
തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസുകളിലുള്ള ജീവനക്കാർ ഈ മാസം കൂടി തുടരും. മേയ് 4ന് വോട്ടെണ്ണൽ കഴിഞ്ഞ ശേഷമേ ഇവർ സേവനം അവസാനിപ്പിക്കു.പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ മന്ത്രിമാർക്കും ഓഫീസിലെ ജീവനക്കാർക്കും തുടരാം.എന്നാൽ വോട്ടെണ്ണൽ ദിനത്തോടെ ജീവനക്കാർ സേവനം അവസാനിപ്പിക്കുകയാണ് പതിവ്.ഇത്തവണയും അതേ രീതി തുടരാനാണ് നിർദ്ദേശം ലഭിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും മേയ് 4 വരെ ഓഫീസുകളിൽ എത്തണമെന്നാണ് ജീവനക്കാർക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം.സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഇവരുടെ സേവനം ആവശ്യമെന്നാണ് വിലയിരുത്തിൽ.എന്നാൽ ഡെപ്യൂട്ടേഷനിൽ എത്തിയിട്ടുള്ള ജീവനക്കാർ തിരികെ മാതൃ സ്ഥാപനങ്ങളിലേക്ക് മടങ്ങിത്തുടങ്ങി.നടപടിക്രമങ്ങൾ പൂർത്തിയാക്കി സെക്രട്ടേറിയറ്റിൽ നിന്നും നൽകിയ തിരിച്ചറിയൽ രേഖകൾ ആഭ്യന്തര വകുപ്പിന് കൈമാറിയശേഷമാണ് ഇവരെ വിടുതൽ ചെയ്യുന്നത്.
തുടർഭരണം ലഭിക്കുകയാണെങ്കിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വരെ ജീവനക്കാർ തുടരും.എന്നാൽ ഭരണം കൈവിട്ടാൽ മേയ് 4ന് തന്നെ ജീവനക്കാർ ഒഴിയും.സുരക്ഷ കണക്കിലെടുത്ത് മന്ത്രിമാരുടെ ഗൺമാന്റെ സേവനം നീട്ടിയേക്കും.മന്ത്രിമാർ ഓഫീസുകളിലെത്തി ഫയൽ പരിശോധന ഉൾപ്പെടെയുള്ള നടപടികളിൽ പങ്കാളികളാകുന്നുണ്ട്.സംസ്ഥാനത്തെ ദൈനംദിന വിഷയവുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങളിൽ പങ്കെടുക്കുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |