SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.07 AM IST

ജയിക്കുന്ന 'ജനതരംഗം'

Increase Font Size Decrease Font Size Print Page
ss

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനവുമായി ബന്ധപ്പെട്ട് ഇന്നലെ പ്രസിദ്ധീകരിച്ച മുഖ്യവാർത്തയ്ക്ക് ഞങ്ങൾ നല്കിയിരുന്ന ശീർഷകം 'ജനതരംഗം" എന്നാണ്. ഇതുവരെ ലഭ്യമായ കണക്കുകൾ അനുസരിച്ച് 78.27 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ വോട്ടെടുപ്പിൽ അക്ഷരാർത്ഥത്തിൽ ദൃശ്യമായത് ജനാധിപത്യത്തിന്റെ ആവേശതരംഗം തന്നെയാണ്. സർക്കാരിന് അനുകൂലമായൊരു വികസനതരംഗം ഉണ്ടാകുമെന്ന് ഇടതുമുന്നണിയും,​ ഭരണവിരുദ്ധ വികാരം ജ്വലിക്കുന്ന പ്രതിഷേധ തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷവും ആവർത്തിച്ച് പ്രഖ്യാപിച്ച പ്രചാരണ ഘോഷങ്ങൾക്കൊടുവിൽ, ഇതിൽ ഏതോ ഒരു ദിശയിലേക്ക് ശക്തമായ ജനതരംഗം ഉണ്ടായെന്ന് തീർച്ചപ്പെടുത്താവുന്ന മട്ടിലാണ്,​ പുറത്തുവരുന്ന കണക്കുകൾ. പോളിംഗ് ദിനത്തിൽ ആഞ്ഞുവീശിയ കാറ്റിന്റെ ദിശയറിയാൻ

ഇനിയും ആഴ്ചകൾ കാത്തിരിക്കണമെന്നിരിക്കെ, ഇപ്പോൾ ഉറപ്പായത് ഒന്നുമാത്രമാണ്: ജനാധിപത്യ പ്രക്രിയയിലുള്ള ജനവിശ്വാസത്തിന് ഒട്ടും ഇളക്കം തട്ടിയിട്ടില്ല. അതാണ് ഏറ്റവും ശുഭകരമായ സൂചനയും!

തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ ഇന്നലെ പുറത്തുവിട്ട പോളിംഗ് ശതമാനമാണ് നേരത്തേ പറഞ്ഞ 78.27 എന്നത്. കിറുകൃത്യമായ കണക്ക് ഒരുപക്ഷേ ഇന്നുമാത്രമേ പുറത്തുവരികയുള്ളൂ. ഈ തിരഞ്ഞെടുപ്പിലെ ആവേശകരവും അദ്ഭുതകരവുമായ ഒരു വസ്തുത,​ അതിലെ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തമാണ്. വോട്ടവകാശമുള്ള സ്ത്രീകളിൽ 81.19 ശതമാനം പേർ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ച്,​ തങ്ങളുടെ രാഷ്ട്രീയബോധവും സാമൂഹ്യ ഉത്തരവാദിത്വവും വെളിപ്പെടുത്തി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വനിതാ പങ്കാളിത്തമാണ് ഇത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 73.94 ശതമാനം വനിതാ വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് അഞ്ചുവർഷംകൊണ്ട് ഉണ്ടായ വർദ്ധനവിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുക. നിയമനിർമ്മാണ സഭകളിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാനുള്ള നടപടിക്രമങ്ങൾ പാർലമെന്റിൽ മുന്നേറുമ്പോൾ കേരളത്തിലെ വനിതകളുടെ ഈ ശക്തിപ്രഖ്യാപനത്തിന് ചരിത്രപരമായ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

'ജെൻസി" എന്ന് വിളിക്കപ്പെടുന്ന നവതലമുറയ്ക്ക് രാഷ്ട്രീയത്തിൽ പഴയ തലമുറയുടെയത്ര താത്പര്യമില്ലെന്നും,​ വളർന്നുവരുന്നത് അപകടകരമായ അരാഷ്ട്രീയതയാണെന്നും ആശങ്കപ്പെട്ട തലമുറയ്ക്ക് അവർ നല്കിയ യഥാർത്ഥ മറുപടിയാണ് പോളിംഗ് ദിത്തിൽ ബൂത്തുകളിൽ കണ്ട ജെൻസി നിര! സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും,​ ആ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുവാൻ കെല്പുള്ള പക്ഷം ഏതെന്നു നിശ്ചയിക്കുവാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും കാണിച്ച് ബാലറ്റ് മെഷീനിലൂടെ അവർ നല്കിയ 'മെസേജ്",​ ജനാധിപത്യത്തിന്റെ സുസ്ഥിരമായ നിലനില്പിനെക്കുറിച്ച് ആർക്കും സംശയം വേണ്ടെന്ന വലിയ സന്ദേശം കൂടിയാണ് നല്കുന്നത്. വോട്ടർപട്ടികയിൽ പേരു ചേർക്കുവാൻ യുവതലമുറ വൈമുഖ്യം കാട്ടുന്നതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് അവരെ ബോധവത്കരിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാൻ പ്രേരിപ്പിക്കുന്നതിനുമായി സംസ്ഥാന

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽകറുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളെ മനസുതുറന്ന് അഭിനന്ദിക്കാതെ വയ്യ.

കനത്ത ചൂടും,​ വിവാദങ്ങളിൽ മുങ്ങിയ രാഷ്ട്രീയ കാലാവസ്ഥയും ഒക്കെച്ചേർന്ന് ഇത്തവണ പോളിംഗ് ശതമാനം കുറയുമോ എന്നായിരുന്നു പൊതുവായ ആശങ്കയെങ്കിൽ,​ 2021-ൽ രേഖപ്പെടുത്തിയ 76 ശതമാനത്തെയും,​ അതിനു മുമ്പ് 2016-ൽ രേഖപ്പെടുത്തിയ 77.35 നെയും വാശിയോടെ മറികടക്കുന്നതാണ് ഇത്തവണത്തെ ഉയർന്ന പോളിംഗ് ശതമാനക്കണക്ക്. ന്യൂനപക്ഷ വോട്ടർമാർ കൂടുതലുള്ള മലബാർ മേഖലയിലാണ് ഇത്തവണ തെക്കൻ മേഖലയിലേതിനെക്കാൾ പോളിംഗ് കൂടുതൽ എന്നതും ശുഭകരമാണ്. തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തനങ്ങളിൽ നിന്ന് ഒരു വിശ്വാസത്തിന്റെയും പേരിൽ ആരും മാറിനില്ക്കുന്നില്ലെന്നു ബോദ്ധ്യമാകുന്നത് ജനാധിപത്യത്തിന്മേലുള്ള വിശ്വാസത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ്. രാഷ്ട്രീയ ജയങ്ങളെക്കാൾ എത്രയോ മടങ്ങ് മഹത്തരമാണ് ജനാധിപത്യ പ്രക്രിയയിലെ ഈ 'ജനതരംഗം!"

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.