
നിർബന്ധിത മതപരിവർത്തനത്തിന്റെയും ലൈംഗിക അതിക്രമങ്ങളുടെയും വാർത്തകൾ നമുക്ക് ദിനവൃത്താന്തങ്ങൾ പോലെ പരിചിതമായിരിക്കുന്നു. പക്ഷേ, രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പ് ആയ ടാറ്റയുടെ അഭിമാനമുദ്രയ്ക്കു കീഴിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സേവന സ്ഥാപനങ്ങളിലൊന്നായ ടി.സി.എസിന്റെ (ടാറ്റ കൺസൾട്ടൻസി സർവീസസ്) നാസിക് കേന്ദ്രത്തിൽ, സ്ഥാപനത്തിലെ തന്നെ ഉന്നത ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ നാലുവർഷത്തിലധികമായി വനിതാ ജീവനക്കാർക്കു നേരെ രഹസ്യമായി തുടർന്നുവന്ന നിർബന്ധിത മതംമാറ്റ നീക്കങ്ങളെയും, മാനസിക- ലൈംഗിക പീഡനങ്ങളെയും കുറിച്ച് പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ ഞെട്ടലും ആശങ്കയുമുളവാക്കുന്നതാണ്. സ്ഥാപനം കേന്ദ്രീകരിച്ച് നടന്നുവന്ന ചൂഷണങ്ങളും പീഡനങ്ങളും ആസൂത്രിതവും സംഘടിതവുമായ ഒരു ഭീകരപദ്ധതിയുടെ ഭാഗമാണെന്ന നിഗമനവും, സംശയിക്കപ്പെടുന്ന അന്താരാഷ്ട്ര ഭീകരബന്ധവും ചേർന്ന് നാസിക് സംഭവത്തിനു മേൽ, വ്യാപകമാകുന്ന മതഭീകരതയെക്കുറിച്ചുള്ള നേർച്ചിത്രത്തിന്റെ നടുക്കം കൂടി ഏറ്റിവയ്ക്കുന്നുണ്ട്.
ടി.സി.എസ് നാസിക് കേന്ദ്രത്തിലെ എട്ട് സ്ത്രീ ജീവനക്കാർ ഉൾപ്പെടെ ഒമ്പതുപേർ നല്കിയ പരാതിയെ തുടർന്ന് ഒരുമാസം മുമ്പേ തുടങ്ങിയ പൊലീസ് അന്വേഷണമാണ് ഐ.ടി സേവന കേന്ദ്രത്തെ ഭീകരക്യാമ്പിന് സമമാക്കിയ ഒരു രഹസ്യപദ്ധതിയുടെ വ്യാപ്തി വെളിച്ചത്തു കൊണ്ടുവന്നത്. മലേഷ്യയിൽ കഴിയുന്ന ഇന്ത്യാ വിരുദ്ധ മതപ്രഭാഷകൻ സാക്കിർ നായിക്ക് മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന കേസിൽ, ഇതുവരെ ടി.സി.എസിലെ ഏഴ് ജീവനക്കാരാണ് അറസ്റ്റിലായത്. എല്ലാറ്റിനും ഒത്താശ നല്കിയ എച്ച്.ആർ വിഭാഗം വനിതാ അസിസ്റ്റന്റ് മാനേജർ നിദാ ഖാൻ ഒളിവിലാണ്. മതപരിവർത്തനവും ലൈംഗിക പീഡനവും ഭീകരപ്രവർത്തനവുമെല്ലാം ചേർന്ന് അതിസങ്കീർണമായ കേസിന്റെ അന്വേഷണം എൻ.ഐ.എയും, മഹാരാഷ്ട്ര എ.ടി.എസും, ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് സംയുക്തമായി നടത്തുകയാണ്. അറസ്റ്റിലായ പ്രതികൾക്ക് സാക്കിർ നായിക്കുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങളും ഡിജിറ്റൽ രേഖകളും മറ്റും ലഭിച്ചതാണ് ഇതിനു പിന്നിലെ ആസൂത്രിത പദ്ധതിയിലേക്ക് വിരൽചൂണ്ടുന്നത്.
നാസിക് ടി.സി.എസിലെ അതിക്രമങ്ങൾ തെളിവുകൾ സഹിതം കണ്ടെത്തുന്നതിനും പ്രതികൾക്ക് കുരുക്കു മുറുക്കുന്നിനും വഴിയൊരുക്കിയത് നാസിക് സിറ്റി പൊലീസിലെ ഏഴ് വനിതാ പൊലീസുകാരുടെ നാല്പത് ദിവസം നീണ്ട രഹസ്യ ഓപ്പറേഷനാണ് എന്നത് എടുത്തു പറയേണ്ടതാണ്. തൂപ്പുകാരായും അറ്രകുറ്റപ്പണി നടത്തുന്ന താത്കാലിക ജീവനക്കാരായും മറ്റും നുഴഞ്ഞുകയറിയ ഇവരാണ് വേഷിമാറി നടന്നും, ഇരകളുടെ വിശ്വാസം സമ്പാദിച്ചും ഐ.ടി കമ്പനിയുടെ അകത്തളങ്ങളിൽ ഒതുങ്ങിനിന്ന രഹസ്യങ്ങളുടെ അണക്കെട്ടു പൊട്ടിച്ചത്! പ്രതികളിൽ ചിലർ ജീവനക്കാരികളോട് ലൈംഗിക അതിക്രമം കാട്ടുന്നതിന് ഇവർ നേർസാക്ഷികളായി. സ്ഥാപനത്തിലെ സി.സി ടിവി ദൃശ്യങ്ങൾ രഹസ്യമായി ശേഖരിച്ചു. എല്ലാ പഴുതുകളും അടച്ചുകൊണ്ട് അവർ നടത്തിയ ഓപ്പറേഷൻ അങ്ങനെ, കുറ്റാന്വേഷണ ചരിത്രത്തിൽത്തന്നെ ഇടംപിടിക്കുന്നതായി മാറുകയായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള യുവതികളെയാണ് ഇവർ ഉന്നംവച്ചിരുന്നതും, വസ്ത്രധാരണ രീതിയിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്താൻ പ്രേരിപ്പിക്കുകയും പടിപടിയായി മതപരിവർത്തനത്തിന് നിർബന്ധിതരാക്കുകയും ചെയ്തിരുന്നത്. ഇരകളെ വരുതിയിലാക്കാൻ മാനസിക- ലൈംഗിക പീഡനങ്ങളും സമാന്തരമായി നടന്നു. ഐ.ടി സ്ഥാപനങ്ങൾ പൊതുവെ, പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തവയാണ്. അകത്തു നടക്കുന്നത് എന്തെന്ന് പുറത്തറിയാത്ത 'രാവണൻകോട്ട"കളായി പരിണമിക്കുന്ന പല സ്ഥാപനങ്ങളിലും തൊഴിൽ ചൂഷണത്തിനൊപ്പം ഇത്തരം ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എൻ.ഐ.എയും മറ്റും തുടരുന്ന അന്വേഷണം പൂർണമായെങ്കിലേ നാസിക്കിലെ മതഭീകരതയുടെ വ്യാപ്തിയെക്കുറിച്ചും, പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളെക്കുറിച്ചും വ്യക്തമാകൂ. അത് ഏത് ദുഷ്ടശക്തികളായാലും അവരെ രാജ്യത്തെ ഏറ്റവും വലിയ ശിക്ഷയ്ക്കു മുന്നിൽ എത്തിക്കുക തന്നെ വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |