SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.15 PM IST

ബുദ്ധിശക്തിയിൽ മില്ലേനിയൽസിനേക്കാൾ ജെൻ സി പിന്നിൽ; ഒരു തലമുറ മുൻഗാമികളേക്കാൾ പിന്നിലാകുന്നത് ഇതാദ്യമാകാൻ കാരണം

Increase Font Size Decrease Font Size Print Page
millennials

സമൂഹമാദ്ധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ ട്രെൻഡാകുന്ന ഒന്നാണ് ജെൻസിയും മില്ലേനിയൽസും തമ്മിലെ താരതമ്യം. മില്ലേനിയൽസിന്റെ പിൻഗാമികളാണ് ജെൻ സി അല്ലെങ്കിൽ സൂമറുകൾ. 1997നും 2012നും ഇടയിൽ ജനിച്ചവരാണിവർ. 1981നും 1996നും ഇടയിൽ ജനിച്ചവരാണ് മില്ലേനിയൽസ്. ജനറേഷൻ വൈ എന്നും ഇവർ അറിയപ്പെടാറുണ്ട്. ഇതിനിടയിൽ പുതിയൊരു ച‌ർച്ചയും സമൂഹമാദ്ധ്യമങ്ങളിൽ കൊഴുക്കുന്നുണ്ട്. ജെൻ സികളേക്കാൾ മില്ലേനിയൽസുകളാണോ ബുദ്ധിമാന്മാർ എന്നതാണ് ച‌ർച്ചാവിഷയം. ന്യൂറോസയന്റിസ്റ്റും അദ്ധ്യാപകനുമായ ഡോ. ജേർഡ് കൂണി ഹോർവാത്തിന്റെ പഠന റിപ്പോർട്ടാണ് ചർച്ചകൾക്കാധാരം.

മുൻ തലമുറയേക്കാൾ കുറഞ്ഞ സ്കോർ നേടുന്ന ആദ്യ തലമുറയാണ് ജെൻ സി എന്നാണ് ഡോ. ജേർഡ് കൂണിയുടെ കണ്ടെത്തൽ. ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് അദ്ദേഹം വാണിജ്യം, ശാസ്ത്രം, ഗതാഗതം എന്നിവ കൈകാര്യം ചെയ്യുന്ന യുഎസ് സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ, ടാബ്‌ലെറ്റ്, മൊബൈൽ ഫോൺ എന്നിവയുടെ അമിത ഉപയോഗമാണ് ഇതിനുകാരണമായി കൂണി ചൂണ്ടിക്കാട്ടുന്നത്.

മുൻ തലമുറയെ അപേക്ഷിച്ച് ബുദ്ധിക്കുറവ് ജെൻ സിക്കുണ്ടെന്നാണ് കണ്ടെത്തൽ. ശ്രദ്ധാപരിധി, ഓർമ്മശക്തി, വായനാ വൈദഗ്ദ്ധ്യം, സംഖ്യാശേഷി, പ്രശ്നപരിഹാരം, മൊത്തത്തിലുള്ള ഐക്യു എന്നിവയുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും സത്യമാണ്. സ്‌കൂളിൽ ഉൾപ്പെടെ അമിതമായി സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് ജെൻ സിയുടെ ബുദ്ധിവികാസത്തെ തടസപ്പെടുത്തിയെന്ന് റിപ്പോ‌ർട്ടിൽ പറയുന്നു. ഇരുപതാം നൂറ്റാണ്ടിലെ കുട്ടികളേക്കാൾ കൂടുതൽ സമയം സ്കൂളിൽ ചെലവഴിച്ചിട്ടും ജെൻ സിയുടെ ബുദ്ധിശക്തി കുറഞ്ഞു. ചെറുവീഡിയോകളാണ് ജെൻ സി പഠനത്തിനായി കൂടുതലും ഉപയോഗിക്കുന്നത്. സമഗ്രമായ ആശയങ്ങൾ മനസിലാക്കുന്നതിനുപോലും ഹ്രസ്വ വാക്യങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്. ചെറിയ ക്ലിപ്പുകളിൽ നിന്ന് പഠിക്കാനുതകുന്ന തരത്തിലല്ല മനുഷ്യ മസ്തിഷ്കം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അതിനാലാണ് ഈ തലമുറയുടെ ബുദ്ധി വികസിക്കാത്തതെന്നും കൂണി തന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മനുഷ്യർ ജൈവശാസ്ത്രപരമായി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത് മറ്റ് മനുഷ്യരിൽ നിന്നും ആഴത്തിലുള്ള പഠനങ്ങളിൽ നിന്നും ഗ്രഹിക്കാനാണ്. മറിച്ച് ചെറു സംഗ്രഹങ്ങൾക്കായി സ്‌ക്രീനുകളിലൂടെ മറിച്ചുനോക്കാനല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്ക്രീനുകളിൽ നിന്നുള്ള പഠനം അവരെ മടിയന്മാരാക്കി മാറ്റി. താനൊരു ടെക് വിരോധിയല്ലെന്നും എന്നാൽ കുട്ടികളുടെ സ്‌ക്രീൻ ടൈം കുറയ്ക്കുന്നത് ബുദ്ധിവികാസത്തിന് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുസ്‌തകം നോക്കിയുള്ള പഴയകാല പഠന രീതികളിലേയ്ക്ക് തിരികെ പോകണമെന്നും അദ്ദേഹം നി‌ർദേശിച്ചു.

ഇതുവരെയുള്ള എല്ലാ തലമുറകളും തങ്ങളുടെ മുൻഗാമികളേക്കാൾ ബുദ്ധിശക്തിയിൽ മുന്നിലായിരുന്നു. എന്നാൽ ഈ പിന്തുടർച്ച ജെൻ സിയിലുണ്ടായില്ല. ഡിജിറ്റൽ ടെക്‌നോളജി കൂടുതലായി ഉപയോഗിക്കുന്നയിടത്ത് പ്രകടനം താഴെ പോകുന്നു. വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യ അമിതമായി പ്രവേശിക്കുമ്പോൾ പഠനം താഴെപ്പോകുന്നുവെന്നും ഡോ. കൂണി പറയുന്നു.

നാഷണൽ ലിറ്ററസി ട്രസ്റ്റിന്റെ 2024ലെ പഠനം പ്രകാരം 8-18 വയസ് പ്രായമുള്ള മൂന്ന് കുട്ടികളിൽ ഒരാൾ മാത്രമേ ഒഴിവുസമയങ്ങളിൽ വായന ആസ്വദിക്കുന്നുള്ളൂ. അഞ്ചിൽ ഒരാൾ മാത്രമാണ് ദിവസവും വായന പതിവാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യുഎസിൽ മുതിർന്ന വിദ്യാർത്ഥികളിലും മുതിർന്നവരിലും ദൈനംദിന വായന 40 ശതമാനത്തിലധികം കുറഞ്ഞുവെന്നാണ് ഫ്ലോറിഡ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനം മൂലം സ്‌കൂളുകൾ അടച്ചുപൂട്ടിയത് പ്രത്യാഘാതം കൂടുതൽ വലുതാക്കി. രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ വായനാ വൈദഗ്ദ്ധ്യം പ്രതീക്ഷിച്ച മാനദണ്ഡങ്ങളേക്കാൾ ഏകദേശം 30 ശതമാനം പിന്നിലാണെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു.

TAGS: MILLENIALS, GEN Z, MILLENIALS VS GENZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.