
തിരുവനന്തപുരം:രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഡയറക്ടറായി പ്രശസ്ത ശാസ്ത്രജ്ഞ ഡോ.ബീനപിള്ള ചുമതലയേറ്റു.ന്യൂഡൽഹിയിലെ സി.എസ്.ഐ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ചീഫ് സയന്റിസ്റ്റാണ്.അഞ്ചു വർഷമാണ് കാലാവധി.പ്രൊഫ.ചന്ദ്രഭാസ് നാരായണ വിരമിച്ചതിനെ തുടർന്നാണ് നിയമനം.
എറണാകുളം ജില്ലയിലെ കാലടി സ്വദേശിയാണ്.മുംബയിലെ റാംനരൈൻ റൂയിയ കോളേജിൽ നിന്ന് ബിരുദവും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ഇന്റഗ്രേറ്റഡ് എം.എസ് പിഎച്ച്ഡിയും പൂർത്തിയാക്കിയശേഷം സി.എസ്.ഐ.ആർ.ഐ.ജി.ഐ.ബിയിൽ യുവശാസ്ത്രജ്ഞയായി ചേർന്നു.
ആർ.എൻ.എ ബയോളജി,ന്യൂറോണൽ വികസനവും അവയുടെ പ്രവർത്തനങ്ങളും തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നാഷണൽ ബയോസയൻസ് അവാർഡ്,ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയങ് സയന്റിസ്റ്റ് അവാർഡ്,സി.എസ്.ഐ.ആർ യങ് സയന്റിസ്റ്റ് അവാർഡ് (ബയോളജിക്കൽ സയൻസസ്) എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.ന്യൂറോജെനിസിസ്,രോഗ സാധ്യതകൾ, മുതിർന്നവരുടെ പെരുമാറ്റം, രോഗങ്ങൾ എന്നിവയിൽ ആർ.എൻ.എയുടെ പങ്ക് സംബന്ധിച്ച ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |