
പൊള്ളുന്ന ചൂടാണ്......പുറത്തിറങ്ങാൻ വയ്യേ....കേരളത്തിലുടനീളം ഇപ്പോൾ ചൂടാണ് ചർച്ച. വേനലിന്റെ കാഠിന്യം കൂടിയതോടെ സംസ്ഥാനം ചുട്ടുപൊളളുകയാണ്. പുലർച്ചെ തന്നെ കനത്ത ചൂട് അനുഭവപ്പെടുന്ന ദിവസങ്ങൾ കൂടിവരുന്നു. നഗരങ്ങളിലോ ഗ്രാമങ്ങളിലോ ആയാലും സൂര്യന്റെ കാഠിന്യം ഒരുപോലെ തന്നെ ജനജീവിതത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയായി. റോഡിലൊക്കെ പകൽ ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞു. രാത്രിയിലും അത്യുഷ്ണം തുടരുകയാണ്. ചൂട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നത്. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഇവിടങ്ങളിൽ മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമുള്ളതിനാൽ രാവിലെ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേൽക്കാതെ ശ്രദ്ധിക്കണം.
ഉഷ്ണതരംഗ മുന്നറിയിപ്പ്
ചൂട് കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഉഷ്ണ തരംഗ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. യെല്ലോ അലർട്ടാണ് ജില്ലയിലുള്ളത്. തുടർച്ചയായ ദിവസങ്ങളിൽ തീവ്രമായ ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ വരുംദിവസങ്ങളിലും താപനില സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ചൂടിനെ ചൊല്ലി വ്യാജവാർത്തകളുടെ ഉഷ്ണതരംഗം
കടുത്ത ചൂടനുഭവപ്പെടുന്ന സാഹചര്യത്തിൽ ചൂടുമായി ബന്ധപ്പെട്ട വ്യാജവാർത്തകളും തലപൊക്കി തുടങ്ങിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലാണ് ഇത്തരം വ്യാജസന്ദേശങ്ങൾ എത്തുന്നത്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുമെന്നും കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് വരുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. അതേസമയം ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ല. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, സെക്ഷൻ 54 അനുസരിച്ച് ശിക്ഷാർഹമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി സാമൂഹ്യമാധ്യങ്ങളിലൂടെ മുന്നറിയിപ്പ് നൽകി.
കരുതണം സൂര്യാഘാതം
ചൂട് കൂടുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാകുന്നതാണ് സൂര്യാഘാതത്തിന് പ്രധാന കാരണം. തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നിവ കാണുകയാണെങ്കിൽ അത് സൂര്യാഘാതം കാരണമായിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും താമസിയാതെ ആശുപത്രിയിൽ എത്തിക്കണം.
ശ്രദ്ധിക്കാം
1.പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
2.ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
3. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
4. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
5.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
6.പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
7.തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.
8.കുട്ടികളെ അതികഠിനമായ വെയിലുള്ള സമയങ്ങളിൽ കളിക്കാൻ അനുവദിക്കാതിരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |