
അഴിമതി അവസാനിപ്പിക്കാൻ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും, അഴിമതി നടത്തിയവരെ ജയിലിലടയ്ക്കുമെന്നുമൊക്കെ ഭരണാധികാരികൾ എപ്പോഴും വീരവാദം മുഴക്കാറുണ്ട്. എന്നാൽ പ്രവൃത്തിയിലേക്കു വരുമ്പോൾ ഇഷ്ടക്കാരെ സംരക്ഷിക്കാനും ശരിയായ അന്വേഷണത്തിനു തടസം സൃഷ്ടിക്കാനും ശ്രമിക്കുന്നതായാണ് പൊതുവെ കണ്ടുവരുന്നത് .അതിന് ഏറ്റവും ഒടുവിലത്തെ തെളിവാണ് കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സി.ബി.ഐ സമർപ്പിച്ച വിചാരണാനുമതി അപേക്ഷ നിഷേധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ സംഭവം. കോടതിനിർദ്ദേശം മറികടന്ന് അപേക്ഷ തള്ളിയ നടപടി പ്രഥമദൃഷ്ട്യാ കോടതിഅലക്ഷ്യമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ വ്യക്തമാക്കുകയായിരുന്നു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മേയ് 18ന് രാവിലെ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.
കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരൻ,
മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാനാണ് രാജ്യത്തെ പ്രധാന കുറ്റാന്വേഷണ ഏജൻസിയായ സി.ബി.ഐ അനുമതി തേടിയത്. പക്ഷെ മൂന്നാംവട്ടം സമർപ്പിച്ച അപേക്ഷയും സർക്കാർ തള്ളുകയായിരുന്നു. മേയ് 18ന് മുമ്പ് സി.ബി.ഐ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൊല്ലം സ്വദേശി കടകംപള്ളി മനോജ് സമർപ്പിച്ച കോടതിഅലക്ഷ്യ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കശുഅണ്ടി വികസന കോർപ്പറേഷൻ 2006 -2015 കാലയളവിൽ അസംസ്കൃത കശുഅണ്ടി ഇറക്കുമതി ചെയ്തതിലാണ് 80 കോടി രൂപയുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും ആരോപിക്കപ്പെട്ടത്.
എന്നാൽ കശുഅണ്ടി ഇറക്കുമതിയിലെ നടപടിക്രമങ്ങളിലെ പിഴവുകളും ഭരണപരമായ വീഴ്ചകളും മാത്രമാണെന്നായിരുന്നു വ്യവസായ വകുപ്പിന്റെ വിലയിരുത്തൽ . അഴിമതിയോ പദവി ദുരുപയോഗമോ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഓരോ തവണയും അപേക്ഷ തള്ളിയത്. സർക്കാർ നിലപാട് ന്യായീകരിക്കാനാകില്ലെന്നും സർക്കാരിന്റെ മുൻനിലപാടിനും കോടതിയുടെ വിലയിരുത്തലിനും വിരുദ്ധമാണിതെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരനേയും രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ വിമുഖത കാട്ടുകയാണെന്നും വിമർശിച്ചു.
വർഷങ്ങൾക്കുമുമ്പ് 80 കോടിയുടെ ക്രമക്കേട് നടന്ന വലിയ കുംഭകോണമാണിത്. പ്രതികൾ കുറ്റക്കാരാണെന്നതിനുള്ള തെളിവുകളുണ്ടായിട്ടും ഇവരെ വിചാരണയ്ക്ക് വിടാൻ സർക്കാർ മടികാട്ടുകയാണെന്നും, ഇത് കോടതി ഉത്തരവിന്റെ ബോധപൂർവമായ ലംഘനവും പൊതുതാത്പര്യത്തിന് എതിരാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.. പ്രോസിക്യൂഷൻ അനുമതി സർക്കാർ ആദ്യതവണ നിരസിച്ചപ്പോഴാണ് വാദി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവുപ്രകാരം 2016ലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.
പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടും, കോടതി വിമർശിച്ചിട്ടും അടുപ്പക്കാരെ
സംരക്ഷിക്കുന്ന സർക്കാർ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ഇതിൽ നിന്നെന്തെങ്കിലും പാഠം പഠിക്കാൻ സർക്കാർ തയ്യാറാവുമോ? കഴിഞ്ഞ പത്തുവർഷത്തിലധികമായി കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള അടവുകളാണ് സർക്കാർ നടത്തിയതെന്ന് ആർക്കാണ് മനസിലാകാത്തത്?.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |