
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനിയും മൂന്നാഴ്ച , ഭൂരിപക്ഷം ആർക്കെന്നതും നിശ്ചയമില്ല, എങ്കിലും കോൺഗ്രസ് മുഖ്യമന്ത്രിയെ ചൊല്ലി ചർച്ചകൾ സജീവമായി.തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പ് ഇത്തരത്തിൽ ചില ചർച്ചകൾ ഉയരുകയും ദേശീയ നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കുകയുമായിരുന്നു. പോളിംഗ് കഴിഞ്ഞതോടെ സംസ്ഥാനത്ത് യു.ഡി.എഫിന് മുൻതൂക്കം ലഭിക്കുമെന്ന പ്രചാരണം വന്നപ്പോഴാണ് വീണ്ടും 'മുഖ്യമന്ത്രി 'വിഷയമായത്.
എറണാകുളം ജില്ലയിൽ നിന്ന് മുഖ്യമന്ത്രി വരണമെന്ന ആഗ്രഹമുണ്ടെന്ന് ഡി.സി.സി പ്രസിഡന്റും സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കായംകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥി എം.ലിജു.മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്നോ എറണാകുളത്തു നിന്നോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നല്ല മെയ് വഴക്കത്തിലാണ് രമേശ് ചെന്നിത്തല മറുപടി പറഞ്ഞത്. ' മുഖ്യമന്ത്രി കേരളത്തിൽ നിന്നുണ്ടാവും ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും '.കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും അവിടെ ആർക്കും അഭിപ്രായം പറയാമെന്നുമായിരുന്നു, ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന കെ.സുധാകരന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ മറുപടി.
. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നുമുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പരാമർശവും ചർച്ചയാവുന്നുണ്ട്. പ്രശ്നങ്ങളില്ലാതെ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന നിർദ്ദേശവും കുഞ്ഞാലിക്കുട്ടി വച്ചിട്ടുണ്ട്.
യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വ്യക്തമാക്കി. ഇതിനിടെ പ്രതിപക്ഷ നേതാവിന്റെ വിക്കി പീഡിയ പേജിൽ ആരോ എഡിറ്റിംഗ് നടത്തി വി.ഡി.സതീശനെ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയുമാക്കി.എന്നാൽ പിന്നീടിത് പ്രതിപക്ഷ നേതാവെന്നാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |