SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.35 AM IST

വനിതാ സംവരണ ബിൽ, ജനാധിപത്യത്തിലെ സൂര്യോദയം

Increase Font Size Decrease Font Size Print Page
s

നരേന്ദ്ര മോദി സർക്കാർ ലോ‌ക്‌സഭയിൽ അവതരിപ്പിച്ച, നിയമസഭകളിലും പാർലമെന്റിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ സൂര്യോദയമാണ്. നിലവിൽ ലോ‌ക്‌സഭയിലും വിവിധ നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിദ്ധ്യം ആകെ അംഗസംഖ്യയുടെ 15 ശതമാനത്തിൽ താഴെ മാത്രമാണ്. ഈ സാഹചര്യത്തിൽ 33 ശതമാനം സംവരണം നടപ്പിലാക്കുന്നതോടെ തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകളുടെ സജീവമായ സാന്നിദ്ധ്യം ഉറപ്പാകും. സ്ത്രീകളെ വെറും ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ഗുണഭാക്താക്കളായല്ല, മറിച്ച് രാജ്യത്തിന്റെ ഗതി തീരുമാനിക്കുന്ന കരുത്തുറ്റ നേതാക്കളായാണ് ബി.ജെ.പി കാണുന്നത്.


സ്ത്രീ ജീവിതം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടതല്ലെന്ന ഉറച്ചതും പുരോഗമനപരവുമായ നിലപാടാണ് ബി.ജെ.പി സർക്കാരിനുള്ളത്. 'സ്ത്രീകൾ എവിടെ ആദരിക്കപ്പെടുന്നുവോ,​ അവിടെ ദൈവങ്ങൾ വസിക്കുന്നു' (യത്ര നാര്യസ്തു പൂജ്യന്തേ,​ രമന്തേ തത്ര ദേവതാ:) എന്ന സങ്കല്പത്തെ ആധുനിക ഭരണസംവിധാനവുമായി കോർത്തിണക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. സുരക്ഷിതയും ശക്തയും സ്വയംപര്യാപ്തയുമായ സ്ത്രീസമൂഹം എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം ഇന്ന് കുതിക്കുന്നത്.

സാരഥികൾ

സ്ത്രീകൾ


2014-ൽ നരേന്ദ്രമോദി സർക്കാർ ഭരണമേറ്റതു മുതൽ നടപ്പിലാക്കിയ എല്ലാ പദ്ധതികളും സ്ത്രീക്ഷേമത്തിൽ ഊന്നിയുള്ളതാണ്. സ്ത്രീകളെ വെറും ഗുണഭോക്താക്കളായി കാണുന്നതിനു പകരം, വികസനത്തിന്റെ സാരഥികളായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സർക്കാർ പ്രവർത്തിക്കുന്നത്. മുസ്ലീം സ്ത്രീകൾക്ക് സാമൂഹിക നീതിയും ലിംഗസമത്വവും ഉറപ്പാക്കുന്നതിനായി മുത്തലാഖ് നിയമവിരുദ്ധമാക്കിയത് ഏറ്റവും പ്രധാന തീരുമാനങ്ങളിലൊന്നായി. പുകയില്ലാത്ത അടുക്കളകൾ ഉറപ്പാക്കി കോടിക്കണക്കിന് സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകിയത് അവരുടെ ആരോഗ്യത്തിലും ജീവിതനിലവാരത്തിലും വലിയ മാറ്റമുണ്ടാക്കി.

വീടുകളിൽ ശുചിമുറികൾ നിർമ്മിച്ചു നൽകിയത് സ്ത്രീകളുടെ സുരക്ഷയും അന്തസും വർദ്ധിപ്പിച്ചു. ഗ്രാമീണ- നഗര മേഖലകളിലെ സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിന് മുദ്രാ വായ്പാ പദ്ധതി വലിയ പങ്കുവഹിച്ചു. ഈ പദ്ധതിക്കു കീഴിൽ അനുവദിച്ച വായ്പകളിൽ 70 ശതമാനത്തോളം സ്ത്രീ സംരംഭകർക്കാണ് ലഭിച്ചത്. 'ബേട്ടി ബച്ചാവോ,​ ബേട്ടി പഠാവോ' എന്ന ക്യാമ്പയിനിലൂടെ പെൺകുട്ടികളുടെ ജനനനിരക്കിലും വിദ്യാഭ്യാസത്തിലും വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചു. സായുധ സേനകളിൽ സ്ത്രീകൾക്ക് തുല്യമായ അവസരങ്ങൾ നൽകിയതും,​ സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചതും നവഭാരതത്തിന്റെ മാറുന്ന കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നത്.

നാരീശബ്ദം

നിറയട്ടെ

ഇപ്പോൾ 'നാരീശക്തി വന്ദൻ അധിനിയ"ത്തിലൂടെ പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനം സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പാക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ ശബ്ദം നിയമനിർമ്മാണ സഭകളിൽ അർഹമായ രീതിയിൽ കേൾപ്പിക്കാൻ ഈ സംവരണം അത്യന്താപേക്ഷിതമാണ്. സ്ത്രീകൾ ഭരണരംഗത്ത് എത്തുമ്പോൾ അത് സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സഹായിക്കുമെന്നതിൽ സംശയമൊട്ടുമില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ പ്രാതിനിദ്ധ്യം ഇതു തെളിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള സംവരണം വഴി മികച്ച പ്രകടനം കാഴ്ചവച്ച ഒട്ടേറെ വനിതാ നേതാക്കൾ നമുക്കുണ്ട്. അവർക്ക് സംസ്ഥാന, ദേശീയ തലങ്ങളിലേക്ക് ഉയരാൻ ഈ പുതിയ നിയമം വലിയ അവസരമൊരുക്കും. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശിശുക്ഷേമം തുടങ്ങിയ മേഖലകളിൽ കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ വനിതാ ജനപ്രതിനിധികൾക്ക് സാധിക്കുന്നു. നിയമസഭകളിലും പാർലമെന്റിലും ഈ മാറ്റം പ്രതിഫലിക്കുമ്പോൾ രാജ്യം കൂടുതൽ സമഗ്രമായ വികസനത്തിലേക്ക് കുതിക്കും.


ഈ ബിൽ നിയമമാകുന്നതോടെ നമുക്കു ലഭിക്കാൻ പോകുന്നത് വനിതാ നേതാക്കളുടെ വലിയ ശ്രേണിയാണ്. രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ പുരുഷാധിപത്യ പ്രവണതകൾ അത് കുറയ്ക്കും. ലിംഗസമത്വത്തിലേക്കുള്ള വലിയൊരു ചുവടുവയ്പു കൂടിയാണിത്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി നടപ്പിലാക്കുന്നതിനുള്ള നിർണായക ചുവടുവയ്പു കൂടിയാണിത്. രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ പ്രാപ്തിയുള്ളവരാണെന്നു തെളിയിക്കാൻ ഭാരതീയ സ്ത്രീകൾക്ക് ഈ നിയമം കരുത്തുനൽകും.


ഇത് സ്ത്രീകളെ കേവലം വോട്ടുബാങ്ക് മാത്രമായി കാണാതെ നയരൂപീകരണത്തിന്റെ ഭാഗമാക്കുന്നു. ഭരണരംഗത്ത് തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ അവർക്ക് നിർണായക സ്വാധീനം ലഭിക്കുന്നു. സ്ത്രീശബ്ദം കൂടുതൽ ഉച്ചത്തിൽ നിയമ നിർമ്മാണ സഭകളിൽ ഉയരുമ്പോൾ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കൂടുതൽ ശക്തമായി ഉന്നയിക്കപ്പെടും. സ്ത്രീകൾക്കായി കൂടുതൽ പ്രായോഗികമായ നിയമങ്ങൾ നിർമ്മിക്കപ്പെടാൻ ഇത് കാരണമാകും. വനിതാ സംവരണ നിയമം കേവലം സീറ്റുകളുടെ എണ്ണം കൂട്ടുക മാത്രമല്ല ചെയ്യുന്നത്; മറിച്ച്, സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്ന ഒരു ജനാധിപത്യം കെട്ടിപ്പടുക്കുകയാണ്.

മാറ്റത്തിന്റെ

തുടക്കം

സ്ത്രീകളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും ഭരണനിർവഹണത്തിൽ പ്രതിഫലിക്കുമ്പോൾ അത് രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന് വഴിയൊരുക്കും. സ്ത്രീകൾ ഉയർന്ന ഭരണപദവികളിൽ എത്തുന്നത് സമൂഹത്തിൽ അവർക്ക് ലഭിക്കുന്ന ബഹുമാനം വർദ്ധിപ്പിക്കും. പെൺകുട്ടികൾക്ക് രാഷ്ട്രീയത്തെ ഒരു കരിയറായി കാണാനും പൊതുപ്രവർത്തനത്തിലേക്ക് കടന്നുവരാനും ഇത് പ്രചോദനമാകും. നിയമത്തിന്റെ ഗുണഫലങ്ങൾ പൂർണമായി ലഭിക്കുന്നതിന് സ്ത്രീകൾക്ക് രാഷ്ട്രീയ പാർട്ടികൾക്കകത്തും അർഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാലക്രമേണെ ആ തരത്തിലേക്ക് മാറ്റപ്പെടുമെന്നതിൽ സംശയമില്ല.


