SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.03 AM IST

പാളങ്ങളിൽ വീണ പ്രണയപുഷ്പം

Increase Font Size Decrease Font Size Print Page
a

(കഴിഞ്ഞ ലക്കത്തിൽ നിന്ന് തുട‌ർച്ച)​

റയ്ൻ നദിക്കു കുറുകെ പാലം കടക്കുമ്പോൾ ലെനിൻ തീവണ്ടി ജാലകത്തിലൂടെ തീരത്തെ മുന്തിരിപ്പാടങ്ങളിലേക്കു നോക്കി. മുന്തിരിക്കുലകൾ പാകമായിത്തുടങ്ങിയിട്ടില്ല. ഒക്ടോബറിലാണ് വിളവെടുപ്പ്. നേരം നന്നേ വെളുത്തിട്ടും ക്രുപ്‌സ്‌കയ മയക്കത്തിൽത്തന്നെയായിരുന്നു. ഇനെസ ആകട്ടെ,​ പാലത്തിനു താഴെ നദിയുടെ ഒഴുക്കിലേക്ക് കണ്ണുനട്ടിരുന്നു. ക്രുപ്‌സ്കയ ഉണർന്നിട്ടില്ലെന്ന് ഉറപ്പു വരുത്തി ഇനെസ പറഞ്ഞു:

'മതത്തിൽ വിശ്വാസമില്ലെങ്കിലും ബൈബിൾ വായിച്ചിട്ടുണ്ട്. സഖാവും വായിച്ചിരിക്കുമല്ലോ. യെശയ്യാ പ്രവാചകന്റെ പുസ്തകം പറയുന്നുണ്ട്- എന്റെ പ്രിയന് ഏറ്റവും ഫലവത്തായൊരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. അവൻ അതിനു വേലി കെട്ടി. അതിലെ കല്ലുകൾ പെറുക്കിക്കളഞ്ഞു. അതിൽ നല്ലവക മുന്തിരിവള്ളി നട്ടു. നടുവിൽ ഒരു ഗോപുരം പണിതു. ഒരു ചക്കും ഇട്ടു. മുന്തിരി കായ്ക്കുമെന്ന് അവൻ കാത്തിരുന്നു. കായ്ച്ചതോ,​ കാട്ടുമുന്തിരിയത്രെ!"

ലെനിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തളിർത്തു: 'വിശ്വാസത്തെ മാറ്റിവച്ചിട്ട് ബൈബിൾ ഞാനും വായിക്കും. തോട്ടത്തിൽ അവസാനമെത്തിയ പണിക്കാരനും ആ ദിവസത്ത മുഴുവൻ കൂലിയും കിട്ടുന്ന സമത്വ സങ്കല്പത്തെക്കുറിച്ച് ക്രിസ്തു പറയുന്നുണ്ടല്ലോ (മത്തായി 20: 1- 16)​. ബൂർഷ്വാ ചൂഷകർ പണിക്കാരെക്കൊണ്ട് ഫലം വിളയിക്കുന്ന തോട്ടങ്ങളിൽ തൊഴിലാളിവർഗ സർവാധിപത്യത്തിന്റെ സുവിശേഷമാണ് എന്റെ മനസിൽ!"

ഇനെസയ്ക്ക് ചിരിക്കാതിരിക്കാനായില്ല: 'വേദപുസ്തകത്തിന്റെ സോഷ്യലിസ്റ്റ് വ്യാഖ്യാനം കൊള്ളാം. പെട്രോഗ്രാഡിൽ എത്തുമ്പോൾ സഖാവിനുള്ള പ്രസംഗത്തിൽ ഇതുകൂടി ചേർക്കട്ടെ?" ലെനിന്റെ ചുമലിൽ ചാരി മയക്കത്തിലായിരുന്ന ഭാര്യ ക്രുപ്സ്‌കയ ഉണർന്നത്,​ ബോൾഷെവിക്കുകളുടെ പാട്ടു കേട്ടാണ്! അപ്പോഴാണ് ലെനിനും അതു ശ്രദ്ധിച്ചത്. ഫ്ര‍ഞ്ച് വിപ്ളവഗാനങ്ങളാണ്! ജർമ്മനിയുടെ അതിർത്തിക്കകത്ത്,​ യുദ്ധത്തിൽ റഷ്യയ്ക്കൊപ്പം മറുപക്ഷത്തായ ഫ്രാൻസിന്റെ വിപ്ളവഗാനങ്ങൾ! അതേ കംപാർട്ട്മെന്റിലെ ജർമ്മൻ ഭടന്മാരെ പ്രകോപിപ്പിക്കാൻ റഷ്യൻ ബോൾഷെവിക്കുകളുടെ തന്ത്രം!

വിശന്നു ദഹിച്ചിരുന്ന വിപ്ളവകാരികളെ കൊതിപ്പിക്കുവാൻ തങ്ങളുടെ കൈയിൽ ആവോളം ഭക്ഷണപ്പൊതികളുണ്ടെന്നു കാണിച്ച്,​ അതെടുത്തു നീട്ടി ആർപ്പുവിളിച്ചിരുന്ന ജർമ്മൻ സൈനികരെ ചൊടിപ്പിക്കുവാൻ ബോൾഷെവിക്കുകളുടെ കൈവശം സ്വപ്നങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അപകടം മനസിലായെങ്കിലും ലെനിൻ അവരെ പിന്തിരിപ്പിക്കുവാനൊന്നും മുതിർന്നില്ല. പക്ഷേ,​ പെട്രോഗ്രാഡ് ട്രെയിൻ യാത്രയുടെ 'സംവിധായകൻ" ഫ്രിറ്റ്സ് പ്ളാറ്റന് അതു നോക്കിയിരിക്കാനാവില്ലല്ലോ. ട്രെയിൻ ഏതോ സ്റ്റേഷനിലേക്ക് അടുക്കുന്നു. തീവണ്ടിമുറിയുടെ ചതുരത്തിനകത്തു നിന്ന് ഫ്രഞ്ച് വിപ്ളവഗാനം പ്ളാറ്റ്ഫോമിലേക്ക് പാറിവീണാൽ?​

പല്ലുകടിച്ച് ലെനിനു നേരെ കുതിച്ചുവന്ന പ്ളാറ്റൻ ആ യാത്രയിൽ ആദ്യമായി 'ചോക്കുവര" മുറിച്ചുകടന്നു: 'മിസ്റ്റർ ലെനിൻ,​ നിങ്ങളുടെ സുഹൃത്തുക്കളോട് അതൊന്ന് നിർത്താൻ പറയുക. ഒരേ ട്രെയിനിൽ,​ ഒരേ മുറിയിലാണെങ്കിലും നിങ്ങൾ റഷ്യനും,​ ഞങ്ങൾ ജർമ്മനുമാണെന്ന് മറക്കരുത്." പക്ഷേ,​ പിന്നാക്കം തിരിഞ്ഞ് സഖാക്കളോട് കടുത്ത സ്വരത്തിൽ ലെനിൻ പറഞ്ഞത് ഇങ്ങനെ: 'സിഗരറ്റ് വലിക്കാതിരിക്കാൻ തീരെ പറ്റാത്തവർക്ക് ടോയ്‌ലറ്റിൽ പോയി പുകവലിക്കാം!"

ജ്വലിച്ചുനിന്ന പ്ളാറ്റനോട് ശാന്തസ്വരത്തിലായിരുന്നു ലെനിന്റെ ചോദ്യം: 'ഈ ട്രെയിൻ യാത്രയുടെ നിബന്ധനകളുടെ പട്ടികയിൽ പാട്ടു പാടരുതെന്ന് പറഞ്ഞിരുന്നുവോ,​ സുഹൃത്തേ?"​ പ്രശ്നമൊന്നുമില്ലാതെ ആ ചരിത്രയാത്ര പൂർത്തിയാക്കുവാൻ കാവൽ വേഷത്തിൽ നിന്ന പ്ളാറ്രന്റെ പുതിയ നിബന്ധന കേട്ട് ലെനിൻ പൊട്ടിച്ചിരിച്ചു- 'പാടാം; പക്ഷേ,​ അത് ഫ്രഞ്ച് ഭാഷയിലാകരുത്!"

വിലക്കുകളുടെ

പൊട്ടിച്ചിരി

സ്യൂറിഷിൽ നിന്ന് യാത്ര പുറപ്പെടും മുമ്പ് ഫ്രിറ്റ്സ് പ്ളാറ്റൻ മുന്നോട്ടുവച്ച നിബന്ധനകളൊന്നും ലെനിൻ മറന്നിരുന്നില്ല. നിബന്ധന ഒന്ന്: റഷ്യയിലേക്കു മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന മുഴുവൻ കുടിയേറ്റക്കാർക്കും,​ യുദ്ധത്തെക്കുറിച്ച് അവരുടെ നിലപാട് എന്തുതന്നെയായാലും ട്രെയിനിൽ പ്രവേശിക്കാം (പ്ളാറ്റൻ ഓരോ നിബന്ധന വായിക്കുമ്പോഴും 'സമ്മതം" എന്നറിയിച്ച് ലെനിൻ തലകുലുക്കിക്കൊണ്ടിരുന്നു. ഒപ്പം,​ മനസിൽ ഓരോ കമന്റും: അനുവദിച്ചില്ലെങ്കിൽ വലിയ നഷ്ടം ജർമ്മനിക്കാണ്,​ സുഹൃത്തേ)​

രണ്ട്: യാത്ര പുറപ്പെട്ടുകഴിഞ്ഞാൽ ഈ കോച്ചിലേക്ക് എന്റെ അനുമതിയില്ലാതെ പുറത്തുനിന്ന് ഒരാൾക്കും പ്രവേശനമുണ്ടാകില്ല (ലെനിന്റെ കമന്റ്: വന്നാലും നേരിടാൻ ഞങ്ങൾക്കറിയാം)​. നിബന്ധന മൂന്ന്: പാസ്‌പോർട്ടോ ലഗേജോ പരിശോധിക്കില്ല (പരിശോധിച്ചാലും ഒന്നും കിട്ടില്ല). നാലാമത് ഒരു നിബന്ധന കൂടി: കംപാർട്ട്മെന്റിൽ ബോൾഷെവിക്കുകളെയും ജർമ്മൻ സൈനികരെയും പകുത്ത് ഒരു വര വരയ്ക്കും. അതു മുറിച്ച് കടന്നുകൂടാ (പിന്നേ...! അതല്ലേ ബോൾഷെവിക്കുകൾക്കു പണി!)​

ഫ്രാങ്ക്ഫർട്ടിൽ കുറേനേരം വൈകിയതിനാൽ, സാസ്നിറ്റ്സിൽ നിന്ന് ട്രെല്ലബോർഗിലേക്കുള്ള ഫെറി (കടത്ത്)​ കിട്ടുമോ എന്നായി സംശയം. ലെനിന്റെ ആശങ്ക പ്ളാറ്റൻ അടുത്ത സ്റ്റേഷനിൽ അറിയിച്ചതോടെ യാത്രയ്ക്ക് വേഗം കൂടി. തീവണ്ടിയുടെ എൻജിൻ മുറിയിൽ,​ 'ഫയർ ബോക്സി"ലേക്ക് ജോലിക്കാർ വാശിയോടെ കൽക്കരി കോരിയിട്ടുകൊണ്ടിരുന്നു. ജാലകക്കാഴ്ചകളിലേക്ക് നോക്കിയിരുന്ന ക്രുപ്സ്ക‌യയ്ക്ക് സംശയം: 'പുറത്ത് സ്ത്രീകളെയും കുട്ടികളെയും മാത്രമേ കാണുന്നുള്ളൂവല്ലോ. ജർമ്മനിയിലെ പുരുഷന്മാരൊക്കെ എവിടെപ്പോയി?"​ ലെനിന്റെ മറുപടി ശാന്തമായിരുന്നു- 'എഴുന്നേറ്റുനില്ക്കുവാൻ ആരോഗ്യമുള്ള ആണുങ്ങളെല്ലാം യുദ്ധത്തിലാണ്,​ നദിയാ!"

