SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.58 AM IST

അംബേദ്കർ ചിന്തകളുടെ കാലിക പ്രസക്തി

Increase Font Size Decrease Font Size Print Page
s

ഡോ. ബി.ആർ. അംബേദ്കറുടെ നൂറ്റിമുപ്പത്തിയഞ്ചാം ജന്മവാർഷികമാണ് ഇന്ന്. 1891 ലായിരുന്നു അംബേദ്കറുടെ ജനനം. 1956 ൽ അറുപത്തിയഞ്ചാം വയസ്സിൽ ദേഹവിയോഗവും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടരദശകങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ കാലാതീതമായ ചിന്തകളിലേക്കും ആശയങ്ങളിലേക്കും കണ്ണോടിക്കാം.
ഒരു നൂറ്റാണ്ട് മുൻപുള്ള ഇന്ത്യയുടെ സാമൂഹിക പശ്ചാത്തലത്തിലായിരുന്നു അംബേദ്കറുടെ ആദ്യകാല ഉദ്‌ബോധനങ്ങളും പ്രവർത്തനവും. ജാതിഭേദങ്ങളും തൊട്ടുകൂടായ്മയും ജനങ്ങളെ പല തട്ടുകളായി വിഭജിച്ചിരുന്ന കാലം. സാമൂഹ്യ, സാമ്പത്തിക വിടവുകൾ രൂക്ഷമായിരുന്നൊരു സമൂഹത്തെ നവീകരിക്കാനും എല്ലാ മനുഷ്യർക്കും നീതി ഉറപ്പാക്കാനുമുള്ള മാർഗങ്ങളെക്കുറിച്ചായിരുന്നു അംബേദ്കറുടെ കാതലായ അന്വേഷണം. ആഴത്തിലുള്ള പഠനങ്ങൾ, വിവേചനങ്ങൾക്ക് ഇരയായവരെ ബോധവത്ക്കരിക്കാനുള്ള ശ്രമങ്ങൾ, സംഘടനാ രൂപീകരണം, സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയുടെ പ്രധാനശില്പിയെന്ന നിലയിൽ അതിൽ ഉൾപ്പെടുത്തിയ നീതിനിർവചനങ്ങൾ തുടങ്ങിയവയെല്ലാം നമുക്കു കാണാനാവും.

സാമൂഹ്യ നീതി
ഒരു മാതൃകാ സമൂഹത്തിന്റെ അടിസ്ഥാനം രണ്ടുകാര്യങ്ങളിലാണെന്ന് അംബേദ്കർ പറഞ്ഞു. ഓരോ വ്യക്തിയും പ്രധാനമാണ് എന്നതാണ് ആദ്യ തത്വം. സമൂഹത്തിന്റെ ഉദ്ദേശ്യം തന്നെ വ്യക്തികളുടെ ഉയർച്ചയും വ്യക്തിത്വ വികസനവുമാണ്. സമൂഹത്തിലെ അംഗങ്ങൾ ഒരുമിച്ചുള്ള ജീവിതം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് ആശയങ്ങളിൽ അധിഷ്ഠിതമാവണം എന്നതാണ് രണ്ടാമത്തെ തത്വം.

സ്വാതന്ത്ര്യ ഇന്ത്യ ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, അംബേദ്കർ സങ്കൽപ്പിച്ച സാമൂഹ്യനീതി കൈവരിക്കാനായോ എന്നത് ചിന്തനീയമാണ്. ഐക്യരാഷ്ട്ര സംഘടന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടത്തിയ പ്രഖ്യാപനത്തിൽ ഇന്നു ലോകത്തിന് അവശ്യമായ മൂല്യങ്ങൾ സ്വാതന്ത്ര്യം, സമത്വം, ഒത്തൊരുമ, സഹിഷ്ണുത, പ്രകൃതിയോടുള്ള ബഹുമാനം എന്നിവയാണെന്ന് പറയുന്നുണ്ട്. പരിസ്ഥിതി വിപത്തുകൾ, കാലാവസ്ഥാവ്യതിയാനം, സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കുന്നതിലെ വിടവുകൾ (ഡിജിറ്റൽ ഡിവൈഡ്) എന്നിങ്ങനെ പുതിയ പ്രശ്നങ്ങളുമുണ്ട്.

സ്വാതന്ത്ര്യം
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെക്കുറിച്ച് അംബേദ്കർ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസത്തിനും, അറിവു സമ്പാദിക്കുന്നതിനുമുള്ള അവസരങ്ങൾ എല്ലാവർക്കുമുണ്ടായില്ലെങ്കിൽ അടിമത്തത്തിൽ നിന്നും ഒട്ടും വ്യത്യാസമുണ്ടാവില്ല. 'ജാതി ഉന്മൂലന'ത്തെ കുറിച്ചുള്ള 1936ലെ ലേഖനത്തിൽ അംബേദ്കർ ഇതു വ്യക്തമാക്കുന്നുണ്ട്.

സമത്വം
സാമൂഹ്യനീതിയുടെ അടിസ്ഥാന തത്വമാണ് സമത്വം. സമൂഹത്തിൽ അവകാശങ്ങളും സ്വാതന്ത്ര്യവും തുല്യമായിരിക്കണം. മനുഷ്യർ എല്ലാവരും ഒരുപോലെയല്ല. അടിസ്ഥാന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമുള്ള തുല്യതയ്ക്കും എല്ലാവർക്കും അർഹതയുണ്ട്. അംബേദ്കറിന്റെ സങ്കല്പനങ്ങളിൽ ലിംഗസമത്വവും പ്രധാനമായിരുന്നു. ദളിത് വിഭാഗത്തിലെ സ്ത്രീകളോട് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളിൽ സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷിതത്വവും കൈവരിക്കാതെ വിവാഹിതരാകരുതെന്നാണ് പറഞ്ഞത്. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നും ദമ്പതികൾ തമ്മിലുണ്ടാവേണ്ടത് അടിമ ഉടമ ബന്ധമല്ലെന്നും സൗഹൃദത്തിന് അടിസ്ഥാനമായിരിക്കണമെന്നും ഓർമ്മിപ്പിച്ചു.

