
ലോകത്തെ ഏറ്റവും വലിയ ഭരണഘടന തയ്യാറാക്കിയപ്പോൾ അന്നത്തെ വിദഗ്ദ്ധർക്ക് അറിയാമായിരുന്നു,പ്രായോഗിക തലത്തിൽ ഇനിയും വലിയ മാറ്റങ്ങൾ ആവശ്യമായി വരുമെന്ന്. അതുകൊണ്ടുതന്നെയാണ് മൂന്നുതരത്തിലുള്ള ഭേദഗതി സംവിധാനം ആർട്ടിക്കിൾ 368-ൽ നിർദ്ദേശിച്ചത്. ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്ന സാഹചര്യത്തിൽ രാജ്യത്തെ മുന്നോട്ടു കൊണ്ടുവരാൻ വലിയ ശ്രമങ്ങൾ വേണ്ടിവന്നു. അതിന്റെ ഫലമായി നമ്മൾ വിസ്തരിച്ച് എഴുതിയ ഭരണഘടന കഴിഞ്ഞ എഴുപത്തിയാറ് വർഷങ്ങൾക്കിടയിൽ 106 പ്രാവശ്യമാണ് ഭേദഗതി ചെയ്യേണ്ടിവന്നത്!
സാമൂഹിക, സാമ്പത്തിക മുന്നേറ്റം നടത്താൻ രാജ്യം തയ്യാറാകുമ്പോൾ ഭരണപരമായ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിവരും. വനിതാ സംവരണം സാമൂഹ്യപുരോഗതിക്കും വനിതാ ശാക്തീകരണത്തിനും വളരെ അത്യാവശ്യമാണ്. അതുപോലെതന്നെ ജനസംഖ്യാ വിസ്ഫോടനം നടക്കുമ്പോൾ ജനപ്രാതിനിദ്ധ്യം കൂടുതൽ ലളിതവും സുതാര്യവുമാകണം. ചുരുക്കത്തിൽ 2023-ൽ പാസാക്കിയ 106-ാം ഭേദഗതിയിലൂടെ ഈ രണ്ട് കാര്യങ്ങളും പ്രാവർത്തികമാക്കേണ്ടതാണ്.
എന്നാൽ, ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ ബിൽ (131-ാം ഭേദഗതി) വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തെളിയിച്ചിരിക്കുകയാണ്. 2023-ലെ നിയമപ്രകാരം 2026- 27ൽ നടക്കുന്ന സെൻസസിനു ശേഷം മാത്രമേ നടപ്പിലാകൂ എന്നാണ് തീരുമാനമെടുത്തത്. ഫലത്തിൽ 2029-ലെ തിരഞ്ഞെടുപ്പിനു മുമ്പ് മണ്ഡല പുനർനിർണയവും വനിതാ സംവരണവും നടപ്പിലാകില്ലെന്ന് സാരം. പക്ഷേ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ബില്ലാകട്ടെ, താഴെ പറയുന്ന മൂന്ന് മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതാണ്.
1. ലോക്‌സഭയുടെ അംഗസംഖ്യ 543-ൽ നിന്ന് 850 ആയി ഉയർത്തുന്നു. 28 സംസ്ഥാനങ്ങളിൽ നിന്നായി 815 എം.പിമാരും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 എം.പിമാരും ഉണ്ടാകും.
2. പുതിയ അംഗസംഖ്യയിൽ (850) 33 ശതമാനം പേർ വനിതകൾ ആയിരിക്കുമെന്നത് വ്യക്തമാണ്.
3. 2011-ലെ സെൻസസ് അനുസരിച്ചായിരിക്കും മണ്ഡല പുനർനിർണയം നടത്തുക.
എന്തുകൊണ്ട്
വിവാദം?
വാസ്തവത്തിൽ 1971- നുശേഷം മണ്ഡല പുനർനിർണയം ദേശീയ തലത്തിൽ നടത്തിയിട്ടില്ല. സംസ്ഥാനതലത്തിൽ ക്രമീകരിച്ച അംഗസംഖ്യയ്ക്കുള്ളിൽ നിന്നുകൊണ്ടു തന്നെ ഭൂമിശാസ്ത്രപരമായ ചില്ലറ വിത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. 2019- ൽ ജമ്മു- കാശ്മീർ സംസ്ഥാനമല്ലാതായതിനു ശേഷം രണ്ട് യൂണിയൻ പ്രദേശങ്ങളായി മാറി. ഈ രണ്ട് സ്ഥലങ്ങളിലും അസംബ്ളി മണ്ഡലങ്ങൾ പുനർനിർണയിച്ചിട്ടുണ്ട്. പക്ഷേ, ജമ്മു- കാശ്മീർ, ലഡാക്ക് പ്രദേശങ്ങളിൽ നിന്നുള്ള ആകെ ലോക്‌സഭാ അംഗങ്ങളുടെ സംഖ്യാബലത്തിന് മാറ്റമൊന്നുമില്ല.
ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും വനിതാ സംവരണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ, പ്രശ്നം അവിടെയല്ല. മണ്ഡല പുനർനിർണയം നടത്തുമ്പോൾ ഹിന്ദി ഹൃദയഭൂമിയിലുള്ള സംസ്ഥാനങ്ങളായ യു.പി, ബീഹാർ, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഡ്, ജാർഖണ്ഡ്, ഹരിയാന, ഡൽഹി മേഖലകളിലെ സീറ്റുകൾ ക്രമാതീതമായി കൂടുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, തെലങ്കാന, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ അംഗസംഖ്യ കുറയും! ജനസംഖ്യാ നയം ദേശീയതലത്തിൽ 1970- നു ശേഷം നടപ്പിലാക്കിയപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാ വളർച്ചാനിരക്ക് കുറയുകയും വടക്കൻ സംസ്ഥാനങ്ങളിൽ കൂടുകയും ചെയ്തു.
നിലവിൽത്തന്നെ ഈ വ്യത്യാസം, തെക്ക് - വടക്ക് - കിഴക്കൻ മേഖലകളിലുണ്ട്. വനിതാ സംവരണം ഉൾപ്പെടുത്താൻ 2011- ലെ സെൻസസ് അടിസ്ഥാനമാക്കുമ്പോൾ അതോടൊപ്പം മണ്ഡല പുനർനിർണയവും കൂടി ബന്ധിപ്പിക്കുന്നതാണ് പ്രധാന വിവാദ വിഷയമായത്. പ്രതിപക്ഷം ഇപ്പോൾ ആവശ്യപ്പെടുന്നത് നിലവിലുള്ള 543 അംഗങ്ങളുള്ളതിനെ അടിസ്ഥാനമാക്കി മൂന്നിലാെന്ന് വനിതാ സംവരണമാക്കി 2029- ലെ തിരഞ്ഞെടുപ്പ് നടത്താനാണ്. ഈ നിലപാട് ആത്മാർത്ഥതയുള്ളതാണോ എന്ന് സംശയമുണ്ട്. നാളിതുവരെ വനിതാ സംവരണത്തെ എതിർത്തവരാണ് പ്രധാന പ്രതിപക്ഷ കക്ഷികൾ.
അതേസമയം, മണ്ഡല പുനർനിർണയം വന്നാൽ ബി.ജെ.പിക്ക് കൂടുതൽ ഗുണം ലഭിക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഭരണ മുന്നണിയാകട്ടെ, ഇപ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായി 50 ശതമാനം വീതം സീറ്റുകൾ വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചത് ഒരു സമവായത്തിനു വേണ്ടിയാണ്. പക്ഷേ പ്രതിപക്ഷം ഇത് അംഗീകരിക്കാൻ സാദ്ധ്യതയില്ല. പ്രതിപക്ഷത്തിന്റെ പിന്തുണ ലഭിക്കാതെ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടില്ലെന്നുള്ളത് യാഥാർത്ഥ്യമാണ് താനും.
ഭാരതത്തിന്റെ ഭരണഘടനയിൽ, അപൂർണമാണെന്നു തോന്നുമെങ്കിലും ഫെഡറൽ ആശയങ്ങൾ വ്യക്തമാണ്. പക്ഷേ, സമ്പൂർണ ഫെഡറൽ രാജ്യമായിക്കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ജനസംഖ്യാപരമായ വേർതിരിവ് നമുക്ക് നിഷേധിക്കാനാവില്ല. അതേസമയം, തെക്ക്- വടക്ക് തുലനം അത്യാവശ്യമാണ്. പ്രാദേശിക അസന്തുലിതാവസ്ഥയെ നയപരമായി നേരിട്ട് വ്യത്യാസങ്ങൾ കുറയ്ക്കണം. അതിന്റെ പ്രധാന ഉത്തരവാദിത്വം നിതി ആയോഗിനാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറം രാജ്യമൊട്ടുക്ക് സന്തുലിതമായ വളർച്ച ഉണ്ടാകണം. വനിതാ സംവരണവും അത്യാവശ്യമാണ്.
ഫെഡറൽ സംവിധാനവും പാർലമെന്ററി ക്രമവും രാജ്യത്തിന്റെ സങ്കീർണതകളും ചേർന്നപ്പോഴാണ് വിവാദം ശക്തിപ്പെട്ടത്. 'ഒരാൾക്ക് ഒരു വോട്ട്" എന്ന സിദ്ധാന്തം ജനാധിപത്യത്തിൽ നിഷേധിക്കാൻ കഴിയില്ല. സന്തുലിതമായ വികസനവും ഫെഡറൽ ജനാധിപത്യത്തിന് വളരെ അത്യാവശ്യമാണ്.
(കേന്ദ്ര സർവകലാശാലാ മുൻ വൈസ് ചാൻസലറും, സീനിയർ പൊളിറ്റിക്കൽ സയന്റിസ്റ്റുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |