SignIn
Kerala Kaumudi Online
Tuesday, 21 April 2026 2.59 PM IST

' നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?...'

Increase Font Size Decrease Font Size Print Page
s

' മൂന്നാം ക്ലാസിൽ , കുട്ടികൾക്ക് ഭയവും ബഹുമാനവുമുണ്ടായിരുന്ന ഒരു അദ്ധ്യാപകനുണ്ടായിരുന്നു. അദ്ദേഹം എന്നെ പേര് വിളിക്കില്ല. പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്കെഴുതി,' പാണൻ പറയെടാ ' എന്നു പറയും. സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു.' സാർ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമൻ എന്നു വിളിക്കണം.' 'എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ ' എന്നു ചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു. അയാൾ നാട്ടിലെ പ്രമാണിയാണ്. എവിടെയാടാ പുസ്തകം എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം. അടിയേറ്റ് വീങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്. അന്ന് ഞാൻ സ്കൂളിലെ കഞ്ഞികുടി നിറുത്തി. ' ഡോ.കുഞ്ഞാമൻ ഹൃദയരക്തം മുക്കിയെഴുതിയ 'എതിര് -ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം ' എന്ന ആത്മകഥയിൽ നിന്ന് ഉദ്ധരിച്ച വരികളാണിത്. ജീവിതത്തോട് പടവെട്ടി ചരിത്രം തിരുത്തി സാമ്പത്തിക ശാസ്ത്രം എം.എ യിൽ ഒന്നാം റാങ്ക് നേടിയ (ഡോ. കെ.ആർ. നാരായണനു ശേഷം) ആദ്യ ദളിത് കേരളീയനും സാമ്പത്തിക ശാസ്ത്രപണ്ഡിതനുമായ ഡോ. കുഞ്ഞാമൻ ഇന്ന് നമ്മോടൊപ്പമില്ല. പക്ഷെ ആ അനുഭവങ്ങൾ ഇന്നും ആഞ്ഞുകൊത്തുന്നു.

പഠിച്ച് ജീവിതത്തിന്റെ സങ്കടങ്ങളെ മായിച്ച് തന്നെ വളർത്തിയവർക്ക് നല്ലൊരു കാലം സമ്മാനിക്കാൻ കൊതിച്ച നിതിൻ രാജിനെപ്പോലുള്ള മിടുക്കർ ശലഭങ്ങളെപ്പോലെ എരിഞ്ഞടങ്ങുന്നു. ആ ജീവിത സാഹചര്യം ഇന്നും അവശേഷിക്കുന്നു. അതും കേരളം പോലെ ഒരു സംസ്ഥാനത്ത്. എന്തുകൊണ്ട് നിതിൻ രാജിനെയും സിദ്ധാർത്ഥിനെയും പോലുള്ള കുട്ടികൾ പിടിച്ചു നിൽക്കുന്നില്ലെന്ന് ചോദിക്കുന്നവരുണ്ട്. എന്തുകൊണ്ട് ഈ അന്തരീക്ഷം മാറ്റാൻ കഴിഞ്ഞില്ലെന്ന ചോദ്യമാണ് അവർക്കുള്ള മറുപടി.

ഡോ.അച്യുത്ശങ്കർ എസ്. നായർ ഫേസ് ബുക്കിൽ ഇങ്ങനെ കുറിച്ചു.'കണ്ണൂർ അഞ്ചരക്കണ്ടി കോളേജിലെ നിതിൻ രാജിന്റെ മരണം ടോക്സിക് ക്യാമ്പസുകളുടെ തുടർക്കഥയിലെ പുതിയ അദ്ധ്യായമാണ്.150 വിദ്യാർത്ഥികൾ മൗനമായി നോക്കിനിൽക്കെ സിദ്ധാർത്ഥനെ മരണത്തിലേക്ക് ആനയിച്ച സംഭവം കഴിഞ്ഞിട്ട് അധികം നാളായിട്ടില്ല. രണ്ട് സ്ഥലത്തെയും വില്ലൻമാർക്ക് വ്യത്യാസമുണ്ടെന്ന് മാത്രം. ഒരിടത്ത് വിദ്യാർത്ഥി എന്ന പേരിന്റെ മറയിൽ പ്രവർത്തിച്ച ക്രിമിനലുകൾ. ഇപ്പോൾ അദ്ധ്യാപകൻ എന്ന പേരിന്റെ മറയിൽ പ്രവർത്തിക്കുന്ന ക്രിമിനലുകൾ. എനിക്കു തോന്നുന്നു അദ്ധ്യാപക പരിശീലനത്തിൽ ജാതിവെറിക്കെതിരെ ബോധവത്ക്കരണ മൊഡ്യൂൾ ആവശ്യമാണ്. അതുപോലെതന്നെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശിക്കുന്നതിന് മുൻപ് തന്നെ ടോക്സിക് ക്യാമ്പസുകളിലെ പ്രശ്നങ്ങൾ നേരിടാനുള്ള പരിശീലനവും നൽകേണ്ടിയിരിക്കുന്നു.'

കണ്ണൂർ അഞ്ചരക്കണ്ടി കോളേജിലെ സംഭവവികാസങ്ങൾ മറ്റൊരു ചോദ്യവും ഉയർത്തുന്നുണ്ട്. ഇവിടുത്തെ വിദ്യാർത്ഥി സംഘടനകൾ എന്ത് ചെയ്യുന്നുവെന്ന ചോദ്യം. റാഗിങ്ങുകാരെയും ജാതിവെറിക്കാരെയും നിലയ്ക്ക് നിർത്താൻ അവർക്ക് കഴിയാതെ പോയതെങ്ങനെ? ഇപ്പോഴത്തെ ബഹളങ്ങളും പ്രതിഷേധങ്ങളും എത്രനാൾ...? റാമിനെപ്പോലെ അദ്ധ്യാപക വേഷം അണിഞ്ഞെത്തുന്ന ക്രിമിനലുകൾ ഇപ്പോഴും ക്രൂരമായി അഴിഞ്ഞാടുന്നതെങ്ങനെ? കടമ്മനിട്ട രാമകൃഷ്ണൻ തന്റെ ശ്രദ്ധേയമായ ' കുറത്തി' എന്ന കവിതയിൽ ഉന്നയിച്ച ചോദ്യം ഇപ്പോഴും മുഴങ്ങുന്നുണ്ട്.

'നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകൾ ചുഴന്നെടുക്കുന്നോ?
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് !'

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.