
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ. എം.കെ. റാമും ഡോ. സംഗീത നമ്പ്യാരും തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. ഹർജി 22ന് പരിഗണിക്കും. ആത്മഹത്യാ പ്രേരണ,പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ ഇരുവരും വ്യത്യസ്ത അഭിഭാഷകർ മുഖേനയാണ് ഹർജി നൽകിയത്. റാം സംസ്ഥാനം വിട്ടെന്നാണ് വിവരം. ഇരുവർക്കുമായി ലുക്കൗട്ട് സർക്കുലർ ഉടൻ പുറത്തിറക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ആത്മഹത്യക്ക് ഇടയാക്കിയ സംഭവങ്ങളുടെ ചിത്രം മൂന്ന് ദിവസത്തിനുള്ളിൽ വ്യക്തമാക്കും. സഹപാഠികൾ ഉൾപ്പെടെ നിരവധി മൊഴികൾ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു.
മരണത്തിന് പിന്നിൽ
ലോൺ ആപ്പ്
നിതിൻ രാജിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ലോൺ ആപ്പ് ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്നും ഡോ. എം.കെ. റാമിന്റെയും ഡോ. സംഗീത നമ്പ്യാരുടെയും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്. ഏപ്രിൽ 10ന് രാവിലെ മുതൽ ഉച്ചവരെ നിതിൻ പ്രിൻസിപ്പലിന്റെ ചേംബറിലായിരുന്നു. ആ സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ല. നിതിനെ അവസാനം കണ്ടത് മാർച്ചിലാണ്. 17 വർഷമായി കോളേജിൽ അദ്ധ്യാപകനായ തനിക്ക് ജാതി പരാമർശം കൊണ്ട് വിദ്യാർത്ഥികളെ അധിക്ഷേപിക്കേണ്ട കാര്യമില്ലെന്നും റാം ഹർജിയിൽ ചൂണ്ടിക്കാട്ടി. സംഭവ ദിവസം താൻ മംഗലാപുരത്തായിരുന്നു. നിതിൻ തന്നോടും താൻ തിരിച്ചും സ്‌നേഹത്തോടെയാണ് പെരുമാറിയത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഏകപക്ഷീയമായി ചാർജ് ചെയ്ത കേസാണെന്നും സംഗീത ഹർജിയിലൂടെ ആരോപിച്ചു.
ദേശീയ ഡെന്റൽ
കമ്മിഷൻ രംഗത്ത്
നിതിൻ രാജിന്റെ മരണത്തിൽ ദേശീയ ഡെന്റൽ കമ്മിഷൻ പ്രിൻസിപ്പലിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ആരോഗ്യ സർവകലാശാലയുടെ പ്രത്യേക സംഘം ഇന്നലെ കോളേജിൽ തെളിവെടുപ്പ് നടത്തി. ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |