കൊച്ചി: അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ എറണാകുളം മണ്ഡലത്തിൽ നിന്നും ആദ്യ വിജയ ഫലം പുറത്തുവന്നു. എൽ.ഡി.എഫിന്റെ മനു റോയിയെ 3673 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി ടി.ജെ. വിനോദാണ് യു.ഡി.എഫിന് ആദ്യ വിജയം സമ്മാനിച്ചത്. എറണാകുളം ഡി.സി.സി പ്രസിഡന്റും കൊച്ചി ഡെപ്യൂട്ടി മേയറും കൂടിയായാണ് ടി.ജെ. വിനോദ്. എന്നാൽ പ്രതീക്ഷിച്ച ഭൂരിപക്ഷം ടി.ജെ വിനോദിന് നേടാനാവാത്തത് പാർട്ടിയെ സംബന്ധിച്ച് തിരിച്ചടിയായിരിക്കുകയാണ്.
കനത്ത മഴയെ തുടർന്ന് പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയ പ്രതീക്ഷ വച്ചു പുലർത്തിയിരുന്നു. എൽ.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മനു റോയിയെ കളത്തിലിറക്കിയ തന്ത്രം പാർട്ടിക്ക് ഗുണം ചെയ്തില്ല. മനു റോയിയുടെ അപരൻ എത്തിയതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഏകദേശം 2500 വോട്ടുകളാണ് മനു റോയിയുടെ അപരൻ സ്വന്തമാക്കിയത്.
വിജയം എറണാകുളത്തെ ജനാവലിക്കും യു.ഡി.എഫ് പ്രവർത്തകർക്കും സമർപ്പിക്കുന്നതായി ടി.ജെ വിനോദ് പ്രതികരിച്ചു. യുവാക്കളുടെ വോട്ട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളക്കെട്ട് തനിക്കുള്ള വോട്ട് കുറയാൻ കാരണമായെന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായ മനു റോയി പ്രതികരിച്ചു. സി.ജി രാജഗോപാലായിരുന്നു ബി.ജെ.പി സ്ഥാനാർഥി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലുമുണ്ടായിരുന്ന ഭൂരിപക്ഷത്തിൽ നിന്നും ഗണ്യമായ കുറവാണ് ഇത്തവണ യു.ഡി.എഫിനുണ്ടായത്. രണ്ട് തിരഞ്ഞെടുപ്പിലും അമ്പത് ശതമാനത്തിലേറെ വോട്ട് യു.ഡി.എഫിനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |