
''റാഗിംഗിന്റെ പേരിലുള്ള ക്രൂരത വർദ്ധിക്കുകയാണ്. വാക്കാലുള്ള അധിക്ഷേപം മുതൽ മരണകാരണമാകുന്ന ക്രൂരതവരെ ഉണ്ടാകുന്നു. പലതും സമൂഹത്തെയാകെ വിഷമിപ്പിക്കുന്നതാണ്. നിയന്ത്രിക്കാൻ സർക്കാർ മുഖ്യപങ്ക് വഹിക്കണം."" റാഗിംഗ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രത്യേക സിറ്റിംഗിനിടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണമാണിത്. റാഗിംഗ് നിയമങ്ങൾ കർശനമാക്കണമെന്നാവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റിയടക്കം നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഒരു വർഷമായി കോടതി പരിഗണിച്ചുവരുന്നത്. എന്നാൽ സമൂഹത്തിന് ഭീഷണിയായ ഈ വിപത്തിനെ തുടച്ചുനീക്കുന്നതിനുള്ള തയ്യാറെടുപ്പുകളൊന്നും സർക്കാരിന്റെ ഭാഗത്ത് സ്വീകരിച്ചിട്ടില്ലെന്നാണ് അന്ന് കണ്ടെത്തിയത്. റാഗിംഗ് തടയാൻ സംസ്ഥാനതല സെല്ലും ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ജില്ലാതല മോണിട്ടറിംഗ് സമിതിയും രൂപീകരിക്കണമെന്ന് യു.ജി.സി നിർദ്ദേശിച്ചിരുന്നു. ഇവ രൂപീകരിച്ചിട്ടുണ്ടോ? 2020ൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് ഉത്തരവിട്ടതനുസരിച്ച് ഐ.ജിയുടെ മേൽനോട്ടത്തിൽ 'കെയർ" ആന്റി റാഗിംഗ് സെൽ രൂപീകരിച്ചിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് അന്ന് കോടതി ഉന്നയിച്ചത്. എല്ലാത്തിനും മൗനമായിരുന്നു സർക്കാരിന്റെ ഉത്തരം. നിയമങ്ങൾ കർശനമാക്കാൻ അടിസ്ഥാനപരമായ കാര്യങ്ങളാണിത്. ഈ കുറവുകൾ പരിഹരിക്കാനും കർമ്മസമിതി രൂപീകരിക്കാനും കോടതി നിർദ്ദേശം നൽകുകയും ചെയ്തു.
തുടർന്നാണ് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി സർക്കാർ കർമ്മസമിതി രൂപീകരിച്ചത്. പിന്നീട് നിയമഭേദഗതിയുടെ കരട് തയാറാക്കുകയും ചെയ്തു. നിയമ വകുപ്പിലടക്കം കുടുങ്ങിക്കിടന്ന ഫയലുകൾ കോടതിയുടെ നിരന്തര നിർദ്ദേശങ്ങളെ തുടർന്നാണ് പല കടമ്പ കടന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഇത് മന്ത്രിസഭയിലെത്തിയില്ല. പിന്നീട് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ കോടതിയിൽ നിന്ന് സമയം നീട്ടിവാങ്ങാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ വിട്ടുകൊടുക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഒരുക്കമല്ലായിരുന്നു. മന്ത്രിസഭ ചേരാനും നിയമത്തിന്റെ കരടിന് അംഗീകാരം നൽകാനും കോടതി നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പു കമ്മിഷൻ ഇളവ് നൽകിയിരിക്കുകയാണിപ്പോൾ. നിയമ ഭേഗദതി പാസാക്കണമെങ്കിൽ നിയമസഭാ സമ്മേളനമുണ്ടാകണം. പുതിയ സർക്കാർ വരണം. സഭാ സമ്മേളനം വിളിച്ചുകൂട്ടണം. കുറഞ്ഞത് മൂന്നു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള കേരള റാഗിംഗ് നിരോധന നിയമം കാലാനുസൃതമായി മാറ്റകയാണ് നിയമ ഭേദഗതികൊണ്ട് ലക്ഷ്യമിടുന്നത്. ബോഡി ഷെയിമിംഗും റാഗിംഗിന്റെ ഭാഗമാക്കുന്നതാണ് പ്രധാനമാറ്റം. കരട് നിയമത്തിൽ ഉൾപ്പെടുത്തേണ്ട ഭേഗതി സംബന്ധിച്ച് കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയും യു.