
വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി നടി അനുശ്രീ. ആർക്കും ആരെയും എന്തുചെയ്യാം എന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ചോദിക്കുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'വിഴിഞ്ഞം സംഭവത്തിന്റെ വീഡിയോ ഇപ്പോൾ കണ്ടു. എന്തു മെെ... ആണ് ഇവിടെ നടക്കുന്നത്? എന്താണ് ഇവിടെ നടക്കുന്നത്? ആർക്കും ആരെയും എന്തുചെയ്യാം.. ആരെ എന്ത് ചെയ്താലും അത് തല്ലിയാലും കൊന്നാലും ആർക്കും ഒന്നും പറ്റില്ലെന്ന് ചെയ്യുന്നവർക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഇതൊക്കെ വെറും ലാഘവത്തോടെ ഇവിടെ നടക്കുന്നത്. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ? എന്തുനിയമങ്ങളാണ് ഇവിടെ ഉള്ളത്? ആർക്കുവേണ്ടിയാണ് നിയമങ്ങൾ? കഷ്ടം തന്നെ കള്ളും കഞ്ചാവും അടിച്ചുകേറ്റീട്ട് കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങൾ.. ദെെവത്തിന്റെ സ്വന്തം നാട്'- എന്നാണ് അനുശ്രീ കുറിച്ചത്.

വിഴിഞ്ഞം മുക്കോലയിലെ ബാറിന് മുന്നിലെ റോഡിൽ മദ്യലഹരിയിൽ സഹോദരങ്ങൾ ചേർന്ന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് ആളുകൾ നോക്കിനിൽക്കെയാണ്. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടുനിന്ന ചിലർ മൊബെെൽ ഫോണിൽ പകർത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ സഹോദരങ്ങളായ അച്ചു (24), അനന്തു (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളായണി പാലപ്പൂര് അരുൺ നിവാസിൽ സുമൻ (38) ആണ് കൊല്ലപ്പെട്ടത്. മുക്കോലയിലെ ബാറിൽ മദ്യപിക്കുന്നതിനിടെ അച്ചുവും മറ്റൊരാളുമായി ഉണ്ടായ തർക്കത്തിൽ സുമൻ ഇടപെട്ടതാണ് കൊലപാതകത്തിന് കാരണമായത്.
ബാറിനുള്ളിൽ ഉണ്ടായ കയ്യാങ്കളിയിൽ അച്ചുവിന്റെ മുഖത്ത് പരിക്കേറ്റു. തുടർന്ന് അച്ചു അനുജനായ അനന്തുവിനെ വിളിച്ചുവരുത്തികയായിരുന്നു. ഇരുവരുടെയും ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സുമൻ ബാറിൽനിന്നും പുറത്തേക്ക് ഓടി. എന്നാൽ പിന്തുടർന്ന് എത്തിയ പ്രതികൾ നിരവധിപേർ നോക്കിനിൽക്കെ റോഡിൽ വീണ സുമനെ തലയിലും നെഞ്ചിലും അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. വാരിയെല്ലുകൾ ഒടിഞ്ഞ് ഹൃദയത്തിലും ശ്വാസകോശത്തിലും തറച്ചതും കഴുത്തിലെ എല്ല് ഒടിഞ്ഞതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവവുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |