SignIn
Kerala Kaumudi Online
Thursday, 23 April 2026 3.22 PM IST

ദൈവങ്ങളുടെ താഴ്‌വര, കാഴ്ചകളുടെ അക്ഷയഖനി ഒരുക്കി പ്രകൃതി

Increase Font Size Decrease Font Size Print Page
s

ഹിമാചലിൽ,​ ഷിംല കഴിഞ്ഞാൽ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മണാലി. സമുദ്രനിരപ്പിൽ നിന്ന് 3330 മീറ്റർ ഉയരത്തിൽ പരന്നുകിടക്കുന്ന കുളു ജില്ലയിലെ ചെറിയൊരു പട്ടണം. ഷിംലയിൽ നിന്ന് ബിയാസ് നദി രൂപം നൽകിയ വിശാലമായ താഴ്വ‌രയിലൂടെ, മടക്കുമടക്കുകളായിക്കിടക്കുന്ന പർവതനിരകളുടെ ദൃശ്യഭംഗി ആസ്വദിച്ചുകൊണ്ട് അഞ്ചാറ് മണിക്കൂർ സഞ്ചരിക്കുമ്പോൾ 250 കിലോമീറ്റർ പിന്നിട്ട് മണാലിയിൽ എത്താം.

ഷിംലയ്ക്കും മണാലിക്കുമിടയിൽ പ്രകൃതിസ്‌നേഹികളുടെ മനം കവർന്ന്,​ വിശാലമായ കുളു താഴ്‌വാരത്ത് കാഴ്ചകളുടെ അക്ഷയഖനി ഒരുക്കിവച്ച് സഞ്ചാരികളെ വരവേൽക്കുകയാണ് പ്രകൃതി. പാതയുടെ ഇരുവശവും കണ്ണിലുടക്കുന്ന പൈൻ മരങ്ങളും ദേവദാരു വനങ്ങളും ആപ്പിൾ തോട്ടങ്ങളുംകൊണ്ട് സമൃദ്ധമാണ്. ഒപ്പം വെള്ളിയരഞ്ഞാണം പോലെ സമാന്തരമായി ഒഴുകുന്ന നദിയും! യാത്രാമദ്ധ്യേ,​ കണ്ണിലുടക്കുന്ന സുന്ദർ നഗർ തടാകവും,​ പാണ്ടോത്ത് ഡാമും,​ മന്തി ജില്ലയിൽ പ്രകൃതി വിതാനിച്ചിരിക്കുന്ന സുന്ദരദൃശ്യങ്ങളുമൊക്കെ മനസിൽ മായാതെ കിടക്കും.


കുളു താഴ്‌വരയെ ദൈവങ്ങളുടെ താഴ്വര (ദേവ്ഭൂമി ) എന്നാണ് വിശേഷിപ്പിക്കാറ്. ദേവതകൾ നിറഞ്ഞ സ്ഥലം! വിവിധ ദൈവസങ്കല്പങ്ങളെ പ്രതിനിധീകരിക്കുന്ന ചെറുതും വലുതുമായ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട് ഇവിടെ. അന്യം നിന്നു പോകുന്ന സസ്യ- ജന്തുജാലങ്ങളുടെ സംരക്ഷണത്തിനായി ഒട്ടേറെ വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ. ഗ്രേറ്റ് ഹിമാലയൻ ദേശീയ ഉദ്യാനം അവയിൽ ഒന്നുമാത്രം. ഹിമാലയൻ താഹാർ, വെസ്റ്റേൺ ട്രാഗോപാൻ, മൊണൽ, ഹിമാലയൻ തവിട്ടു കരടി, മഞ്ഞു പുള്ളിപ്പുലി തുടങ്ങിയ അപൂർവ മൃഗങ്ങളുടെയും വൈവിദ്ധ്യമാർന്ന ഒട്ടേറെ പക്ഷികളുടെയും സങ്കേതമാണ് ഇവിടം.

ഇറങ്ങിനിന്നാൽ നമ്മുടെ കഴുത്തിനു താഴെ മാത്രം വെള്ളമുള്ള,​ ചോറ്റുരുളകൾ പോലുള്ള ഉരുളൻ കല്ലുകൾ വിതാനിച്ച വിശാലമായ നദിയിലൂടെയുള്ള റിവർ റാഫ്റ്റിംഗ് ഞങ്ങൾക്ക് മറക്കാനാവാത്ത ഒരനുഭവമാണ് സമ്മാനിച്ചത്. പാരാ ഗ്ലൈഡിംഗും റോക്ക് ക്ലൈംബിംഗും കയാക്കിംഗും റിവർ റാഫ്റ്റിംഗും ഒക്കെയായി സാഹസികരായ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വഴിയരികിൽ പലയിടങ്ങളിലും സ്വകാര്യ സംരംഭകർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്!

കുളു താഴ്‌വരയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് മണാലി. പട്ടണത്തിലേക്കു കടന്നാൽ മാൾനോഡിലും പരിസരത്തുമുള്ള എണ്ണമറ്റ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ടിബറ്റൻ മാർക്കറ്റ്, ക്ലബ് ഹൗസ്, ഓൾഡ് മണാലിയിലെ കാഴ്ചകൾ, പ്രശസ്തമായ ഹിഡിംബ ക്ഷേത്രം... ചുറ്റിനടന്നു കാണാൻ അനവധി. കാനനപാതയിലൂടെ രണ്ടര കിലോമീറ്ററോളം നടന്നെത്തിയാൽ ദൃശ്യമാകുന്ന പർവത ശിഖരത്തിൽ നിന്ന് കുത്തനെ ഒഴുകിവരുന്ന ജോഗിനി വെള്ളച്ചാട്ടവും, വനം വകുപ്പ് ഒരുക്കിയ വനവിഹാറും.

അല്പം അകലെയായി ചൂട് നീരുറവുകൾക്ക് പേരുകേട്ട പാർവതി താഴ്‌വരയിൽ ഹിന്ദുക്കളുടെയും സിഖുകാരുടെയും തീർത്ഥാടന കേന്ദ്രമായ മണികർണയുണ്ട്. അവിടെ ഭൂമിക്കടിയിൽ നിന്ന് ഉയർന്നുപൊങ്ങുന്നചൂടുവെള്ളത്തിൽ തണുപ്പു വെള്ളം കലർത്തി തയ്യാറാക്കിയ സ്നാനഘട്ടത്തിലെ കുളി സന്ദർശകർക്ക് ഹൃദ്യമായ അനുഭവമാണ്. പർവതാരോഹണത്തിൽ താത്പര്യമുള്ളവരെ പരിശീലിപ്പിക്കാനായി 'അടൽ ബിഹാരി വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൗണ്ടനിംഗ് ആൻഡ് സ്‌പോർട്സ്" പരിശീലന കേന്ദ്രം സർവസജ്ജമായി ഇവിടെ നിലയുറപ്പിച്ചിരിക്കുന്നു.


റോഹ്- താങ് പാസിലേക്കുള്ള വഴിയിൽ മണാലിയിൽ നിന്ന് 14 കിലോമീറ്റർ പിന്നിടുമ്പോൾ ഏറ്റവും ഉയരത്തിലുള്ള താഴ്‌വരയായ സൊളാങ് വാലിയിൽ എത്താം. സോളാങ് വാലിക്ക് 'സ്‌നോ വാലി" എന്നുകൂടി പേരുണ്ട്. മഞ്ഞിൽ കുളിച്ച ഈ മലയടിവാരത്തിൽ വിനോദത്തിനായി സ്‌കേറ്റിംഗ്, പാരച്യൂട്ടിംഗ് , പാരാഗ്ലൈഡിംഗ്,​ കേബിൾ കാർ, കുതിരസവാരി തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു.

ഹിമാചൽ പ്രദേശിലെ ലേ- മണാലി ഹൈവേയിൽ നിർമ്മിച്ചിരിക്കുന്ന തുരങ്ക പാതയാണ് അടൽ ടണൽ. 9.02 കി. മീറ്റർ നീളമുള്ള ഈ ടണൽ സമുദ്രനിരപ്പിൽ നിന്ന് 10,​000 അടി ഉയരത്തിലാണ്. ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നീളംകൂടിയ തുരങ്കം എന്ന പ്രാധാന്യവും ഇതിനുണ്ട്. 'റോഹ്- താങ് ടണൽ" എന്നുകൂടി അറിയപ്പെടുന്ന ഈ തുരങ്കം 2020 ഒക്ടോബർ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകൊടുത്തത് . 3200 കോടി രൂപയാണ് ഇതിന്റെ മുതൽമുടക്ക്. മണാലിയിൽ നിന്ന് ലേയിലേക്കുള്ള ദൂരവും യാത്രാസമയവും വളരെയേറെ കുറയ്ക്കാൻ കൂറ്റൻപാറകൾ തുരന്നുണ്ടാക്കിയ ഈ തുരങ്കത്തിന് കഴിഞ്ഞിട്ടുണ്ട്.

മലമുകളിൽ നിന്ന് ഏതുനിമിഷവും കൂറ്റൻപാറകളും മണ്ണും ഇടിഞ്ഞുവീണ് അപകടമുണ്ടാക്കുകയും നിരന്തരം ഗതാഗത തടസം സൃഷ്ടിച്ചിരുന്നതുമായ ദുർഘടപാതകൾ ഒഴിവാക്കി സുരക്ഷിതമായി യാത്ര ചെയ്യാനും ഈ ടണൽ വഴിയൊരുക്കുന്നു. ഏത് അപകടസാഹചര്യങ്ങളെയും നേരിടത്തക്ക വിധം ഏറ്റവും ആധുനികമായ സുരക്ഷാ സംവിധാനങ്ങളാണ് തുരങ്കത്തിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഓരോ 500 മീറ്ററിനുള്ളിലും അത്യാവശ്യഘട്ടങ്ങളിൽ ആളുകൾക്ക് നടന്ന് രക്ഷപ്പെടാനായി വശങ്ങളിൽ ചെറു തുരങ്കങ്ങളുണ്ട്.

കുളു താഴ്‌വരയെ ഹിമാചൽ പ്രദേശിലെ ലാഹൗൾ,​ സ്‌പിതി താഴ് വരകളുമായി ബന്ധിപ്പിക്കുന്ന മണാലിയിൽ നിന്നുള്ള 51 കിലോമീറ്റർ നീളമുള്ള മലമ്പാതയാണ് റോഹ് താങ് പാസ്. സമുദ്രനിരപ്പിൽ നിന്ന് 3980 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ പ്രവചനാതീതമായ മഞ്ഞുവീഴ്ചയും ഹിമപാതവും സാധാരണമാണ്. മേയ് മുതൽ നവംബർ വരെ മാത്രമേ ഈ പാത തുറന്നിടുകയുള്ളൂ. അടൽ ടണൽ പ്രവർത്തനക്ഷമമായതോടെ അഞ്ചാറ് മണിക്കൂർ വേണ്ടുന്ന യാത്രകൾ അരമണിക്കൂറിനകത്തേക്ക് ചുരുങ്ങിയിരിക്കുന്നു!

ശാന്തിയുടെ

ധർമ്മശാല


ഹിമാചൽ പ്രദേശിൽ,​ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ഹിൽ സ്റ്റേഷനാണ് ധർമ്മശാല. സംസ്ഥാനത്തിന്റെ മഞ്ഞുകാല തലസ്ഥാനം. ടിബറ്റൻ ഗവൺമെന്റിന്റെ പ്രവാസ തലസ്ഥാനമായ 'മക് ലിയോഡ് ഗഞ്ച്" ധർമ്മശാലയിലാണ്. 1959-ലെ ടിബറ്റൻ കലാപത്തെ തുടർന്ന് പതിനാലാമത്തെ ദലൈലാമ അഭയം പ്രാപിച്ച സ്ഥലമാണിത്. മണാലിയിൽ നിന്ന് ആറു മണിക്കൂർ യാത്ര ചെയ്താൽ 250 കിലോമീറ്റർ അകലെയുള്ള ധർമ്മശാലയിലെത്താം. സമുദ്രനിരപ്പിൽ നിന്ന് 1457 മീറ്റർ ഉയരത്തിലാണ് ഇവിടം.

പൈൻ മരങ്ങളുടെയും ദേവദാരു വൃക്ഷങ്ങളുടെയും ഇടയിലൂടെ മഞ്ഞുമലകളുടെ വിദൂര ദൃശ്യങ്ങൾ ആസ്വദിച്ച് കാൻഗ്ര താഴ്‌വരയിലെ ഈ പുണ്യ ഭൂമിയിലെത്താം. കൊളോണിയൽ പാരമ്പര്യത്തിന്റെ മുദ്രകൾ പതിഞ്ഞുകിടക്കുന്ന നിർമ്മിതികളും ടിബറ്റൻ ജനതയുടെ സാംസ്‌കാരികത്തുടിപ്പുകൾ അടയാളപ്പെടുത്തുന്ന കരകൗശലവസ്തുക്കളും പ്രതിമകളും ശില്പങ്ങളും നമുക്കിവിടെ കാണാം. ശാന്തി മന്ത്രങ്ങൾ ഉരുവിടുന്ന ബുദ്ധ സന്യാസിമാരുടെ മൊണാസ്ട്രികൾ,​ നിരവധി ക്ഷേത്രങ്ങൾ,​ ടിബറ്റൻ മ്യൂസിയങ്ങൾ എന്നിവയൊക്കെ ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്.

ക്രിസ്തുവർഷം എണ്ണൂറാമാണ്ടിൽ നിർമ്മിക്കപ്പെട്ട, വൈദ്യന്മാരുടെ നാഥനായ വൈദ്യനാഥ് എന്ന പേരിൽ ശിവനു സമർപ്പിക്കപ്പെട്ട ബൈജുനാഥ ക്ഷേത്രം ശില്പഭംഗികൊണ്ട് ശ്രദ്ധേയമാണ്. ക്ഷേത്രത്തിനു പിൻവശത്തായി മലനിരകൾക്കിടയിലെ ഹരിതാഭമായ താഴ് വരകളിലൂടെ ഒഴുകിയെത്തുന്ന നീരൊഴുക്കാണ് ബൈജുനാഥ് വെള്ളച്ചാട്ടമാകുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയമായ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ധർമ്മശാലയിലാണ്. 2300 പേർക്ക് ഇരുന്ന് കളികാണാൻ കഴിയുന്ന വിശാലമായ ഗ്യാലറിയുണ്ട് ഈ സ്റ്റേഡിയത്തിന്.


ഇന്ത്യയിലെ

സ്വിസ്!

പ്രകൃതി ഭംഗിയിൽ ആകൃഷ്ടനായി 1850-ൽ അന്നത്തെ ഇന്ത്യൻ ഗവർണർ ജനറൽ ആയിരുന്ന ഡൽഹൗസി പ്രഭു വേനൽക്കാല വിശ്രമകേന്ദ്രമാക്കി മാറ്റിയ പ്രദേശമാണ് ഹിമാചലിലെ ചമ്പാ ജില്ലയിലെ ഡൽഹൗസി പട്ടണം. ഹിമാലയൻ മലനിരകളുടെ ദൃശ്യഭംഗി മുഴുവൻ ആവാഹിച്ചെടുക്കുന്ന അഞ്ച് കുന്നുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 1970 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ധർമ്മശാലയിൽ നിന്ന് പത്താംകോട് വഴി നാലുമണിക്കൂറോളം സഞ്ചരിച്ചാൽ 120 കിലോമീറ്റർ അകലെയുള്ള ഡൽഹൗസിയിലെത്താം.

പ്രകൃതിയുമായി ചങ്ങാത്തം കൂടാൻ കൊതിക്കുന്ന സഞ്ചാരികളുടെ പറുദിസയാണ് ഇവിടം. ഒരുഭാഗത്ത് മഞ്ഞു മൂടിയ ഗിരിശൃംഗങ്ങളാണെങ്കിൽ,​ മേഘങ്ങൾ മലനിരകളെ കെട്ടിപ്പുണരുന്നതിന്റെ ദൃശ്യങ്ങളാവാം അടുത്തത്. പൈൻ മരങ്ങൾക്കിടയിലൂടെ വളവ് തിരിയുമ്പോൾ പടർന്നുപന്തലിച്ചു നിൽക്കുന്ന ദേവദാരു വൃക്ഷങ്ങളൊരുക്കിയ നിത്യഹരിത വനത്തിന്റെ പ്രഭാവത്തിലാകും എത്തുക. പുൽമേടുകളാലും വനനിബിഡതയാലും ചുറ്റപ്പെട്ട വിശാലമായ തടാകമുള്ള ചെറിയൊരു പീഠഭൂമിയാണ് ഡൽഹൗസി പട്ടണത്തിൽ നിന്ന് അല്പം അകലെയുള്ള ഖജിയാർ.

തടാകം, മേച്ചിൽപ്പുറങ്ങൾ, വനം എന്നീ മൂന്ന് ആവാസ വ്യവസ്ഥകളുടെ സംഗമ സ്ഥലമാണ് ഇവിടം. മുകളിലേക്കു നോക്കിയാൽ മഞ്ഞുകിരീടങ്ങൾ അണിഞ്ഞ കൊടുമുടികളുടെ സുന്ദര ദൃശ്യങ്ങൾ. തടാകത്തിനു ചുറ്റുമുള്ള സ്‌പോഞ്ച് പോലുള്ള പുൽത്തകടിയിലൂടെയും പൈൻ മരങ്ങൾക്കിടയിലൂടെയും ഉലാത്തുവാനും പാരാഗ്ലൈഡിംഗിനും കുതിര സവാരിക്കുമൊക്കെ ഇവിടെ സൗകര്യങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായി സ്വിറ്റ്സർലന്റുമായി സാമ്യമുള്ള ലോകത്തെ 160 സ്ഥലങ്ങളിൽ ഒന്നാണ് ഖജിയാർ! അതുകൊണ്ടുതന്നെ ഇന്ത്യയിലെ 'മിനി സ്വിറ്റ്സർലന്റ്" എന്ന പേരിൽ ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ഖജിയാർ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

അടുത്തുള്ള രണ്ട് പ്രധാന വെള്ളച്ചാട്ടങ്ങളാണ് 'പഞ്ചപുല"യും 'ധാര"യും. താഴ്വരകളിലൂടെ ഒലിച്ചിറങ്ങുന്ന നീർച്ചാലുകൾ ഒന്നിച്ചുചേരുന്നയിടമാണ് പഞ്ചപുല. അരുവികൾക്കു കുറുകെ പണിത അഞ്ച് പാലങ്ങളാണ് പഞ്ചപുലയെന്ന പേരിനു പിന്നിൽ. പ്രകൃതിഭംഗിയാൽ മനം മയങ്ങിയ നേതാജി സുഭാഷ് ചന്ദ്രബോസ് ജോലിത്തിരക്കുകൾക്കിടയിലും 1937- ൽ ഏതാനും മാസം ഇവിടെ വന്ന് താമസിച്ചിരുന്നു. ഡൽഹൗസിയിലെ നേതാജിയുടെ പൂർണകായ പ്രതിമയുള്ള സുഭാഷ് ചൗക്കും, സുഭാഷ് ബൗളിയുമൊക്കെ നേതാജിയുടെ സ്മരണകൾ ഉണർത്തുന്നു. കൊളോണിയൽ പാരമ്പര്യം വിളിച്ചോതുന്നവയാണ് ഡൽഹൗസിയിലും പരിസരപ്രദേശത്തും ബ്രിട്ടീഷുകാർ നടത്തിയ നിർമ്മിതികൾ. ഇവയിൽ പ്രധാനം ക്രിസ്ത്യൻ പള്ളികൾ തന്നെയാണ്. 1909- ൽ നിർമ്മിച്ച സെന്റ് പാട്രിയാർക്ക് പള്ളി കരകൗശലത്തിലും വാസ്തുവിദ്യയിലും മികച്ചുനിൽക്കുന്നു.

(ലേഖകന്റെ ഫോൺ: 94460 97241)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.