ജി.സിയും ഏതാനും നിർദ്ദേശങ്ങൾ മുൻപോട്ടുവെച്ചു. ഇതടക്കം പരിഗണിക്കാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. എല്ലാ പൊലീസ് സ്റ്റേഷനിലും ആന്റി റാഗിംഗ് സെൽ വേണമെന്നതടക്കമുള്ള നിർദ്ദേശം നിയമത്തിന്റെ കരടിലുണ്ട്. ഇവിടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെങ്കിൽ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യാം. ഇരയുടെ പേരുവിവരം രഹസ്യമാക്കണം. വ്യാജ പരാതികളാണെങ്കിൽ ശിക്ഷ ഏറ്റു വാങ്ങണം. കരട് നിയമത്തിൽ ഫ്രെഷർ (നവാഗതർ) എന്ന പ്രയോഗം ഒഴിവാക്കണമെന്നും നിർദ്ദേശവുണ്ട്. ഏത് വിദ്യാർത്ഥിയും റാഗിംഗിന് ഇരയാകാം എന്നത് കണക്കിലെടുത്താണ് ഈ നിർദ്ദേശം. കോളേജുകൾ മാത്രമല്ല സ്കൂളുകളും ടൂഷൻ സെന്ററുകളും നിയമത്തിന്റെ പരിധിയിൽ വരണമെന്നും അഭിപ്രായമുണ്ടായിരുന്നു. ഓട്ടണോമസ് കോളേജുകളും നിയമത്തിന്റെ പരിധിയിൽ വരണം, ഹോസ്റ്റൽ വാർഡനെ ആന്റി റാഗിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തണം എന്നീ നിർദ്ദേശങ്ങൾ യു.ജി.സിയും മുന്നോട്ടുവെച്ചു. വയനാട് കണിയാമ്പറ്റ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയും മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും റാഗിംഗിന് ഇരയായതും കോട്ടയത്ത് ഒരു വിദ്യാർത്ഥിയുടെ ദേഹം മുഴുവൻ കത്തികൊണ്ട് വരഞ്ഞ സംഭവവുമെല്ലാം കോടതിയുടെ ശ്രദ്ധയിൽ വന്നിരുന്നു. സിദ്ധാർത്ഥിന്റെ അമ്മയും ഹൈക്കോടതിയിൽ കക്ഷിചേർന്നിട്ടുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും സർക്കാർ അതിന്റെ സ്പിരിറ്റ് ഉൾക്കൊണ്ടില്ല. രാഷ്ട്രീയ സ്വാധീനം സംശയിക്കപ്പെടുന്ന വിധം നടപടികൾ വൈകിപ്പിക്കുകയായിരുന്നു.
സഹപാഠികളോ സീനിയർ വിദ്യാർത്ഥികളോ ചെയ്യുന്നത് മാത്രമാണ് റാഗിംഗ് എന്ന് പൊതുവേ ഒരു ധാരണയുണ്ട്. ഇത്തരത്തിലാണ് റാഗിംഗ് നിയമ വ്യവസ്ഥയുടേയും പോക്ക്. എന്നാൽ നിതിൻ രാജിന്റെ കാര്യത്തിൽ അദ്ധ്യാപകരാണ് പ്രതിക്കൂട്ടിൽ. അതിലൊരാളുടെ പെരുമാറ്റം മൃഗതുല്യമാണെന്നാണ് ഒരു വിദ്യാർത്ഥിനി പ്രതികരിച്ചിട്ടുള്ളത്. 'വാക്കാലുള്ള അധിക്ഷേപം മുതൽ മരണകാരണമാകുന്ന ക്രൂരതവരെ" എന്നാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളത്. ബോഡി ഷെയിമിംഗും റാഗിംഗ് പരിധിയിൽ വരണമെന്ന് നിർദ്ദേശിച്ചിട്ടുമുണ്ട്. നിതിൻ രാജിന്റെ കേസിൽ ഇതെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. പുഴുത്ത പട്ടിയെന്നുവരെ വിളിച്ച് അധിക്ഷേപിച്ചതായി ആരോപണമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ, റാഗിംഗ് നിയമ ഭേദഗതി അനന്തമായി നീളുന്നത് ആശ്വാസ്യകരമല്ല. ഭേദഗതി അന്തിമമാക്കുമ്പോൾ, ഗുരുക്കന്മാരും മൃഗതുല്യരാകാമെന്നത് കൂടി കണക്കിലെടുക്കുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |