
'വീണിടത്തു തന്നെ ഞാൻ ശ്വാസം അടക്കിപ്പിടിച്ച് കിടന്നു. ഒന്ന് അനങ്ങിയിരുന്നെങ്കിൽ ആ നിമിഷം അവന്റെ കൂർത്ത കൊമ്പുകൾ എന്റെ നെഞ്ചിലോ വയറ്റിലോ തുളഞ്ഞു കയറുമായിരുന്നു."- ഡ്രൈവിംഗിൽ ശ്രദ്ധിച്ചു കൊണ്ടുതന്നെ, ഒന്നു നിറുത്തി അനീഷ് വീണ്ടും ശ്വാസമെടുത്തു.
എന്റെ സ്ഥിരം ഡ്രൈവറായിരുന്ന ഷെഫീക്ക് ആ ആഴ്ച അവധിയിലായിരുന്നു. പകരക്കാരനായി എത്തിയ അനീഷ് പേപ്പാറ വന്യജീവി സങ്കേതത്തിലെ ഫീൽഡ് വാച്ചറാണ്. വെളുത്തുമെലിഞ്ഞതും അധികം ഉയരമില്ലാത്തതുമായ മനുഷ്യൻ. ഒരു കേസിന്റെ ആവശ്യാർത്ഥം ഗവൺമെന്റ് പ്‌ളീഡറുമായുള്ള കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനായിരുന്ന എന്നോടൊപ്പം ഹൈക്കോടതിയിലേക്കുള്ള യാത്രയിലാണ് ജീവിതത്തിൽ നേരിട്ട ആ അനുഭവത്തെക്കുറിച്ച് അനീഷ് മനസു തുറന്നത്!
വിതുരയിൽ നിന്ന് പത്ത് കിലോമീറ്ററിലധികം വരും പേപ്പാറ ഡാമിലേക്ക്. കള്ളിക്കാട്ടെ വീട്ടിൽ നിന്ന് വിതുര വഴി മാത്രമേ അനീഷിന് ജോലിസ്ഥലത്തേക്ക് എത്താനാകൂ. പേപ്പാറ ജലസംഭരണിയുടെ പരിസരത്താണ് റേഞ്ച് ഓഫീസ്. അങ്ങോട്ടുള്ള വഴിയിൽ കുട്ടപ്പാറ എന്ന സ്ഥലത്താണ് ഫോറസ്റ്റ് ചെക്ക്പോസ്റ്റുള്ളത്. സാധാരണയായി അതുവഴി അധികം വാഹനങ്ങൾ പതിവില്ല. ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ വഴിയിൽ ജനവാസ മേഖലകൾ ഇല്ലെന്നുതന്നെ പറയാം. റോഡിന് ഇരുവശവും ഇടതൂർന്നു നിൽക്കുന്ന അക്കേഷ്യാ മരങ്ങൾ. വന്യമൃഗങ്ങളുടെ വിഹാര രംഗവും.
രാത്രിയിൽ പേപ്പാറ നിന്ന് തിരിച്ചുപോകുമ്പോൾ ആനകളും കാട്ടുപോത്തിൻകൂട്ടങ്ങളും മ്ളാവുകളുമൊക്കെ പതിവുകാഴ്ച. കാട്ടാനകളെക്കണ്ടാൽ അവ നടന്നു മാറുന്നതു വരെ വണ്ടിയുടെ ഹെഡ് ലൈറ്റും എൻജിനും ഓഫാക്കാതെ കാത്തിരിക്കുക മാത്രമാണ് വഴി. ഒരു ദിവസം നൈറ്റ്ഡ്യൂട്ടിക്കായി വീട്ടിൽ നിന്നു തിരിച്ച അനീഷ് ലേശം വൈകിയാണ് അടുത്ത ജംഗ്ഷനായ മീനാങ്കലിൽ എത്തിയത്. ഇരുട്ടു പരന്നുതുടങ്ങിയാൽ ഇരുചക്ര യാത്രക്കാർ മീനാങ്കലിൽ കാത്തുനിന്ന് ബസിനോ മറ്റേതെങ്കിലും വാഹനത്തിനോ പിന്നിലായാണ് കാട്ടിലൂടെ സഞ്ചരിക്കുക. അയാളും അന്ന് കാത്തുനിന്നെങ്കിലും വാഹനങ്ങളൊന്നും അതുവഴി വന്നില്ല.
നല്ല പരിചയമുള്ള റൂട്ട് ആയതുകൊണ്ട് പോകാമെന്നുതന്നെ തീരുമാനിച്ചു. പേപ്പാറയിലും പരിസരത്തും ഇന്നും ഒരു മൊബൈൽ സർവീസിനും റെയ്ഞ്ചില്ല. അപൂർവം ചില പോയിന്റുകളിൽ ബി.എസ്.എൻ.എല്ലിന് ഒന്നോ രണ്ടോ കട്ടകൾ കിട്ടിയാലായി. കറണ്ട് പോയാൽ അതുമില്ല! ഏറെ ശ്രദ്ധിച്ച് പഴയ ഹീറോ ഹോണ്ടാ സി.ഡി 100-ന്റെ ഇത്തിരി വെട്ടത്തിൽ പോവുകയായിരുന്നു അനീഷ്. കുട്ടപ്പാറ കഴിഞ്ഞാൽപ്പിന്നെ വഴിവിളക്കുകളില്ല. കട്ടപിടിച്ചു കിടക്കുന്ന ഇരുട്ടിൽ ബൈക്കിന്റെ പ്രകാശം തികയില്ല.
പൊടുന്നനെയാണ് അനീഷിനു മേലേയ്ക്ക് അശനിപാതം പോലെ എന്തോ വന്നു വീണത്! എന്താണ് സംഭവിക്കുന്നതെന്ന് പൂർണമായും മനസിലാകുന്നതിനു മുമ്പ് ബൈക്കിൽ നിന്ന് തെറിച്ചുപോയ അയാൾ റോഡിൽ തലയടിച്ചു വീണു. ഹെൽമറ്റ് തറയിലടിച്ച ശക്തിയിൽ തല വല്ലാതെ ഉലഞ്ഞു. ആകപ്പാടെ ഒരു മരവിപ്പ്. ഒപ്പം ശരീരം നുറുങ്ങുന്ന വേദന! ദേഹം എവിടെയൊക്കെയോ നന്നായി മുറിഞ്ഞിട്ടുണ്ട്, തീർച്ച. അപ്പോഴും ബൈക്കിന്റെ എൻജിൻ ഓഫായിരുന്നില്ല. കുടുകുടു ശബ്ദത്തോടെ അത് റോഡിന്റെ വലതുവശത്തേയ്ക്ക് വെളിച്ചം പായിച്ചു കിടന്നു.
അപ്പോഴാണ്, അതിനു സമീപത്തായി നിൽക്കുന്ന ഒരു കൂറ്റൻ നിഴൽ അയാൾ കണ്ടത്! വലതുവശത്ത് മുകളിലെ കട്ടിംഗിൽനിന്ന് മറുവശത്തേയ്ക്ക് ഓടാനായി താഴെ റോഡിലേക്ക് എടുത്തുചാടിയ കൂറ്റനൊരു കാട്ടുപോത്തായിരുന്നു അത്! ബൈക്കിന്റെ വലതുവശത്തായി ഇടിച്ചാണ് ആ മൃഗം വന്നുവീണത്. തെല്ലിട മാറിയെങ്കിൽ ഒന്നര ടണ്ണോളം വരുന്ന അതിന്റെ ശരീരത്തിനടിയിൽപ്പെട്ടുതന്നെ അയാൾ തൽക്ഷണം കൊല്ലപ്പെടുമായിരുന്നു!
പിന്നീടുളള അനീഷിന്റെ വാക്കുകളിൽ ഭയം പടർന്നിരുന്നു. 'വീഴ്ചയിൽ ഭയന്നുപോയ ആ കാട്ടുമൃഗം മുക്രയിടുന്നതുപോലെ ശ്വാസമെടുക്കുന്ന ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. വല്ലാത്ത ദേഷ്യത്തിൽ അവൻ, ഓഫായിട്ടില്ലാത്ത ബൈക്കിനടുത്ത് ജാഗരൂകനായി തല കുമ്പിട്ട് നിന്നിരുന്നു. കൂർത്ത കൊമ്പുകൾ മോട്ടോർ സെക്കിളിൽ മുട്ടിച്ചാണ് വച്ചിരുന്നത്. ഒന്നനങ്ങിയാൽ വെട്ടിയെറിയാൻ പാകത്തിൽ! വീണിടത്തുതന്നെ ഞാൻ ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതെ കിടന്നു.
അനീഷ് പറഞ്ഞുകൊണ്ടിരുന്നു: 'ഓടിയാൽ ഒരു കാരണവശാലും രക്ഷപ്പെടാനാവില്ലെന്ന് പോത്തിന്റെ സ്വഭാവം നന്നായി അറിയാവുന്ന എനിക്കുറപ്പായിരുന്നു. അല്ലെങ്കിൽത്തന്നെ ആ കുറ്റാക്കുറ്റിരുട്ടത്ത് കണ്ണുപോലും കാണാതെ എങ്ങോട്ട് ഓടാനാണ് സാർ...? ഞാനൊന്ന് അനങ്ങിയാൽത്തന്നെ അതെന്റെ മരണമായിരിക്കും. ആദിവാസി കുടികളിലേയ്ക്കുള്ളവരോ വാട്ടർ അതോറിറ്റിയിലെ, ഡാമിന്റെ സുരക്ഷാ ജീവനക്കാരോ വനംവകുപ്പ് ഉദ്യോഗസ്ഥരോ ആരെങ്കിലും അതുവഴി വന്നിരുന്നെങ്കിലെന്ന് ഞാൻ സർവ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു.
അപ്പോൾ വണ്ടിയിൽ നിന്ന് ചോർന്നുതുടങ്ങിയ പെട്രോളിന്റെ മണം മൂക്കിലേക്ക് അടിച്ചുകയറി. വണ്ടി സ്റ്റാർട്ടായിക്കിടക്കുന്നതിനാൽ തീപിടിക്കുമോ എന്നും ഭയന്നു. ചുട്ടുപഴുത്തിരിക്കുന്ന ബൈക്കിന്റെ സൈലൻസറിൽ മൂക്ക് തട്ടിയിട്ടാണോയെന്തോ, പെട്ടെന്ന് 'ശ്ശ് ..." എന്നൊരു ഒച്ചയും, ഒപ്പം അവന്റെ വികൃതമായ ഒരു മോങ്ങലും അന്തരീക്ഷത്തെ വിറപ്പിച്ചു. പിന്നെ ഒറ്റച്ചാട്ടത്തിന് അവൻ റോഡിന് മറുവശം കടന്ന് ഓടി. അതേസമയം ഇടതുവശത്തായി പൊന്തകൾക്കിടയിൽ നിന്ന് ഉയർന്നുകേട്ട നിരവധി കുളമ്പടി ശബ്ദങ്ങൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചുകളഞ്ഞു.
മുന്നേയെത്തിയ കൂട്ടത്തിലെ മറ്റുള്ളവ അവനെക്കാത്ത് അപ്പുറത്ത് നില്‍ക്കുകയായിരുന്നു! ആ കൂട്ടമൊന്നാകെ അടിക്കാടുകൾ ചവിട്ടിമെതിച്ച് ഓടിയപ്പോൾ ചെറിയ ഭൂമികുലുക്കം അകന്നുപോകുന്നതു പോലെയാണ് നിലത്ത് അമർന്നുകിടന്നിരുന്ന എനിക്കനുഭവപ്പെട്ടത്! എന്നിട്ടും ഞാൻ അനങ്ങാതെ കിടന്നു. അവൻ അവിടെ നിന്നു പോയെന്ന് ഉറപ്പാക്കിയശേഷം പതിയെ എഴുന്നേറ്റു. ദേഹത്തെ കലശലായ വേദനയൊന്നും അപ്പോൾ അറിഞ്ഞതേയില്ല. കാൽമുട്ടിൽ ചെറിയ പൊട്ടലുണ്ടായത് അറിഞ്ഞതും ചികിത്സ തേടിയതും ഒക്കെ പിറ്റേന്നാണ്.
വല്ല വിധേനയും റോഡിൽ നിന്ന് ബൈക്ക് പൊക്കിയെടുത്തു. അപ്പാടെ വളഞ്ഞിരുന്ന ഹാൻഡിൽ ഏറെ പണിപ്പെട്ടാണ് നേരെയാക്കിയത്. അപ്പോഴൊക്കെയും ബൈക്ക് ഓഫായിപ്പോകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അവസാനം ബൈക്കിൽക്കയറി സകല ദൈവങ്ങളെയും പ്രാർത്ഥിച്ച് പേപ്പാറയിലേക്കു പായുമ്പോൾ റോഡിലെ ഹമ്പുകളിൽത്തട്ടി തെറിച്ചുപോകുമെന്നു തോന്നി. ആറേഴ് കിലോമീറ്റർ കഴിഞ്ഞ്, അകലെയായി കെട്ടിടങ്ങളിലെ വെളിച്ചം കണ്ടുതുടങ്ങിയപ്പോഴാണ് ബോധം വീണതെന്നു വേണം പറയാൻ!" വാക്കുകൾ പെറുക്കിവയ്ക്കുന്നതു പോലെ അയാൾ പറഞ്ഞുനിറുത്തി. വലിഞ്ഞുമുറുകിയിരുന്ന അയാളുടെ വെളുത്ത മുഖത്ത് വല്ലാത്ത രക്തച്ഛവി പടർന്നതുപോലെ...
(വനംവകുപ്പ് റിട്ട. ഡെപ്യൂട്ടി കൺസർവേറ്റർ ആണ് ലേഖകൻ. ഫോൺ: 94977 85882)
(ബോക്സ്)
നമ്മുടേത്
കാട്ടികൾ!
നമ്മുടെ കാടുകളിൽ കാണുന്നത് കൂർത്തതും അർദ്ധചന്ദ്രാകൃതിയിലുള്ളതുമായ കൊമ്പുകളുള്ള, നെറ്റി മുന്നോട്ടു തള്ളിയ, ഇരുണ്ട തവിട്ടു നിറത്തിലെ ശരീരവും കാലുകളിൽ വെള്ള സോക്‌സുകൾ പോലെ അടയാളവുമുള്ള കാട്ടികളാണെന്നത് (Gaur/Indian Bison) സത്യമാണ്. ലോകത്തുതന്നെ ഏറ്റവും കൂടുതൽ കാട്ടികളുള്ളത് പശ്ചിമഘട്ടത്തിലാണ്. ശരിക്കും കാട്ടുപോത്തുകൾ (Wild Indian Water Buffalo) എന്നറിയപ്പെടുന്നവ ഇന്ത്യയിൽ വടക്കുകിഴക്ക് സംസ്ഥാനങ്ങളിലെ (മുഖ്യമായും ചത്തിസ്ഗഢ്, അസാം, ബംഗാൾ മേഖലകളിലെ) പുൽമേടുകളിലും ചതുപ്പിലും കാണപ്പെടുന്നവയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |