
□ദക്ഷിണ റെയിൽവേ കത്തു നൽകി
തിരുവനന്തപുരം: അങ്കമാലി - എരുമേലി റെയിൽ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ഓഫീസുകളുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ദക്ഷിണ റെയിൽവേ ഗതാഗത വകുപ്പിന് കത്ത് നൽകി. ശബരി റെയിൽവേ പദ്ധതിയുടെ പകുതി ചെലവായ 1900 കോടി വഹിക്കുന്നതിന് സംസ്ഥാന സർക്കാർ ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ വിഹിതമായ പകുതി തുക ഉപയോഗിച്ചാണ് ശബരി റെയിൽവേ സ്ഥലമെടുക്കൽ. എന്നാൽ പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് എറണാകുളം,ഇടുക്കി,കോട്ടയം ജില്ലകളിൽ നടത്തുന്നതിന് 3 സ്‌പെഷ്യൽ തഹസീൽദാർ ഓഫീസുകൾ ആരംഭിക്കണം. ഇവിടെ നിയമിക്കപ്പെടുന്ന നൂറോളം ഉദ്യോഗസ്ഥർക്ക് ശമ്പളമടക്കമുള്ള ചെലവുകൾ ആരാണ് വഹിക്കുന്നതെന്ന് റവന്യൂ വകുപ്പ് റെയിൽവേയോട് ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് റെയിൽവേ നൽകിയത്. സ്‌പെഷ്യൽ തഹസീൽദാർ ഓഫീസുകളുടെ ചെലവുകളും സംസ്ഥാന സർക്കാർ വിഹിതത്തിൽ ഉൾപ്പെടുത്തി നടത്തണമെന്നാണ് ദക്ഷിണ റെയിൽവേയുടെ നിർമ്മാണ വിഭാഗം ചീഫ് എൻജിനിയർ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മറുപടി നൽകിയത്. ഓരോ വർഷത്തെയും ഇത്തരം ചെലവുകൾ സംസ്ഥാന സർക്കാർ അറിയിക്കുന്നതനുസരിച്ച് പദ്ധതി ചെലവിൽ സംസ്ഥാന വിഹിതമായി ഉൾപ്പെടുത്താമെന്നും റെയിൽവേ അറിയിച്ചു.
8 കിലോമീറ്റർ ദൂരത്തിൽ ശബരി റെയിൽവേയ്ക്കായി ട്രാക്കും കാലടി സ്റ്റേഷനും ഒരു കിലോ മീറ്റർ ദൂരമുള്ള പെരിയാർ പാലവും നിർമ്മിച്ചിട്ടുണ്ട്. 4 മാസം മുൻപ് പദ്ധതി മരവിപ്പിച്ചത് റെയിൽവേ റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് സംസ്ഥാന സർക്കാർ സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഓഫീസുകൾ ആരംഭിക്കാത്തതിനാൽ സ്ഥലമെടുപ്പ് തുടങ്ങാനായിട്ടില്ല. അങ്കമാലി മുതൽ കോട്ടയം രാമപുരം സ്റ്റേഷൻ വരെ 70 കിലോമീറ്റർ ദൂരത്തിൽ 20 വർഷം മുൻപ് പദ്ധതിക്കായി കല്ലിട്ട് തിരിച്ചതാണ്. എന്നാൽ സ്ഥല ഉടമകൾക്ക് സ്ഥലം വിൽക്കാനോ വായ്‌പയെടുക്കാനോ കഴിയാത്ത അവസ്ഥയാണ്. സ്ഥലമെടുപ്പ് ഓഫീസുകൾ വേഗത്തിൽ തുടങ്ങി ഉദ്യോഗസ്ഥരെ നിയമിക്കാൻ സംസ്ഥാന സർക്കാരും കാലടി വരെയുള്ള റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം,പാലങ്ങളുടെ നിർമ്മാണം എന്നിവ ആരംഭിക്കാൻ റെയിൽവേയും നടപടിയെടുക്കണമെന്ന് ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ ഭാരവാഹികളായ മുൻ എം.എൽ.എ ബാബു പോൾ ,ജിജോ പനച്ചിനാനി എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |