SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.07 PM IST

സിനിമ കണ്ട് സേനയിൽ ചേർന്ന മലയാളി ലഫ്റ്റനന്റ് ജനറൽ 

Increase Font Size Decrease Font Size Print Page

jayachandran
ലഫ്.ജനറൽ സി.ജെ.ജയചന്ദ്രൻ

തിരുവനന്തപുരം: കരസേനയുടെ ലഖ്നൗ ആസ്ഥാനമായ സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി കഴിഞ്ഞ ദിവസം ചുമതലയേറ്റ തിരുവനന്തപുരം പട്ടം സ്വദേശി ലഫ്റ്റനന്റ് ജനറൽ സി.ജെ.ജയചന്ദ്രന്റെ മനസിൽ പട്ടാള ഓഫീസറാകണമെന്ന ആഗ്രഹം ഉദിച്ചതിനു പിന്നിൽ പ്രീഡിഗ്രി കാലത്ത് കണ്ട വിജേറ്റ എന്ന ഹിന്ദി സിനിമയായിരുന്നു.

കുനൽകപൂർ അവതരിപ്പിച്ച അംഗദ് എന്ന കഥാപാത്രം എയർഫോഴ്സിലെ ഫൈറ്റർ പൈലറ്റ് ആയതുപോലെ തനിക്കും എയർഫോഴ്സിൽ ചേരണമെന്നായിരുന്നു പ്രീഡിഗ്രി വിദ്യാർത്ഥിയായ സി.ജെ.ജയചന്ദ്രന്റെ ആഗ്രഹം. ആ നിശ്ചയദാർഢ്യമാണ് നാഷണൽ ഡിഫൻസ് അക്കാദമിയിലെത്തിച്ചതും തുടർന്ന് സേനയിലെ ഉന്നത പദവികളിലെത്തിച്ചതും.

പട്ടം സെന്റ്‌മേരീസ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എൻ.സി.സിയിൽ അംഗമായപ്പോൾ തന്നെ സേനയോട് ഇഷ്ടം തോന്നിയിരുന്നു. മാർ ഇവാനിയോസിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിജേറ്റ എന്ന ഹിന്ദി സിനിമ കാണാനിടയായത്. പ്രീഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുമ്പോൾ ഡിഫൻസ് അക്കാദമിയുടെ പരീക്ഷ എഴുതി. പ്രീഡിഗ്രിക്ക് ശേഷം തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽ പ്രവേശനം ലഭിച്ചുവെങ്കിലും അത് ഉപേക്ഷിച്ച് 1987ൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു.

1991ൽ ബോംബെ സാപ്പേഴ്സിനു കീഴിൽ കരസേനയുടെ ഭാഗമായി. മേഘാലയയിൽ ആയിരുന്നു ആദ്യനിയമനം. മൂന്നരപ്പതിറ്റാണ്ട് നീണ്ട സൈനിക സേവനത്തിനിടയിൽ വിവിധയിടങ്ങളിൽ പ്രവർത്തിച്ചു. കാർഗിൽ യുദ്ധത്തിലും പങ്കെടുത്തു. 100 ലേറെ പാരാജമ്പുകൾ നടത്തിയ പാരാട്രൂപ്പർ കൂടിയാണ്. ജോലിക്കിടയിൽ ഡിഫൻസ് സ്റ്റഡീസിൽ എം.എസ് സിയും രണ്ട് എംഫില്ലും സ്വന്തമാക്കി. ഹയർ എയർ കമാൻഡ് കോഴ്സിലും യോഗ്യത നേടി. അൾട്രാ മാരത്തൺ, അയൺമാൻ ട്രയാത്ത്‌ലോൺ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ പങ്കാളിയായി. സെയിലിംഗ് ചാമ്പ്യൻഷിപ്പിൽ ദേശീയ തലത്തിലും പങ്കെടുത്തിട്ടുണ്ട്.

പരേതരായ ജഗനാഥൻ നായരുടേയും ലീലഭായ് അമ്മയുടേയും മകനാണ്. ജയശ്രീയാണ് ഭാര്യ. ഏക മകൾ മാളവിക യു.കെയിലെ ബിരുദാനന്തര ബിരുദ പഠനത്തിനുശേഷം എൻ.ജി.ഒയിൽ ജോലി ചെയ്യുന്നു. പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ.സുരേഷ് ചന്ദ്രൻ സഹോദരനാണ്.

TAGS: MALAYALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.