SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.18 AM IST

റെക്കാഡ് പോളിംഗിൽ ചങ്കിടിപ്പോടെ മുന്നണികൾ

Increase Font Size Decrease Font Size Print Page
s

നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതോടെ, ഹൈറേഞ്ചിന്റെ മനസ്സ് ആർക്കൊപ്പമാണെന്ന കാര്യത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ കൊഴുക്കുകയാണ്. ജില്ലയിലെ 77.15 ശതമാനം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. ഇടുക്കി ജില്ല രൂപീകൃതമായതിന് ശേഷം ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ 1987ലെ (77.69%) ചരിത്രത്തിനൊപ്പമെത്തുന്ന പ്രകടനമാണിത്. ജില്ലയിലെ 8,05,427 വോട്ടർമാരിൽ 6,21,373 പേരും ഇത്തവണ ബൂത്തിലെത്തി. ഇതിൽ പുരുഷന്മാരും (3,12,207) സ്ത്രീകളും (3,09,160) ഏകദേശം തുല്യശക്തികളായി വോട്ട് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. മണ്ഡലം തിരിച്ചുള്ള കണക്കെടുത്താൽ ഉടുമ്പഞ്ചോലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് (79.51%) രേഖപ്പെടുത്തിയത്. എന്നാൽ ഇടുക്കി മണ്ഡലത്തിൽ ഇത് 75.4 ശതമാനമായി കുറഞ്ഞു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 71.96 ശതമാനമായിരുന്നു പോളിംഗ്. രണ്ട് പതിറ്റാണ്ടായി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുള്ള ഇടുക്കിയിൽ പോളിംഗ് കൂടിയത് ആരെ തുണയ്ക്കുമെന്നാണ് മുന്നണികളുടെ ആശങ്ക. കഴിഞ്ഞ നാല് ടേമുകളിലായി കോൺഗ്രസിന് ഒരു എം.എൽ.എ പോലും ഇടുക്കിയിലില്ല. നിലവിൽ തൊടുപുഴയൊഴിച്ച് മറ്റ് നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ഈ മേൽക്കൈ നഷ്ടമാകാതിരിക്കാനാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷമെങ്കിലും ഭരണവിരുദ്ധ തരംഗമുണ്ടെങ്കിൽ അഞ്ച് സീറ്റും യു.ഡി.എഫിന് നേടാനാകും. എന്നാൽ ഏത് തരംഗത്തിലും അടിപതറാത്ത ഇടത് കോട്ടകളാണ് ഉടുമ്പഞ്ചോലയും ദേവികുളവും. പീരുമേട്, ഇടുക്കി എന്നീ മണ്ഡലങ്ങളിൽ പ്രവചനാതീതമായ ശക്തമായ മത്സരമായിരുന്നു. ആര് ജയിച്ചാലും അയ്യായിരത്തിൽ താഴെയാകും ഭൂരിപക്ഷമെന്ന് ഉറപ്പ്.

ഇരട്ട വോട്ട് ഒഴിവായി

എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുറതെറ്റാതെ ഇടുക്കിയിൽ ഇരട്ട വോട്ട് വിവാദം ഉയരാറുണ്ട്. എന്നാൽ ഇത്തവണ വോട്ടർപട്ടിക സമഗ്ര പരിഷ്‌കരണത്തിന് (എസ്.ഐ.ആർ) ശേഷം ജില്ലയിലാകെ 83,998 വോട്ടർമാരാണ് കുറഞ്ഞത്. പുറത്തു പോയവരിലേറെയും ഇരട്ട വോട്ടുകളാണെന്നാണ് നിഗമനം. ഇത്രയുമധികം പേർ പുറത്തായത് ഏത് മുന്നണിക്കാണ് ക്ഷീണമാകുകയെന്നതാണ് ഉയരുന്ന ചോദ്യം. കേരളത്തിലും തമിഴ്നാട്ടിലും തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ കൈവശമുള്ളവരാണ് രണ്ടിടത്തും വോട്ടു ചെയ്യുന്നത്. പീരുമേട്, ദേവികുളം, ഉടുമ്പൻചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തിൽ ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്. തമിഴ്നാട്ടിലെ കമ്പം, തേനി തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളോടും തേനി ലോക്സഭാ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ. മൂന്നു മുന്നണികൾക്കും ഇവർക്കിടയിൽ സ്വാധീനമുണ്ട്. തോട്ടം തൊഴിലാളികളിൽ ഒട്ടുമിക്കവരും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിൻബലത്തിലുള തൊഴിലാളി യൂണിയനുകളിൽ അംഗങ്ങളായിരിക്കും. ഇതേ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് തമിഴ്നാട്ടിൽ സ്ഥിരം മേൽവിലാസവും വോട്ടേഴ്സ് ഐഡിയും ഉണ്ടായിരിക്കെ കേരളത്തിലെ താത്കാലിക മേൽവിലാസത്തിൽ റേഷൻകാർഡും വോട്ടേഴ്സ് ഐഡിയും നേടിക്കൊടുക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പ്രശ്നത്തെച്ചൊല്ലി സംഘർഷം ഉടലെടുത്തിരുന്നു.

മുൻ ഫലങ്ങൾ നൽകുന്ന സൂചന

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെയും അതിന് മുമ്പുള്ള ലോക്സഭാ തിരഞ്ഞെടുപ്പിലെയും മിന്നുന്ന ജയം യു.ഡി.എഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അഞ്ച് മാസം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, പീരുമേട് എന്നീ നാല് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് മുൻതൂക്കം. ദേവികുളത്തുമാത്രമാണ് ഇടതിന് ആശ്വസിക്കാനുള്ളത്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പലയിടത്തും ഇടതുകോട്ടകളിൽ വിള്ളൽ വീണിരുന്നു. തൊടുപുഴ മണ്ഡലത്തിൽ നഗരസഭയും പത്ത് പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പമാണ്. മുട്ടവും മണക്കാടും മാത്രമാണ് ഇടതിനൊപ്പമുള്ളത്. റോഷിയുടെ തട്ടകമായ ഇടുക്കി മണ്ഡലത്തിൽ കട്ടപ്പന നഗരസഭയും മുഴുവൻ പഞ്ചായത്തുകളും യു.ഡി.എഫിനാണ്. ഇടതിന്റെ പൊന്നാപുരം കോട്ടയായിരുന്ന ഉടുമ്പഞ്ചോലയിൽ ആകെയുള്ള പത്ത് പഞ്ചായത്തിൽ അഞ്ചിലും യു.ഡി.എഫിനാണ് മുൻതൂക്കം. ദേവികുളം മണ്ഡലത്തിൽ ആകെയുള്ള 12 സീറ്റിൽ ആറെണ്ണം കിട്ടിയത് മാത്രമാണ് എൽ.ഡി.എഫിന് ആശ്വസിക്കാനുള്ളത്. അഞ്ചെണ്ണം യു.ഡി എഫിനും. ഒരിടത്ത് ആർക്കും ഭൂരിപക്ഷമില്ല. പീരുമേട് മണ്ഡലത്തിലെ ആകെയുള്ള ഒമ്പത് പഞ്ചായത്തിൽ ഏഴും യു.ഡി.എഫിനൊപ്പമാണ്. വണ്ടിപ്പെരിയാറും ഉപ്പുതറയും മാത്രമാണ് ഇടതിനൊപ്പമുള്ളത്. രണ്ട് വർഷം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടി സർവാധിപത്യത്തോടെയാണ് ഡീൻ കുര്യാക്കോസ് വിജയിച്ചത്. ഇടതിന്റെ ഉറച്ച മണ്ഡലമായ ഉടുമ്പഞ്ചോലയിൽ 6760 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഡീൻ കരസ്ഥമാക്കിയത്. തൊടുപുഴയിൽ 33,620 വോട്ടുകളുടെ ലീഡാണ് ഡീൻ സ്വന്തമാക്കിയത്. മന്ത്രി റോഷി അഗസ്റ്റിന്റെ തട്ടകമായ ഇടുക്കിയിൽ 15,595 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് കരസ്ഥമാക്കിയത്. എൽ.ഡി.എഫിന്റെ എക്കാലത്തെയും ഉറച്ച വോട്ടുബാങ്കായിരുന്ന തോട്ടംമേഖലയിലെ രണ്ട് മണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് കൈവരിച്ചത്. ദേവികുളം മണ്ഡലത്തിൽ 12,437ഉം പീരുമേട്ടിൽ 14,641 വോട്ടും നേടി. ഈ തരംഗം നിയമസഭയിൽ ആവർത്തിച്ചാൽ നേട്ടം യു.ഡി എഫിനാകും.

ഇടത് അഞ്ചിടത്തും സുരക്ഷിതമല്ല

നിയമസഭാ തിരഞ്ഞെടുപ്പിൽ തൊടുപുഴ കൂടാതെ പീരുമേടും നഷ്ടമാകുമെന്നും ഭരണവിരുദ്ധ തരംഗമുണ്ടായാൽ അഞ്ചിടത്തും സ്ഥിതി സുരക്ഷിതമല്ലെന്നുമാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. നിലവിൽ ഇടതുപക്ഷത്തിന്റെ കൈവശമുള്ള നാല് മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നതെന്നാണ് തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. ഇതിൽ പീരുമേട് കൈവിടേണ്ടി വരും. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ. സലിംകുമാർ മണ്ഡലത്തിന് പുറത്ത് നിന്ന് ലോ റേഞ്ചിൽ നിന്നുള്ള സ്ഥാനാർത്ഥിയാണെന്നത് പ്രതികൂലഘടകമായി. യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസിന് മുൻ എം.എൽ.എ കെ.കെ. തോമസിന്റെ മകനെന്ന നിലയിലും വ്യക്തിപരമായുമുള്ള മണ്ഡലത്തിലെ ബന്ധം ഗുണം ചെയ്തു. മൂന്ന് തവണ മത്സരിക്കുന്ന മത്സരിച്ച് പരാജയപ്പെട്ടതിനെ തുടർന്നുള്ള സഹതാപ തരംഗവും സിറിയക്കിന് അനുകൂല ഘടകമായി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മികച്ച സ്ഥാനാർത്ഥിയെ നിർത്തി എൻ.ഡി.എ മണ്ഡലത്തിലെമ്പാടും പ്രചാരണം നടത്തിയത് മൂലം ഇടതുമുന്നണിക്ക് കിട്ടേണ്ട ഈഴവ പിന്നാക്ക വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും കണ്ടെത്തലുണ്ട്. ജില്ലാ സെക്രട്ടറി മത്സരിച്ചിട്ട് പോലും സി.പി.ഐ മണ്ഡലത്തിൽ ശക്തമായി പ്രവർത്തിച്ചില്ലെന്നും സി.പി.എം മാത്രമാണ് സജീവമായിരുന്നതെന്നും വിമർശനവുമുയർന്നു.

തൊടുപുഴ മണ്ഡലത്തിൽ മനുഷ്യ സാദ്ധ്യമായതെല്ലാം പാർട്ടി ചെയ്‌തെങ്കിലും വിജയിക്കില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ പി.ജെ. ജോസഫിന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം കുറയ്ക്കാനാകും. ഇവിടെ യു.ഡി.എഫിനുള്ളിലെ അടിയൊഴുക്കിലും എൻ.ഡി.എ വോട്ടുകളിലെ ചോർച്ചയിലും പാർട്ടി പ്രതീക്ഷ വയ്ക്കുന്നുണ്ട്. മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ദേവികുളത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായതോടെ മണ്ഡലത്തിൽ ത്രികോണ മത്സരമാണ് അരങ്ങേറിയതെന്നാണ് പാർട്ടി വിലയിരുത്തൽ. സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് (എസ്.ഐ.ആർ) ശേഷം കുറഞ്ഞ വോട്ടുകളിലേറെയും ഇടത് മുന്നണിയുടേതാണ്. എങ്കിലും സാമുദായിക സമവാക്യങ്ങളുടെ പിൻബലത്തിൽ അയ്യായിരത്തോളം വോട്ട് നേടി വിജയിക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ.
ജില്ലയിൽ ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ഉടുമ്പഞ്ചോലയിൽ പ്രതീക്ഷിച്ചതിനേക്കാൾ ശക്തമായ മത്സരമാണ് അരങ്ങേറിയത്. ഉറപ്പായും വിജയിക്കുമെങ്കിലും കഴിഞ്ഞ തവണ എം.എം. മണിക്ക് കിട്ടിയ ഭൂരിപക്ഷമുണ്ടാകില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മത്സരിക്കുന്നതിന്റെ ഗൗരവത്തോടെ പാർട്ടി സംഘടനാ സംവിധാനം പ്രവർത്തിച്ചില്ലെന്ന വിമർശനം യോഗത്തിൽ ഉയർന്നതായാണ് അറിവ്. ജില്ലയിൽ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന ഇടുക്കി മണ്ഡലത്തിൽ റോഷി അഗസ്റ്റിന്റെ വ്യക്തിഗത മികവിൽ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. റോഷിയുടെ വിജയത്തിനായി സി.പി.എം ഒറ്റക്കെട്ടായി ഇവിടെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. എന്നാൽ യു.ഡി.എഫ് ശക്തികേന്ദ്രമായ കട്ടപ്പനമേഖലയിൽ വേണ്ടത്ര പ്രവർത്തനമുണ്ടായില്ലെന്നും വിമർശനമുയർന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.