SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.36 AM IST

ജ്ഞാനപൂർണൻ

Increase Font Size Decrease Font Size Print Page
s

എഴുപതു വർഷക്കാലമാണല്ലോ ശ്രീചട്ടമ്പിസ്വാമി തിരുവടികൾ ഭൂലോകവാസം ചെയ്തത്. അതിൽ ഏതാണ്ട് രണ്ടുപതിറ്റാണ്ടു മാത്രമേ അദ്ദേഹം ലൗകികനെപ്പോലെ ജീവിച്ചുള്ളൂ. അദ്ദേഹത്തിന് അറിഞ്ഞുകൂടാത്ത വിദ്യകളൊന്നും ഉണ്ടായിരുന്നില്ല. പൂർവജന്മങ്ങളിലാർജ്ജിച്ച അറിവുകൾ ആ മഹാത്മാവിന്റെ ബോധമണ്ഡലത്തിൽ ജ്വലിച്ചു നിന്നിരിക്കണം. ഇതുതന്നെയാകാം ചെറുപ്പത്തിലേ അദ്ദേഹം 'വിദ്യാധിരാജൻ' എന്ന് ജ്ഞാനികളാൽ സ്തുതിക്കപ്പെടാൻ കാരണം. വ്യാസനും ശങ്കരനും കൂടിച്ചേർന്നാൽ നമ്മുടെ സ്വാമിയായി - മൂലവും ഭാഷ്യവും കൂടിച്ചേർന്നതാണല്ലോ. സ്വാമിക്ക് അറിയാൻ പാടില്ലാത്തതായി ഒന്നുമില്ലായിരുന്നല്ലോ. അവിടുന്ന് എല്ലാമറിഞ്ഞിരുന്നു--ശ്രീനാരായണഗുരുവിന്റെ ഈ സാക്ഷ്യത്തിൽക്കവിഞ്ഞ് മറ്റൊരു തെളിവും വേണ്ടാ ചട്ടമ്പിസ്വാമികളുടെ മഹത്വമറിയുന്നതിന്.

എല്ലാം അറിഞ്ഞുകഴിഞ്ഞതിനാൽ ചട്ടമ്പിസ്വാമികൾക്ക് ചെയ്തു തീർക്കാൻ കർമ്മങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പ്രത്യേകമായ ആവശ്യങ്ങളും ആഗ്രഹങ്ങളും പോലും ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള മഹത്തുക്കളുടെ ശിഷ്ടജീവിതം അവർ നയിക്കുന്നത് തങ്ങൾക്കു വേണ്ടിയല്ല, ലോകസംഗൃഹത്തിനുവേണ്ടിയാണ്. സദാ ആനന്ദമഗ്‌നരായ അവർ വെറും വിനോദമെന്ന മട്ടിലാണ് എന്തും ചെയ്യുന്നത്. അര നൂറ്റാണ്ടോളം സാധാരണക്കാർക്കിടയിൽ വെറും സാധാരണനായിക്കഴിഞ്ഞ ചട്ടമ്പിസ്വാമികളുടെ ജീവിതത്തിൽ ഇങ്ങനെ രസപ്രദവും വിസ്മയനീയവുമായ നിരവധി സംഭവങ്ങളുണ്ട്.

സകലകലാവല്ലഭനെങ്കിലും സംഗീതത്തോട് സ്വാമികൾക്ക് സവിശേഷമായ ആഭിമുഖ്യമുണ്ടായിരുന്നു. അദ്ദേഹം അധികം ഉപയോഗിച്ച വസ്തുക്കളിലൊന്ന് ഗഞ്ചിറ എന്ന സംഗീതോപകരണമായിരുന്നു. ഉപകരണമൊന്നുമില്ലാതെയും വാദ്യമേളക്കൊഴുപ്പ് വരുത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇത്തരം പ്രകടനങ്ങൾക്ക് ദൃക്‌സാക്ഷികളായവരെ ഉദ്ധരിച്ച് പറവൂർ കെ. ഗോപാലപിള്ള ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'ചിലപ്പോൾ നാസാരന്ധ്രത്തിൽകൂടി ചില ശബ്ദം പുറപ്പെടുവിച്ച് അതിനെ സംഗീത ശാസ്ത്ര രീത്യാ വിന്യസിച്ച് ജലതരംഗം എന്ന സംഗീതയന്ത്രത്തിന്റെ സുഖമായ പ്രയോഗം കാണിക്കും. വെറും പലകക്കഷണങ്ങളിൽ സ്വന്തം വിരലുകളുപയോഗിച്ച് പാണ്ടിമേളം തകർക്കും. ചിലപ്പോൾ ചുണ്ടുകൾകൊണ്ട് ഒരുതരം ശബ്ദമുണ്ടാക്കി ഉടുക്കുകൊട്ടും. പഞ്ചലോഹമോതിരമോ പനയോലവിശറിയോ മതിയായിരുന്നു ചട്ടമ്പിസ്വാമികൾക്ക് ഇമ്പമാർന്ന സംഗീതം സൃഷ്ടിക്കാൻ.'

സുപ്രസിദ്ധ വിദ്വാന്മാരെക്കാൾ വലിയ സംഗീതജ്ഞനായിരുന്നു ചട്ടമ്പിസ്വാമികൾ എന്ന് തെളിയിച്ച ഒരു സംഭവം പറയാം. 1084 (1909)- ൽ സ്വാമികൾ തിരുവനന്തപുരത്ത് ശ്രീകണ്ഠേശ്വരം ഭജനമഠത്തിൽ 'പ്രാചീന മലയാളം' എന്ന പ്രാമാണിക ഗ്രന്ഥത്തിന്റെ രചനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അംബാസമുദ്രം സ്വദേശിയായ ഒരു സംഗീതഞ്ജൻ അദ്ദേഹത്തെ സമീപിച്ച് ഗഞ്ചിറയിൽ ചില പ്രയോഗങ്ങൾ നടത്താൻ അപേക്ഷിച്ചു. സ്വാമികൾക്കൊപ്പം മറ്റൊരു ഗഞ്ചിറയുമായി അദ്ദേഹവും വാദനം തുടങ്ങി. കുറെക്കഴിഞ്ഞപ്പോൾ സ്വാമികൾ വായിക്കുന്ന എണ്ണങ്ങൾ കേട്ട് ആ സംഗീതഞ്ജൻ അത്ഭുതസ്തബ്ധനായി. ദക്ഷിണേന്ത്യയിലെങ്ങും ഇത്രയും ജ്ഞാനമുള്ള ഒരു സംഗീതജ്ഞനെ താൻ കണ്ടിട്ടേയില്ലെന്നു പറഞ്ഞ് സ്വാമികളുടെ അനുഗ്രഹം നേടിയാണ് അദ്ദേഹം മടങ്ങിയത്. ഇതുപോലെ വ്യത്യസ്ത വാദ്യോപകരണ പ്രയോഗങ്ങളെ സംബന്ധിച്ച ഒട്ടേറെ അനുഭവങ്ങളുണ്ട്.

ചിത്രകലയിലും ശില്പവിദ്യയിലും ഇത്രതന്നെ കൃതഹസ്തനായിരുന്നു ചട്ടമ്പിസ്വാമികൾ. അക്കാലത്തെ പ്രസിദ്ധശില്പി നീലകണ്ഠൻ ആശാരിയിൽ നിന്നാണ് അദ്ദേഹം ഇവ അഭ്യസിച്ചത്. സ്വാമികളുടെ ചിത്രരചനാ വൈദഗ്ദ്ധ്യത്തിന് നിദർശനമായ ഒരു സംഭവം മാനേജരെന്ന പേരിൽ അറിയപ്പെട്ടിരുന്നയാളും ഡോ. പല്പുവിന്റെ ജ്യേഷ്ഠനുമായ പേട്ടയിൽ പരമേശ്വരൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിയെ ഭാവഭേദം വരുത്താതെ അഞ്ചുവിധത്തിൽ അദ്ദേഹം ആലേഖനം ചെയ്തിട്ടുണ്ടത്രേ. ഇപ്പോൾ കാർട്ടൂൺ, കാരിക്കേച്ചർ എന്നൊക്കെപ്പറയുന്ന സമ്പ്രദായത്തിലായിരുന്നു ഓരോന്നും വരച്ചത്.

ചട്ടമ്പിസ്വാമികളുടെ ദ്രുതകവനസിദ്ധിയും അനുപമം എന്നേ പറഞ്ഞുകൂടൂ. ശ്രീനാരായണഗുരു, പെരുനെല്ലി കൃഷ്ണൻവൈദ്യൻ, വെളുത്തേരി കേശവൻ വൈദ്യൻ എന്നിവരുമായിച്ചേർന്ന് സ്വാമികൾ സൃഷ്ടിച്ച നിമിഷകവിതകൾക്ക് കണക്കില്ല. ഇവയിൽ പലതിനെയും പറ്റി മുലൂർ എസ്. പത്മനാഭപ്പണിക്കർ, ഏറത്ത് കരുവാ കൃഷ്ണനാശാൻ തുടങ്ങിയവർ എഴുതിയിട്ടുണ്ട്. അഭിനയകലയിലും ആർക്കും പിന്നിലായിരുന്നില്ല സ്വാമികൾ. അറിയപ്പെടുന്ന കഥകളി നടന്മാരെപ്പോലും അടിപണിയിച്ച ആ അഭിനയശേഷി ഇരവിപുരം, എറണാകുളം എന്നിവിടങ്ങളിലൊക്കെ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. (1902).

കല എന്നതിന് അംശം, ഭാഗം എന്നും അർത്ഥമുണ്ടല്ലോ. സ്വാഭാവികമായും എന്തിന്റെ അംശം അല്ലെങ്കിൽ ഭാഗം എന്ന ചോദ്യം ഉയർന്നുവരും. ഈശ്വരീയശക്തിയുടെ എന്നതാണ് അതിന്റെ ഉത്തരം. വ്യക്തിക്ക് അതുണ്ടാകുന്നതും ഈശ്വരാനുഗ്രഹത്താൽ മാത്രം. ഇങ്ങനെ ചിന്തിക്കുമ്പോഴാണ് ചട്ടമ്പിസ്വാമികളുടെ സകലകലാവല്ലഭത്വത്തിന്റെ പൊരുൾ മനസിലാവുക. അദ്ദേഹം പരിപൂർണനായിരുന്നു. ജ്ഞാനികൾക്കേ ഇതറിയാൻ കഴിയൂ. ശ്രീനാരായണഗുരു ഇക്കാര്യം ഗ്രഹിച്ചിരുന്നു. നേരത്തെ ഉദ്ധരിച്ച സാക്ഷ്യം കൂടാതെ, ചട്ടമ്പിസ്വാമി സമാധിയറിഞ്ഞു രചിച്ച രണ്ട് ശ്ലോകത്തിലും ഗുരു ആ മഹിമാവിശേഷം എടുത്തുപറഞ്ഞിട്ടുണ്ടല്ലോ. ഇതുതന്നെയാണ് ആരായിരുന്നു ചട്ടമ്പിസ്വാമികൾ എന്ന ചോദ്യത്തിന്റെ ശരിയായ ഉത്തരം.

(കേരളസർവകലാശാലയിലെ മുൻ സീനിയർ പ്രൊഫസറും ഡീനും ഇപ്പോൾ എമെരിറ്റസ് പ്രൊഫസറുമാണ് ലേഖകൻ )

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.