൽ കാണാം. പലയിടത്തായി കിണറുകളും കണ്ടു. നാന്നൂറ്റിപ്പത്തോളം കെട്ടിടാവശിഷ്ടങ്ങൾ ശേഷിക്കുന്നുണ്ടെന്ന് റോഡോരത്ത് സ്ഥാപിച്ചിരിക്കുന്ന പുരാവസ്തു വകുപ്പിന്റെ സൂചനാ ഫലകത്തിലുണ്ട്. ഗ്രാമത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി പരദേവതാ സ്ഥാനം കാണാം. ആർക്കിയോളജിക്കൽ വകുപ്പ് ഈ ക്ഷേത്രം പുനർനിർമ്മിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ തൂണുകളിൽ വിഷ്ണു, മഹിഷാസുര മർദ്ദിനി ശില്പങ്ങളും, ഗണപതിയുടെ ഉടഞ്ഞ ചില ശില്പങ്ങളും കണ്ടു. ധാരാളം സിനിമകൾക്ക് കുൽധാര പശ്ചാത്തലമായിട്ടുണ്ട്. സത്യജിത് റേയുടെ വിഖ്യാത ചലച്ചിത്രമായ 'സോണാർകെല്ല", 2011-ൽ പുറത്തിറങ്ങിയ 'ഏജന്റ് വിനോദ്", തമിഴ് സിനിമയായ 'തീരൻ അധികാരം ഒൺട്രു' തുടങ്ങിയവ അതിൽ ചിലതു മാത്രം.

വെയിൽ മാഞ്ഞു. സ്വർണ നിറത്തിൽ കുളിച്ചുനിന്ന കെട്ടിടാവശിഷ്ടങ്ങളിൽ ശോണിമ കുറുകി. ഇരുളിന്റെ കമ്പളമണിഞ്ഞ് കുൽധാര പ്രേതാത്മാക്കളെ വരവേൽക്കാനൊരുങ്ങിത്തുടങ്ങി. അക്രം ഖാൻ തിരികെപ്പോകാൻ തിടുക്കം കൂട്ടിക്കൊണ്ട് ബൈക്കിനരികിലേക്ക് നടന്നു. ''ചലോ സാഹബ്,​ അഭീ ഇധർ രുക്നാ ഠിക് നഹീ ഹൈ"" (ഇനിയിവിടെ തുടരുന്നത് പന്തിയല്ല,​ സാബ്). എന്നാൽ എനിക്ക് അവിടെ നിന്ന് മടങ്ങാൻ താല്പര്യമില്ലായിരുന്നു. കുൽധാരയുടെ രാത്രികാല ചിത്രങ്ങൾ കൂടി ആവാഹിക്കാൻ മനസു വെമ്പി. ഞാനയാളോട് ഒരു രാത്രി അവിടെ തങ്ങാനുള്ള ആഗ്രഹം വ്യക്തമാക്കി. ഒറ്റയ്ക്ക് കഴിഞ്ഞോളാമെന്നും രാവിലെ ബൈക്കുമായി വന്ന് കൂട്ടിയാൽ മതിയെന്നും അഭ്യർത്ഥിച്ചു. അപ്പോൾ അയാളുടെ മുഖത്തൊരു ജീർണിച്ച പുഞ്ചിരി വിടർന്നു.

അയാൾ പറഞ്ഞു തുടങ്ങി: 'നോക്കൂ സാഹബ്,​ ടൂർ അവസാനിക്കുന്നതുവരെ താങ്കളുടെ സംരക്ഷണം ടൂർ കമ്പനിയുടെ ഉത്തരവാദിത്വമാണ്, ഈ സ്ഥലം താങ്കൾ കരുതുന്നതു പോലെ സുരക്ഷിതമായ ഇടമല്ല. താങ്കളൊരു നാസ്തികനായിരിക്കാം. ഭൂതങ്ങളിൽ വിശ്വാസവുമില്ലായിരിക്കാം. പക്ഷേ ഇവിടത്തെ പൊത്തുകളിൽ കഴിയുന്ന സർപ്പങ്ങളും വിഷത്തേളുകളും വെറുതെ വിടുമെന്ന് താങ്കൾക്കുറപ്പുണ്ടോ? കാവൽക്കാരൻ പോലും രാത്രി ഇവിടെ തങ്ങാറില്ല; തിരികെപ്പോയേ മതിയാവൂ."

അയാളുടെ സ്വരം കാർക്കശ്യമാണ്ടു. എത്ര നിർബന്ധിച്ചിട്ടും എനിക്ക് അയാളുടെ മനസു മാറ്റാനായില്ല. അവസാനം മനസില്ലാമനസോടെയാണ് ബൈക്കിനു പിന്നിൽ കയറിയത്. കവാടത്തിലെത്തുമ്പോൾ കാവൽക്കാരൻ വയസൻ ഗേറ്റടച്ച് പോകാനുള്ള ഒരുക്കത്തിലായിരുന്നു. 'നിങ്ങൾ ഇതുവരെ മടങ്ങിയില്ലേ?" ആശ്ചര്യത്തോടും തെല്ലു ദേഷ്യത്തോടും ആരാഞ്ഞുകൊണ്ട് അയാൾ ഗേറ്റ് വീണ്ടും തുറന്നു തന്നു. തിരികെ ഹോട്ടൽ മുറിയിലെത്തിയപ്പോഴും മനസിൽ കുൽധാരയിലെ ദുരൂഹതകൾ തിളച്ചുകൊണ്ടിരുന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.