SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.28 AM IST

തീച്ചൂടിൽ പാലക്കാട്

Increase Font Size Decrease Font Size Print Page
d

ഓരോ ദിവസവും കേരളം ചൂടിന്റെ കാര്യത്തിൽ റെക്കാഡ് തിരുത്തി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം 39.1 ഡിഗ്രിയായിരുന്നു പാലക്കാട്ടെ ഉയർന്ന താപനില. അടുത്ത രണ്ട് ദിവസങ്ങളിൽ നെല്ലറയിൽ പകൽ സമയങ്ങളിലെ ചൂട് 40 - 43 വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ യെല്ലോ അലേർട്ടാണ് ജില്ലയിൽ. ഇത് അടുത്ത 48 മണിക്കൂർ തുടരും. ചൂട് 40 ഡിഗ്രിയെന്ന് രേഖപ്പെടുത്തുന്നുണ്ടെങ്കിൽ അതനുസരിച്ച് ഭൂമിയിലെ ചൂട് ഉൾപ്പെടെ ശരീരത്തിൽ അനുഭവപ്പെടുക 46 ഡിഗ്രി (ഹീറ്റ് ഇൻഡക്സ്)യാണ്. വലിയ തോതിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നതിനാൽ വരും ദിവസങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്നാണു കാലാവസ്ഥാ ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പ്. കടുത്ത ചൂടിൽ ചിലയിടങ്ങളിൽ കാർമേഘ രൂപീകരണം നടക്കുന്നുണ്ടെങ്കിലും അന്തരീക്ഷ സമ്മർദ്ദം കാരണം മിക്കയിടത്തും പെയ്യുന്നില്ല. ഉഷ്ണത്തിന്റെ കാഠിന്യത്തിൽ പെയ്യുന്ന മഴ നേരിയ തോതിലാണ് ഭൂമിയിൽ പതിക്കുന്നത്. കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഉഷ്ണം വർദ്ധിച്ചു തുടങ്ങിയതിന്റെ സ്വാധീനവും വരുംദിവസങ്ങളിൽ അനുഭവപ്പെടും.

ഫെബ്രുവരി മാസം അവസാനിക്കും മുമ്പേ പാലക്കാട് വെന്തുരുകിയിരുന്നു. മാർച്ചിലും ഏപ്രിലിലും അതേ അവസ്ഥ തുടരുകയാണ്. വരുംദിവസങ്ങളിൽ ഇടമഴ ലഭിച്ചില്ലെങ്കിൽ ചൂട് 40 - 43 ഡിഗ്രിയിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ പാലക്കാട്ടുകാർ ശരിക്കും വിയർത്തു കുളിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ പത്തു ദിവസത്തിലേറെയായി 35 മുതൽ 38 ഡിഗ്രി സെൽഷ്യസാണ് പകൽ താപനില. മുണ്ടൂർ, പട്ടാമ്പി, മലമ്പുഴ, തൃത്താല എന്നിവിടങ്ങളിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. രാവിലെ 10 മണിയാകുമ്പോഴേക്കും പുറത്തിറങ്ങാനാവാത്ത ചൂടാണ് അനുഭവപ്പെടുന്നത്.

പാലക്കാടൻ ചുരം വഴിയുള്ള വരണ്ട ചൂടേറിയ കാറ്റ് പാലക്കാട്, തൃശൂർ മേഖലയിലേക്ക് വീശാൻ തുടങ്ങിക്കഴിഞ്ഞു. ഇത് യഥാർത്ഥ വേനൽ തുടങ്ങിയതിന്റെ സൂചനയാണ്. വൈകുന്നേരം 4 കഴിഞ്ഞും ജില്ലകളിൽ താപനില 35 ഡിഗി സെൽഷ്യസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, തീരദേശ / ഇടനാട് മേഖലയിൽ അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ രാത്രിയും അസ്വസ്ഥത നിറഞ്ഞ സാഹചര്യം തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ അൾട്രാവയലറ്റ് ഇൻഡക്സ് കൂടുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഡാമുകളിൽ

ജലനിരപ്പ് കുറഞ്ഞു

മഴക്കാലത്ത് പരമാവധി സംഭരണശേഷിയോട് അടുത്തെത്തിയിരുന്ന ഡാമുകളിൽ പലതും നിലവിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു. മാർച്ച് പകുതിയിൽ സംഭരണശേഷിയുടെ പകുതിയായിരുന്നു ഡാമുകളിലെ വെള്ളം. വേനൽമഴ വേണ്ടതോതിൽ ലഭിക്കാതായതോടെ ഏപ്രിലിൽ വെള്ളം വീണ്ടും താഴ്ന്നു. വനത്തിനുള്ളിൽ നിന്നുള്ള നീരുറവകളും നിർജീവമായി. ഇതോടെ റിസർവോയർ ഭാഗങ്ങളിൽ നിലം കാണുന്ന അവസ്ഥയാണ്. നിലവിൽ ശിരുവാണി ഡാമിൽ 43 ശതമാനം മാത്രമേ വെള്ളമുള്ളൂ, കാഞ്ഞിരപ്പുഴ- 32, മീങ്കര - 30, വാളയാർ - 27, മലമ്പുഴ - 19, പോത്തുണ്ടി - 20, ചുള്ളിയാർ - 16, മംഗലം - 7 എന്നിങ്ങനെയാണ് വെള്ളത്തിന്റെ അളവ്. കഴിഞ്ഞ മഴക്കാലത്ത് ഉയർന്ന അളവിൽ വെള്ളമുണ്ടായിരുന്ന അണക്കെട്ടുകളാണിവ. വനമേഖലകളിലും ജല ദൗർലഭ്യം നേരിടുന്നുണ്ട്.

അൾട്രാവയലറ്റ്

രശ്മികളെ കരുതണം

ഇടയ്ക്കിടെ വേനൽമഴ പെയ്ത് അന്തരീക്ഷം തെളിയുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. സൂര്യനിൽ നിന്നുള്ള അപകടകരമായ അൾട്രാവയലറ്റ് രശ്മികൾ(യു.വി) കൂടുതൽ ശക്തമായി പതിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മഴക്കാറും മഴയും പൊടിപടലങ്ങളുമുണ്ടെങ്കിൽ പേടിക്കേണ്ട. എന്നാൽ, ഒഴിഞ്ഞ അന്തരീക്ഷത്തിൽ തടസങ്ങളില്ലാതെ വേഗം ഭൂമിയിലെത്തുന്ന രശ്മികൾ തുടർച്ചയായി ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. നിറം മാറി പൊള്ളലുണ്ടാക്കാം. കാഴ്ചശക്തിയെയും പ്രതിരോധശക്തിയെയും ബാധിക്കാം. 2014നു ശേഷം യു.വിയുടെ ശക്തി വർദ്ധിക്കുന്നതായാണു നിരീക്ഷണം. അതു ചൂടിന്റെ തീവ്രത വർദ്ധിപ്പിക്കും. യു.വി എ, യു.വി ബി, യു.വി സി എന്നിങ്ങനെ മൂന്നുതരമുണ്ട് അൾട്രാ വയലറ്റ് രശ്മികൾ. കൂടുതൽ ശക്തിയുള്ള സി താഴെ പതിക്കാതെ ഭൂമിക്കു 2 കിലോമീറ്റർ മുകളിൽ വച്ചു വിവിധ വാതകങ്ങൾ വലിച്ചെടുക്കും. ഭൂമിയിലെത്തുന്ന യു.വി ബി കണ്ണിലെ തിമിരത്തിന് ഉൾപ്പെടെ കാരണമാകും. വിവിധ ത്വക് രോഗങ്ങളും ഉണ്ടാക്കും. യു.വി എ ജീവജാലങ്ങളുടെ ശരീരത്തിലെ സൂക്ഷ്മജീവികളെ നശിപ്പിക്കുമെന്നാണു നിഗമനം.

ചൂട് രൂക്ഷമാക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്ന മാരകമായ അൾട്രാ വയലറ്റ് രശ്മിയുടെ അളവു രേഖപ്പെടുത്താനും പ്രത്യാഘാതം വിലയിരുത്താനും സെൻസറുകൾ സ്ഥാപിക്കും. രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു സംരംഭം. ചൂടു വ്യാപകമായി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് യു.വി അളവും പ്രത്യാഘാതവും നിരീക്ഷിച്ചു തുടർ നടപടികൾക്കു യു.എൻ.ഡി.പി സഹായത്തോടെ ദുരന്തനിവാരണ അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. ചൂടിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതിൽ പ്രധാന ഘടകമാണു യു.വി. കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചു മുഴുവൻ ജില്ലകളിലും യു.വി സെൻസർ സ്ഥാപിക്കുമെന്ന് അതോറിറ്റി അധികൃതർ അറിയിച്ചു. യു.വിയുടെ അളവു ജി.പി.എസ് മുഖേന അതോറിറ്റി വെബ്‌സൈറ്റിൽ എല്ലാവർക്കും ലഭ്യമാക്കും. തീവ്രത വിലയിരുത്തി കൂടുതൽ ഫലപ്രദമായ കരുതൽ നടപടി സ്വീകരിക്കാനാകുമെന്നാണു വിലയിരുത്തൽ. രശ്മിയുടെ അളവു കണക്കാക്കാൻ നിലവിൽ ഉപകരണങ്ങളില്ല.

പകൽപോലെ രാത്രിയിലും

സംസ്ഥാനത്ത് പകൽ പോലെ രാത്രിയിലും ചൂട് അനുഭവപ്പെടുകയാണ്. നിലവിൽ പലയിടങ്ങളിലും രാത്രി താപനില 35 - 38 ഡിഗ്രി സെൽഷ്യസാണ്. അതോടൊപ്പം ഈർപ്പം 80 - 90% ആയി. പൊതുവേ പുഴുങ്ങൽ അന്തരീക്ഷ സ്ഥിതിയാണ് ഇപ്പോഴുള്ളത്. വരും ദിവസങ്ങളിൽ ചൂട് ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ ചൂട്. അതിനാൽ ജാഗ്രത കൈവിടരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പകൽ ഉയർന്ന താപനില 35 - 40 ഡിഗ്രി ഇടയിലാണ്. അനൗദ്യോഗികമായി കേരളത്തിൽ പലയിടങ്ങളിലും ഇതിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ട്. ഫാനിട്ട് ശരീരം തണുപ്പിക്കാമെന്ന് കരുതിയാൽ ലഭിക്കുന്ന കാറ്റും ചൂടാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.