ജർമ്മൻ റെയിൽ ഓഫീസിൽ നിന്ന് വഴിനീളെയുള്ള സ്റ്റേഷനുകളിലേക്കെല്ലാം അടിയന്തര സന്ദേശമെത്തി- പെട്രോഗ്രാഡ് ട്രെയിന് തടസംകൂടാതെ കടന്നുപോകുന്നതിനായി എല്ലാ തീവണ്ടികളും പിടിച്ചിടുക! അങ്ങനെ പിടിച്ചിട്ടവയുടെ കൂട്ടത്തിൽ ജർമ്മൻ കിരീടാവകാശി സഞ്ചരിച്ചിരുന്ന സ്വകാര്യ ട്രെയിൻ കൂടിയുണ്ടായിരുന്നത്രെ! അയാൾപോലും അറിഞ്ഞിരുന്നില്ല,​ സ്വന്തം രാജ്യവും വ്ളാഡിമിർ ലെനിനും ചേർന്നു മെനഞ്ഞെടുത്ത യുദ്ധതന്ത്രത്തിന്റെ ഭൂപടരഹസ്യം.

കാറ്റുപോലെ കടന്നുപോയ തീവണ്ടിയെക്കുറിച്ച് രാജകുമാരൻ പരിചാരകരോട് ചോദിക്കാതിരുന്നില്ല. എൻജിൻ ഡ്രൈവർ പറഞ്ഞ മറുപടി അവർ അദ്ദേഹത്തിനു കൈമാറി: 'യുദ്ധാവശ്യത്തിനുള്ള സ്ഫോടകവസ്തുക്കളുമായി പോകുന്ന ട്രെയിൻ ആണത്രേ!" കുറ്റം പറഞ്ഞുകൂടാ- വ്ളാഡിമിർ ഇല്യിച്ച് ഉല്യാനോവ് എന്നൊരു സ്ഫോടവസ്തു ആയിരുന്നല്ലോ ആ ട്രെയിനിൽ!

തിരക്കൈകൾ

പറഞ്ഞ കഥ

'ക്വീൻ വിക്ടോറിയ" എന്ന ചെറു കപ്പൽ ബാൾട്ടിക് തീരത്തെ സാസ്നിറ്റ്സിൽ കാത്തുകിടന്ന് വല്ലാതെ മുഷിഞ്ഞു. അവർ യാത്രചെയ്തുവന്ന തീവണ്ടി ബോഗി വേർപെടുത്തിയെടുത്ത്, യാത്രക്കാരെ സഹിതം അതിലേയ്ക്ക് കയറ്റുകയായിരുന്നു! തീവണ്ടിമുറിക്കുള്ളിൽ നിന്ന് ഡെക്കിലേക്ക് ആദ്യമിറങ്ങിയ ലെനിന്റെ ദേഹത്തേക്ക് ഒരു കൂറ്റൻ കടൽത്തിര വന്നു മറിഞ്ഞപ്പോൾ ഒരു സഖാവ് പറഞ്ഞു: 'റഷ്യയിൽ നിന്ന് ബാൾട്ടിക് സമുദ്രം കടന്ന് ഇതാ,​ വിപ്ളവത്തിന്റെ ആദ്യത്തെ തിരമാല ബോൾഷെവിക് നായകനെ ചുംബിച്ചിരിക്കുന്നു!" ലെനിൻ തിരുത്തി- 'അത് തിരയുടെ ചുംബനമല്ല സുഹൃത്തേ,​ റഷ്യയുടെ വിപ്ളവാഭിവാദ്യമാണ്!"

ബാൾട്ടിക് സമുദ്രം കടന്ന്,​ ട്രെല്ലബോർഗിൽ നിന്ന് മറ്റൊരു ട്രെയിനിൽ ആയിരം കിലോമീറ്ററിനപ്പുറം സ്വീഡൻ- ഫിൻലൻഡ് അതിർത്തിയും കടന്ന് ഹപ്പരാൻഡയിൽ എത്തുമ്പോഴേക്കും അഞ്ചു ദിവസം കഴിഞ്ഞിരുന്നു​. സ്വീഡനിൽ നിന്ന് റഷ്യൻ നിയന്ത്രണത്തിലുള്ള ഫിൻലൻഡിലേക്കുള്ള പ്രവേശനകവാടമായ ടൊർണിയോ ആണ് അടുത്ത നഗരം. പക്ഷേ,​ അതിന് മഞ്ഞുപാളികളായി ഉറഞ്ഞുകിടക്കുന്ന ടോൺ നദിക്കു മീതെ കുതിരകൾ വലിക്കുന്ന സ്ളെഡ്ജിൽ സഞ്ചരിക്കണം! എല്ലാവരും വിറയ്ക്കുന്ന വിരലുകളോടെ സ്ളെഡ്ജിന്റെ റിബൺ പിടിക്കുമ്പോൾ ലെനിന്റെ കൈകൾ മാത്രം വിറച്ചില്ല. 1600 കിലോമീറ്ററുകൾക്ക് അകലെ,​ പെട്രോഗ്രാഡിന്റെ തെരുവുകൾ തനിക്കായി മുദ്രാവാക്യം മുഴക്കുന്നതിന്റെ ഉഷ്ണതരംഗം,​ ആ ഹിമനദിയിലും അദ്ദേഹത്തിന്റെ ചോരക്കുഴലുകളെ ചൂടുപിടിപ്പിച്ചുകൊണ്ടിരുന്നു!

ഒടുവിൽ ഫിൻലൻഡ് അതിർത്തിയിൽ,​ ജർമ്മൻകാരനായ തനിക്ക് പ്രവേശിക്കാവുന്ന ദൂരത്തിന്റെ അങ്ങേയറ്റത്ത് കാലുറപ്പിച്ചു നിന്ന് ഫ്രിറ്റ്സ് പ്ളാറ്റൻ ലെനിന് കൈകൊടുത്തു: 'മിസ്റ്റർ ലെനിൻ,​ യുദ്ധത്തിൽ ജർമ്മനിയും റഷ്യയും രണ്ടുപക്ഷത്താണെങ്കിലും ഒരു കമ്മ്യൂണിസ്റ്ര് മനസുള്ളതുകൊണ്ട് താങ്കളെ ഞാൻ സഖാവേ എന്നു വിളിക്കുന്നു. എന്റെ യാത്ര ഇവിടെ അവസാനിക്കുകയാണ്. ഇവിടെ നിന്ന് പെട്രോഗ്രാഡിലേക്ക് (ഇന്നത്തെ സെന്റ് പീറ്റേഴ്സ്ബർഗ്)​ വീണ്ടും ട്രെയിനിലാണ് യാത്ര. സോഷ്യലിസ്റ്റ് വിപ്ളവം ജയിക്കട്ടെ; ലാൽ സലാം."

ഒന്നാം ലോകയുദ്ധത്തിലെ റഷ്യൻ അ‌ദ്ധ്യായത്തിന്റെയും,​ റഷ്യയുടെ തന്നെയും ശിരോരേഖ മാറ്റിവരച്ച ലെനിന്റെ തീവണ്ടിയാത്ര പെട്രോഗ്രാഡ് സ്റ്രേഷനിൽ അവസാനിക്കുമ്പോൾ,​ സ്യൂറിഷിൽ നിന്ന് ആ യാത്ര പുറപ്പെട്ടിട്ട് എട്ടാംദിവസമായിരുന്നു (1917 ഏപ്രിൽ 16). വിചാരിച്ചിരുന്നതിലും അല്പം വൈകിയിരുന്നു. റെയിൽവേ സ്റ്രേഷനു പുറത്ത് റഷ്യൻ ബോൾഷെവിക്കുകളുടെ സമുദ്രഗാനം പ്ളാറ്റ്ഫോമിൽ കേൾക്കാം. അഞ്ചാം നമ്പർ കോച്ചിലെ സീറ്റിൽ,​ അപ്പോൾ ഇനെസ അമാൻഡ് ഡയറിയിൽ സ്യൂറിഷിൽ നിന്നുള്ള യാത്രാക്കുറിപ്പിന് അവസാനവാക്യം എഴുതുകയായിരുന്നു:

'ഈ യാത്ര ഇങ്ങനെതന്നെയാണ് സമാപിക്കുകയെന്ന് അറിയാമായിരുന്നെങ്കിലും,​ ഇനെസ അമാ‌ൻഡ് എന്ന സ്ത്രീക്ക് നാല്പത്തിമൂന്നാം വയസിൽ ഇതൊരു സാധാരണ യാത്രയല്ല. എന്റെ സഖാവിനോടൊപ്പമുള്ള ഈ യാത്ര ഒരു സ്വപ്നത്തിന് ഒപ്പവും,​ അതേസമയം ഒരു സ്വപ്നത്തിലേക്കുമുള്ള യാത്രയാണ്. എനിക്കും സഖാവിനും ഒപ്പം ബോൾഷെവിക്കുകളിലെ എത്രലക്ഷം വിപ്ളവകാരികൾ ഇതേ സ്വപ്നം കാണുന്നുണ്ടെങ്കിലും എന്റെ സ്വപ്നത്തിന് ഒരു കൈവഴി കൂടിയുണ്ട്. അത് വ്ളാഡിമിർ ഇല്യിച്ച് ഉല്യാനോവ് എന്ന പുരുഷനിൽ നിന്ന് ആരംഭിക്കുകയും,​ അയാളിലൂടെ ഒഴുകി,​ അയാളിൽത്തന്നെ അവസാനിക്കുകയും ചെയ്യുന്നു. ലാൽസലാം,​ സഖാവേ!" (മൂന്നുവർഷം കൂടിയേ ഇനെസ പിന്നെ ജീവിച്ചിരുന്നുള്ളൂ.)​

ഒരു യാത്ര

തീരുമ്പോൾ

പെട്രോഗ്രാഡ് സ്റ്രേഷനു പുറത്ത് ബോൾഷെവിക് സമുദ്രം ഇരമ്പിക്കൊണ്ടിരുന്നു. ലെനിനും ഭാര്യ നദിയ ക്രുപ്‌സ്‌കയയ്ക്കും പിന്നാലെ,​ ഇനെസ പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങി. സ്വീകരിക്കാനെത്തിയ സഖാക്കൾ ലെനിനും നദിയയ്ക്കും വിപ്ളവാഭിവാദ്യം അർപ്പിക്കുമ്പോൾ ഇനെസയ്ക്ക് സങ്കടമേതും തോന്നിയില്ല. ആ ഇടംകൈ,​ കോട്ടിന്റെ പോക്കറ്റിലെ ഡയറിയിൽ,​ ഒരു സ്വപ്നത്തെ താലോലിക്കും പോലെ തഴുകിക്കൊണ്ടിരുന്നു. പതിനേഴ് വർഷങ്ങളായി മനസിൽക്കണ്ട രംഗം കൺമുന്നിൽ അലതല്ലുന്നതിനു സാക്ഷിയാകെ,​ വ്ളാഡിമിർ ലെനിൻ പെട്രോഗ്രാഡ് സ്റ്റേഷനു മുന്നിൽ നിന്ന് ആ പ്രസംഗം നടത്തി:

'സഹയാത്രികരേ,​ സഖാക്കളെ... നിങ്ങളെ ആവേശത്തോടെ അഭിവാദ്യം ചെയ്യുമ്പോൾത്തന്നെ,​ റഷ്യയിലെ താത്കാലിക സർക്കാരിന്റെ വാക്കുകളെ നിങ്ങൾ എത്രത്തോളം വിശ്വസിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. ആ മധുര വാഗ്ദാനങ്ങളെ വിശ്വസിക്കുന്നവരുണ്ടെങ്കിൽ,​ റഷ്യൻ ജനത എത്രത്തോളം വഞ്ചിക്കപ്പെട്ടിരിക്കുന്നുവോ അത്രത്തോളം തന്നെ നിങ്ങളും വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്നു പറയട്ടെ. സഹപ്രവർത്തകരേ,​ സഖാക്കളേ... തൊഴിലാളി വർഗം സമ്പൂർണ വിജയം നേടുംവരെ നമുക്ക് ഒരുമിച്ചുനിന്ന് ഒരു സോഷ്യലിസ്റ്റ് വിപ്ളവം നയിക്കേണ്ടതുണ്ട്. വിപ്ളവം ജയിക്കട്ടെ."

സ്റ്രേഷനു മുന്നിലെ ചെറിയ ചത്വരം ആൾക്കടലിന്റെ തിരതല്ലലേറ്റ് ഇടിഞ്ഞുവീഴുമെന്നു തോന്നി. കാത്തുകിടന്ന കാറിലേക്ക് കയറുന്നതിനു മുമ്പ് അദ്ദേഹത്തിന് ചെറിയൊരു പ്രസംഗം കൂടി നടത്തേണ്ടിവന്നു. എന്നിട്ടും. ആൾത്തിര മുറിച്ച് മുന്നോട്ടുനീങ്ങാനാവില്ലെന്നു വന്നപ്പോൾ തൊട്ടടുത്ത് ഒരുക്കിനിറുത്തിയിരുന്ന,​ സുരക്ഷാ കവചമുള്ള മറ്റൊരു കാറിലേക്കു മാറ്രേണ്ടിവന്നു,​യാത്ര. കവചിത വാഹനം വല്ലാത്തൊരു മുരൾച്ചയോടെ

അതിന്റെ ശൗര്യം കാണിച്ചതോടെ,​ മുന്നിൽ വഴി തെളിഞ്ഞു. വീടുകളിൽ നിന്ന് ഇടവഴികളിലേക്കും,​ ചെറിയ നിരത്തുകളിൽ നിന്ന് വലിയ തെരുവുകളിലേക്കും ആൾക്കൂട്ടം വള‌ർന്നുകൊണ്ടിരുന്നു.

ലെനിന്റെ കാർ,​ ബോൾഷെവിക് പാർട്ടിയുടെ സെന്റട്രൽ കമ്മിറ്റി ഓഫീസും 'പ്രവ്ദ" പത്രത്തിന്റെ എഡിറ്രോറിയൽ ഓഫീസുമുള്ള ക്ഷെസിൻസ്കയ മാൻഷനിൽ (kshesinskaya mansion) എത്തുന്നതിനു മുമ്പ് ലെനിന് പതിനഞ്ചിടത്ത് വാഹനം നിർത്തി പ്രസംഗിക്കേണ്ടിവന്നു! (ക്ഷെസിൻസ്കയ മാൻഷൻ ഇപ്പോൾ മ്യൂസിയം ഒഫ് പൊളിറ്റിക്കൽ ഹിസ്റ്ററി,​ സെന്റ് പീറ്റേഴ്സ്ബർഗ്)​. ക്ഷെസിൻസ്കയയുടെ ബാൽണിയിൽ നിന്നായിരുന്നു,​ പിന്നീട് പതിവായി ലെനിന്റെ സോഷ്യലിസ്റ്റ് പ്രസംഗങ്ങൾ. പിന്നെയും ആറു മാസങ്ങൾ വേണ്ടിവന്നു,​ റഷ്യയെ ചുവപ്പിച്ച മഹത്തായ ഒക്ടോബർ വിപ്ളവത്തിന്.

പ്രണയത്തിലെ

വിമതസ്വരം

വിപ്ളവാനന്തരവും നല്ല തിരക്കിലായിരുന്നു,​ ഇനെസ അമാൻ‌ഡ്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ,​ സ്ത്രീസമത്വത്തിനായി പ്രവർത്തിച്ചിരുന്ന സംഘടനയുടെ ആദ്യ ഡയറക്ടർ എന്ന നിലയിൽ യോഗങ്ങളും പ്രസംഗങ്ങളുമായി ഓടിനടക്കുമ്പോഴും,​ ലെനിൻ നയിച്ച ബോൾഷെവിക് സർക്കാർ ജർമ്മനിയുമായി സമാധാന കരാർ ഒപ്പുവച്ചതിന് (ബ്രസ്റ്റ്- ലിറ്റോവ്സ്ക് കരാർ,​ 1918 മാർച്ച്)​ എതിരെ പാർട്ടി യോഗങ്ങളിൽ ശബ്ദമുയർത്തുമ്പോഴും, 1920-ൽ കമ്മ്യൂണിസ്റ്റ് വനിതകളുടെ ആദ്യ രാജ്യാന്തര സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുംവരെയും ആ തിരക്കുകൾക്കെല്ലാമിടയിൽ ഇനെസ,​ മേശവലിപ്പിൽ നിന്ന് ചില രാത്രികളിൽ ആ പഴയ ഡയറിയെടുത്ത്,​ അതിന്റെ ആദ്യത്തെ താൾ വായിച്ചുകൊണ്ടിരുന്നു.

തിരക്കുകളും മാനസികസംഘ‌ർഷവും ചേർന്ന് ഇനെസയുടെ ആരോഗ്യം ക്ഷയിക്കുന്നതുകണ്ട് ലെനിൻ തന്നെയാണ് അവൾക്ക് കാക്കസസിലേക്ക് ഒരു അവധിക്കാലയാത്രയ്ക്ക് ഏർപ്പാടുകൾ ചെയ്തത്. കാക്കസസിനു മീതെ ഒരു മഹാവ്യാധിയുടെ അണുക്കൾ നിശബ്ദം ഇരുൾവിരിക്കുന്നത് ലെനിനും അറിഞ്ഞിരുന്നില്ല. 2020 സെപ്തംബർ ഇരുപത്തിനാലിന്,​ സഖാവിനായി ഡയറി മാത്രം ബാക്കിവച്ച് ഇനെസ മടങ്ങി. സർക്കാർ ബഹുമതികളോടെ അന്ത്യയാത്രാ ചടങ്ങുകൾ. മോസ്കോയിലെ റെഡ് സ്ക്വയറിൽ,​ ക്രെംലിൻ വാർ നെക്രോപൊളിസിൽ റഷ്യൻ ദേശീയഗാനത്തോടെ സംസ്കാരം. റഷ്യയിൽ ആ ബഹുമതി ലഭിക്കുന്ന ആദ്യ വനിതയായി,​ ഇനെസ അമാർഡ് എന്ന പെൺസഖാവ്. റയ്ൻ നദീതീരത്തെ മുന്തിരിപ്പാടങ്ങൾ അപ്പോൾ വിളഞ്ഞുതുടങ്ങിയിരുന്നു...


എല്ലാ തിരക്കുകളും ഒഴിഞ്ഞ്,​ ലെനിൻ ആ ഡയറി നിവർത്തി,​ അവസാനവാക്യം വായിച്ചു: 'ഇനെസ അമാൻഡ് എന്ന വിപ്ളവസ്വപ്നം വ്ളാഡിമിർ ഇല്യിച്ച് ഉല്യാനോവ് എന്ന പുരുഷനിൽ നിന്ന് ആരംഭിക്കുകയും,​ അയാളിലൂടെ ഒഴുകി,​ അയാളിൽത്തന്നെ അവസാനിക്കുകയും ചെയ്യുന്നു. ലാൽസലാം,​ സഖാവേ!"

(ലേഖകന്റെ ഫോൺ: 99461 08237)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.