ബിൽ നടപ്പിലാക്കുന്നതിനു മുൻപ് മണ്ഡല പുനർനിർണയവും സെൻസസും ആവശ്യമാണെന്നിരിക്കെ, അതിന്റെ സാങ്കേതിക നടപടികൾ എത്രയും വേഗം പൂർത്തിയാക്കേണ്ടതുണ്ട്. 'പ്രോക്സി പൊളിറ്റിക്സ്' അഥവാ പുരുഷന്മാർക്കു വേണ്ടി സ്ത്രീകൾ അധികാരം കൈയാളുന്ന രീതി മാറണമെങ്കിൽ സ്ത്രീകൾക്ക് രാഷ്ട്രീയമായ അവബോധവും പരിശീലനവും നൽകേണ്ടതും അത്യാവശ്യമാണ്. അതിനും രാഷ്ട്രീയ പാർട്ടികൾ മുൻകൈയെടുക്കണം. ഇത്തരം കാര്യങ്ങളൊന്നും ശരിയായി മനസി​ലാക്കാതെയാണ് ചിലരൊക്കെ ബില്ലിനെ എതിർക്കുന്നത്.

കഴിഞ്ഞ 27 വർഷമായി വിവിധ സർക്കാരുകൾ ഈ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പാസാക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തിയിരുന്നില്ല. അന്ന് ബിൽ കീറിയെറിഞ്ഞവരും നിശബ്ദത പാലിച്ചവരും ഇന്ന് ബില്ലിലെ 'അപാകതകളെ"ക്കുറിച്ച് സംസാരിക്കുന്നത് രാഷ്ട്രീയമായ ഇരട്ടത്താപ്പാണ്. ചില രാഷ്ട്രീയ പാർട്ടികൾ ഭയപ്പെടുന്നത് തങ്ങളുടെ ഉറച്ച സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവയ്‌ക്കേണ്ടി വരുമോ എന്നാണ്. പുരുഷാധിപത്യപരമായ ഈ രാഷ്ട്രീയ ചിന്താഗതിയെ മറികടക്കാൻ നിയമപരമായ സംവരണം അത്യന്താപേക്ഷിതമാണ്.

ഔദാര്യമല്ല;

അവകാശം


കേരളത്തിലാണ് എതിർപ്പ് കൂടുതൽ. കഴിഞ്ഞ 70 വർഷമായി മാറിമാറി ഭരിച്ച ഇടതു- വലതു മുന്നണികൾക്ക് ഇത്രയും കാലമായിട്ടും കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി​യെപ്പോലും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല, എന്നാൽ മോദി​ സർക്കാർ വെറും പ്രസംഗങ്ങളിൽ ഒതുങ്ങാതെ പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്കായി 33 ശതമാനം സീറ്റുകൾ നിയമപരമായി ഉറപ്പാക്കാനുള്ള നീക്കത്തിലാണ്. ഇത് ആരോടും കാണിക്കുന്ന ഔദാര്യമല്ല; മറിച്ച്,​ സ്ത്രീകൾക്ക് ഈ മണ്ണിൽ ലഭിക്കണ്ട അർഹമായ അധികാരമാണ്. 'നാരി ശക്തി വന്ദൻ അഭിയാൻ" എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് സ്ത്രീകൾക്കായുള്ള രാഷ്ട്രീയ പ്രഖ്യാപനമാണ്.

ബില്ലിനെതിരെ ഉയരുന്ന സാങ്കേതിക തടസവാദങ്ങൾ സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തെ ഭയപ്പെടുന്നതിൽ നിന്ന് ഉടലെടുക്കുന്നവയാണ്. നാരീശക്തി വന്ദൻ അധിനിയം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ ജനാധിപത്യം കൂടുതൽ അർത്ഥവത്താവുകയാണ് ചെയ്യുന്നത്. ഈ ബിൽ ഒരു ഔദാര്യമല്ല, മറിച്ച് സ്ത്രീകളുടെ അവകാശമാണ്. ഇത് നടപ്പിലാകുന്നതോടെ ഭാരതം ഒരു വികസിത രാഷ്ട്രമായി മാറുന്നതിനുള്ള യാത്രയിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം ലഭിക്കുന്നു. സ്ത്രീകളുടെ കരുത്തും കരുതലും രാജ്യത്തിന്റെ നയരൂപീകരണത്തിൽ പ്രതിഫലിക്കുമ്പോൾ അത് കൂടുതൽ മാനുഷികവും സുരക്ഷിതവുമായ ഒരു ഭാവി വാഗ്ദാനം ചെയ്യുന്നു. രാഷ്ട്രീയത്തിന് അതീതമായി നാമെല്ലാവരും ഈ ചരിത്രപരമായ മുന്നേറ്റത്തെ സ്വാഗതം ചെയ്യേണ്ടതുണ്ട്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.