
* ഷൂട്ടിംഗ് സെെറ്റിൽ വിലക്ക്
കൊച്ചി: യുവനടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 10 ദിവസമായി സബ് ജയിലിൽ റിമാൻഡിലായിരുന്ന രഞ്ജിത്ത് ഇന്നലെ ഉച്ചയോടെ പുറത്തിറങ്ങി. ഷൂട്ടിംഗ് ലൊക്കേഷനിൽ പോകുന്നതിൽ നിന്ന് രഞ്ജിത്തിനെ വിലക്കിയിട്ടുണ്ട്. തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാദ്ധ്യത കണക്കിലെടുത്താണിത്. എറണാകുളം ജില്ല വിടരുതെന്നും പാസ്പോർട്ട് കെട്ടി വയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾജാമ്യത്തിലുമാണ് വിട്ടയച്ചത്. അടുത്ത മൂന്നുമാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം,
നടി പരാതി നൽകിയതിൽ വന്ന കാലതാമസവും അറസ്റ്റ് നടപടിക്രമങ്ങളിലെ വീഴ്ചയും മുൻനിറുത്തിയാണ് പ്രതിഭാഗം അഭിഭാഷകൻ എസ്. രാജീവ് വാദിച്ചത്. അഭിനയം മോശമാണെന്ന് വിമർശിച്ചതിന്റെ വിരോധത്തിലുള്ള കള്ളക്കേസാണെന്നും ആരോപിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. രഞ്ജിത്തിന്റെ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി. പുതിയ തെളിവുകൾ ലഭിച്ചതിനാൽ വീണ്ടും കസ്റ്റഡിയിൽ വിടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. സിനിമാ ലൊക്കേഷനിലെ കാരവനിൽ വച്ച് കഴിഞ്ഞ ജനുവരി 30ന് രഞ്ജിത്ത് കടന്നു പിടിച്ചെന്നാണ് നടിയുടെ ആരോപണം. കൊച്ചി സിറ്റി പൊലീസ് മാർച്ച് 31ന് രഞ്ജിത്തിനെ തൊടുപുഴയ്ക്ക് സമീപം കാർ തടഞ്ഞു നിറുത്തി പിടി കൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |