SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.18 AM IST

കറുത്ത മുത്തായി ക്യാപ്റ്റൻ മകൻ

Increase Font Size Decrease Font Size Print Page
s

വിരുദുനഗർ ആ‌ർ.ആർ നഗർ. രാത്രി 8 മണി. ദേശീയപാത 44-നു സമീപത്തെ തിരക്കുള്ള ജംഗ്ഷനാണെങ്കിലും വെളിച്ചം കുറവ്. അവിടേയ്ക്ക് ഡി.എം.ഡി.കെയുടെ (ദേശീയ മുർപ്പോക്ക് ദ്രാവിജ കഴകം)​ കൊടികളുമായി നിറഞ്ഞ വാഹനത്തിൽ ഒരു പ്രചാരണ വാഹനമെത്തുന്നു. വാഹനത്തിനു മുന്നിൽ രണ്ടു വശത്തും കരുണാനിധിയുടെയും ക്യാപ്റ്റൻ വിജയകാന്തിന്റെയും ചിത്രങ്ങൾ. നടുക്ക് ഡി.എം.ഡി.കെ ജനറൽ സെക്രട്ടറിയും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലതയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി നിൽക്കുന്ന ചിത്രം.

പിന്നാലെ കാറിലെത്തിയ, വിരുദുനഗറിലെ ഡി.എം.ഡി.കെ സ്ഥാനാർത്ഥി വിജയ പ്രഭാകരൻ പ്രചാരണ വാഹനത്തിലേക്കു കയറി. പ്രിയപ്പെട്ട നടൻ ക്യാപ്റ്റന്റെ മകനെ കണ്ടപ്പോഴേക്കും മുന്നിലെ കൂട്ടം സന്തോഷത്തോടെ കയ്യടിച്ചു. ജനക്കൂട്ടത്തോട് വിജയ പ്രഭാകരന്റെ കുശലം: 'നല്ലായിറുക്കീങ്കളാ?​"

'നല്ലായിരുക്കേ" എന്ന് കൂട്ട മറുപടി.

ഓരോ വാക്കിലും പിതാവിനെ ഓർമ്മപ്പെടുത്തി പ്രസംഗം. തന്നെപ്പോലെ തമിഴ്നാട്ടിലെ സാധാരണക്കാരും നന്നായി ജീവിക്കാൻ വേണ്ടിയാണ് ക്യാപ്റ്റൻ വിജയകാന്ത് പാർട്ടി ആരംഭിച്ചത്. ക്യാപ്റ്റൻ അവസാനിപ്പിച്ചിടത്തു നിന്നാണ് പ്രേമലതാ വിജയകാന്ത് തുടങ്ങിയത്. വിജയ പ്രഭാകർ സംസാരം തുടരുന്നു: 'അച്ഛനോടും അമ്മയോടുമുള്ള കടമയാണ് മകനായ ഞാൻ ചെയ്യുന്നത്. അടുത്ത അഞ്ചു വർഷം നിങ്ങളുടെ ജീവിതത്തിനൊപ്പം ഞാനുണ്ടാകും. തിരഞ്ഞെടുപ്പിൽ നിങ്ങൾ എനിക്കു വേണ്ടി പ്രവർത്തിക്കണം. എന്നെ വിജയിപ്പിക്കണം. തിരഞ്ഞെടുപ്പിനു ശേഷം ഞാൻ നിങ്ങൾക്കു വേണ്ടി പ്രവർത്തിക്കും. ഗിവ് ആൻഡ് ടേക്ക് പോളിസി. സൊന്നാൽ സൊന്നതു താൻ. ഉങ്കൾക്കാകെ കടശി വരേയ്ക്കും പോരാടാൻ തയ്യാറായിരിക്കേൻ.!" ചെറിയ പ്രസംഗം കഴിഞ്ഞ് പുറത്തേക്കിറങ്ങി ജനക്കൂട്ടത്തിനു നടുവിലേക്ക്.

സ്വാർത്ഥൻ

വിജയ്

സൂപ്പർതാരം വിജയ് രാഷ്ട്രീയത്തിലെത്തിയത് സ്വാർത്ഥത കാരണമാണെന്ന് വിജയ പ്രഭാകർ പറയുന്നു. പ്രചാരണത്തിനിടെ 'കേരളകൗമുദി"യുമായും വിജയ് പ്രഭാകരൻ സംസാരിച്ചു:

?​ ടി.വി.കെയുമായി മുന്നണി രൂപീകരിക്കാൻ ഡി.എം.ഡി.കെ ചർച്ച നടത്തിയിരുന്നോ.

 ഒരു ചർച്ചയും നടത്തിയില്ല. വിജയ് അണ്ണായെ സിനിമയിൽ പരിചയപ്പെടുത്തിയത് ക്യാപ്റ്റൻ വിജയകാന്താണെന്ന് തമിഴ്നാട്ടുകാർക്കറിയാം. അവരുടെ രാഷ്ട്രീയ പരിപാടിക്കിടയിൽ ക്യാപ്റ്റന്റെ പേര് പറഞ്ഞു. അത് പാടില്ലായിരുന്നു. ടി.വി.കെ എങ്ങനെ മുന്നോട്ടു പോകുമെന്നറിയില്ല.

?​ ഇവിടെ വിജയിക്കുമെന്ന് എത്രത്തോളം വിശ്വാസമുണ്ട്.

 നിങ്ങൾ കണ്ടില്ലേ,​ ജനങ്ങൾ തരുന്ന പിന്തുണ. പത്തു സീറ്റിൽ ഡി.എം.ഡി.കെ മത്സരിക്കുന്നു. എല്ലാറ്റിലും ജയിക്കും.

?​ ഇത്തവണ പുതിയ മുന്നണിയിലാണല്ലോ.

 അതെ. കലൈ‌ഞ്ജറും ക്യാപ്റ്റനും ചേർന്ന് ആരംഭിക്കേണ്ടിയിരുന്ന മുന്നണിയാണിത്.

?​ ഭരണം ലഭിക്കുമോ.

 ഭരണത്തിൽ വന്നു കഴിഞ്ഞതു പോലെ തന്നെ. എല്ലാ സീറ്റും ലഭിക്കും. അതാണ് വിശ്വാസം. വിശ്വാസമാണ് ജീവിതം.

?​ അമ്മ പ്രേമലത മത്സരിക്കുന്ന വിരുദാചലത്തെ സ്ഥിതി.

 വിരുദാചലം ക്യാപ്റ്റൻ മത്സരിച്ച മണ്ഡലമാണ്. ക്യാപ്റ്റൻ വിജയകാന്ത് എന്നാൽ ആ നാട്ടുകാർക്ക് ജീവനാണ്. അമ്മ തീർച്ചയായും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.

?​ ഭരണത്തിൽ പങ്കാളിത്തം ലഭിക്കുമോ.

 അത് ഇപ്പോൾ പറയാൻ കഴിയില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം പറയാം.

ക്യാപ്റ്റന്റെ

റോൾ

2005 സെപ്തംബർ 14-നാണ് ഡി.എം.ഡി.കെ രൂപീകരിച്ചുകൊണ്ട് വിജയകാന്ത് മധുരയിൽ പ്രഖ്യാപനം നടത്തുന്നത്. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും മത്സരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്കുള്ള പാർട്ടിയുടെ അരങ്ങേറ്റം. വിജയകാന്ത് വിരുദാചലത്ത് വിജയിച്ചുവെങ്കിലും ബാക്കി എല്ലാവരും തോറ്രു. ആകെ പത്തു ശതമാനം വോട്ട് നേടിയത് നേട്ടമായി.

അടുത്ത തവണ ജയലളിതയുമായി ധാരണയുണ്ടാക്കി അണ്ണാ ഡി.എം.കെ നയിച്ച മുന്നണിയുടെ ഭാഗമായി 41 സീറ്റുകളിൽ മത്സരിച്ചു. 29 സീറ്റുകളിൽ ഡി.എം.ഡി.കെ വിജയിച്ചു. ആ തിരഞ്ഞെടുപ്പിൽ ഡി.എം.കെയ്ക്ക് ആകെ ലഭിച്ചത് 23 സീറ്റായിരുന്നു. ഇടയ്ക്ക് ജയലളിതയുമായി പിണങ്ങിയതോടെ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് എന്ന് സ്വയം പ്രഖ്യാപിച്ച് മുന്നണി വിട്ടു.

2016-ലെ തിരഞ്ഞടുപ്പിൽ സി.പി.എം, സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളെ ഉൾപ്പെടുത്തി മുന്നണി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു. അത് തിരിച്ചടിയായി. ഒരു സീറ്റുപോലും ലഭിച്ചില്ല. ആദ്യകാലത്ത് വിജയകാന്തിനൊപ്പം ഉണ്ടായിരുന്ന മുതിർന്ന രാഷ്ട്രീയ നേതാക്കൾ പിണങ്ങി മാറിയതും പാർട്ടിയിൽ കുടുംബാംഗങ്ങൾ പിടിമുറുക്കിയതുമാണ് തിരിച്ചടിക്കു കാരണമെന്ന് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നു. 2023 ഡിസംബർ 28-നാണ് വിജയകാന്ത് അന്തരിച്ചത്.

പല മുന്നണികളും മാറി പരീക്ഷണം നടത്തിയ ഡി.എം.ഡി.കെ ഇപ്പോൾ ഡി.എം.കെ നയിക്കുന്ന മുന്നണിയിലാണ്. പാർട്ടിയുടെ ശക്തി തെളിയിക്കാനായി മധുരയിൽ വൻ സമ്മേളനം നടത്തിയ ശേഷമായിരുന്നു മുന്നണിമാറ്റം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ‌‌ഡി.എം.കെക്ക് ഒപ്പമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിരുദുനഗറിൽ നിന്ന് മത്സരിച്ച പാർട്ടിയുടെ യുവജന വിഭാഗം സെക്രട്ടറി കൂടിയായ വിജയ പ്രഭാകരൻ 4379 വോട്ടിനാണ് പരാജയപ്പെട്ടത്. ഈയിടെ നടന്ന പൊതുയോഗത്തിൽ കോൺഗ്രസിനെ വിശ്വസിക്കരുതെന്ന് വിജയ പ്രഭാകരൻ പറഞ്ഞത് വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.