സാഹോദര്യം
അംബേദ്കറിന്റെ ചിന്തകളിലെ കാതലായ ഒന്നാണ് സാഹോദര്യം. മറ്റു മനുഷ്യരോട് ആദരവുണ്ടാകണം. സമൂഹത്തിൽ അന്യോന്യം ബന്ധപ്പെടുവാനും ഒത്തുകൂടുവാനുമുള്ള സ്വതന്ത്ര സാധ്യതകളെയെല്ലാം ഉപയോഗപ്പെടുത്തണം. ജനാധിപത്യത്തിന്റെ മറ്റൊരു പേരു തന്നെയാണ് സാഹോദര്യം എന്നും പറയുന്നു.

ജനാധിപത്യം
വ്യക്തി വികാസത്തിന് അനുയോജ്യമായ സാമൂഹ്യവ്യവസ്ഥ ജനാധിപത്യം തന്നെയെന്ന് അംബേദ്കർ വിലയിരുത്തുന്നു. രാഷ്ട്രീയമായ ജനാധിപത്യ വ്യവസ്ഥ മാത്രമല്ല, ജനങ്ങൾ ഭരണകർത്താക്കളെ തെരഞ്ഞെടുക്കുന്നു എന്നതിനപ്പുറം, ഒരു സാമൂഹ്യക്രമവും ജീവിതരീതിയുമാണ് ജനാധിപത്യം എന്നാണ് അദ്ദേഹം പറഞ്ഞത്.

ഭരണഘടനയിലുള്ള വിശ്വാസം
സാമൂഹ്യ, സാമ്പത്തിക ലക്ഷ്യങ്ങൾ സാധിക്കുന്നത് ഭരണഘടനാപരമായ രീതികളിലൂടെ ആവണമെന്ന് അംബേദ്കർ വിഭാവനം ചെയ്യുന്നു. പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള പരിഷ്‌കാരങ്ങൾ രാഷ്ട്രം നടപ്പിലാക്കേണ്ടത് നിയമ വഴിയിലൂടെയാണ്. ഭരണഘടനാ അധിഷ്ഠിതമായ നടപടികളിലൂടെ സമത്വസുന്ദരമായ സമൂഹത്തെ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങൾ ഇന്നും എക്കാലവും പ്രസക്തമാണ്.

ലോകത്തിന് വഴികാട്ടി
സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക അടിച്ചമർത്തലിനും വിടവുകൾക്കും കാരണമായ ജാതിവ്യവസ്ഥ ഇല്ലാതാക്കണമെന്ന് അംബേദ്കർ ആഹ്വാനം ചെയ്തു. സമൂഹത്തിലെ ഉച്ചനീചത്വങ്ങളെപ്പറ്റി ജാതിവ്യവസ്ഥയിൽ ഊന്നിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ വർണം, വർഗം, മതവിശ്വാസം എന്നിവ കൊണ്ട് മനുഷ്യരെ തരംതിരിക്കുന്ന സമൂഹങ്ങൾക്കും ബാധകമാണ്. നിയമം, ധാർമികത എന്നിവ ഉപയോഗിച്ചാവണം മനുഷ്യൻ സൃഷ്ടിച്ച അസമത്വങ്ങളെ തുടച്ചുനീക്കേണ്ടത് എന്ന് അദ്ദേഹം പറയുന്നു.

തെറ്റും ശരിയും തിരിച്ചറിയുന്ന, സമൂഹത്തിന്റെ പൊതുബോധത്തെയാണ് 'പൊതുമനസ്സാക്ഷി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പിന്നോക്കാവസ്ഥയിലുള്ളവർ അവരവരുടെ ക്ഷേമത്തിനുവേണ്ടി സ്വയം പ്രയത്നിക്കേണ്ടത് ആവശ്യമാണെന്നും അതേസമയം അവശരുടെ ഉന്നമനം എന്നത് സമൂഹത്തിന്റെ മൊത്തം പ്രശ്നമാണെന്നും അദ്ദേഹം അടിവരയിടുന്നു.
യഥാർത്ഥ സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളൊക്കെ ലോകത്ത് പലയിടത്തും ഇന്നും കൈയെത്താദൂരത്താണ്. അദ്ദേഹം പറഞ്ഞതുപോലെയുള്ള സാമൂഹ്യമായ ഇഴുകിച്ചേരലിനെ (എൻഡോസ്‌മോസിസ്) തടയുന്ന പലതരം സംഘർഷങ്ങൾ ഇന്നുണ്ട്. മനുഷ്യസമൂഹത്തിന് ഇനിയും എത്രമാത്രം മുന്നോട്ടുപോകാനുണ്ടെന്ന് അംബേദ്കറിന്റെ ചിന്തകൾ നമ്മളെ ഓർമ്മപ്പെടുത്തുന്നു.

(ഇന്ത്യൻ ബഹിരാകാശ സംഘടനയിൽ ദീർഘകാലം എൻജിനീയറായി പ്രവർത്തിച്ച എഴുത്തുകാരിയും അംബേദ്കറിന്റെ തത്വചിന്തയിൽ ഗവേഷകയുമാണ് ലേഖിക. ഫോൺ: 9446395542)

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.