SignIn
Kerala Kaumudi Online
Friday, 15 May 2026 4.50 PM IST

ചൂട് കൂടിയതോടെ പാമ്പുകളില്‍ ഈ ശീലം വര്‍ദ്ധിച്ചു; കടി ഒഴിവാക്കാന്‍ ഇവിടങ്ങളില്‍ ശ്രദ്ധ വേണം

snakes

കോഴിക്കോട്: വേനല്‍ച്ചൂട് കൂടിയതോടെ തണുപ്പ് തേടിയെത്തുന്ന പാമ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സര്‍പ്പ വിദഗ്ദര്‍. ശരീരത്തിലെ താപനില നിയന്ത്രിക്കാനാണ് പാമ്പുകള്‍ തണുപ്പുള്ള സ്ഥലങ്ങള്‍ തേടുന്നത്. ഇത്തരത്തില്‍ വീടിനകത്തും ശുചിമുറികളിലുമെല്ലാം ഇവ എത്താന്‍ സാദ്ധ്യത കൂടുതലാണ്. സൂക്ഷിച്ചില്ലെങ്കില്‍ കടിയേല്‍ക്കാം. ചൂടുകാലം പാമ്പുകളുടെ പ്രജനനസമയം കൂടിയായതിനാല്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ കൂടുതലായും ഈ സമയത്ത് കാണാന്‍ സാധിക്കും.

കുഞ്ഞാണെങ്കിലും വിഷമുള്ള ഇവ തങ്ങളുടെ ഒളിത്താവളം കണ്ടെത്താനായി തുടര്‍ച്ചയായി സഞ്ചരിക്കും. ഇങ്ങനെ സഞ്ചരിക്കുന്ന പാമ്പിന്‍ കുഞ്ഞുങ്ങള്‍ വീടിനോട് ചേര്‍ന്നുള്ള ഇടങ്ങളിലോ തണുത്ത പ്രദേശങ്ങളിലോ താവളം കണ്ടെത്തും. സാധാരണയായി ജലസംഭരണികള്‍, കുളിമുറികള്‍, ഗോവണിപ്പടികള്‍, എന്നിങ്ങനെയുള്ള തണുത്ത ഇടങ്ങളിലാണ് പാമ്പുകള്‍ കയറിക്കൂടുക. കേരളത്തില്‍ കാണുന്ന മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി എന്നിവയുടെ കുഞ്ഞുങ്ങളാണ് ഈ സമയങ്ങളില്‍ കൂടുതലായും കാണുക. വീടിനോട് ചേര്‍ന്നുള്ള വള്ളിച്ചെടികളിലൂടേയോ മരങ്ങളിലൂടെയോ പാമ്പുകള്‍ വീടിനകത്ത് കയറിപ്പറ്റും

കഴിഞ്ഞ വര്‍ഷം മരണം 16


കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് 16 പേരാണ് മരിച്ചത്. 24-25 ല്‍ 34 പേര്‍ മരിച്ചു. തൃശൂരില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരന്‍ മരിച്ചതാണ് ഈ വര്‍ഷത്തെ ആദ്യ കേസ്. അതേസമയം പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനംവകുപ്പ് ആവിഷ്‌കരിച്ച സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. പാമ്പുകളെ പിടികൂടുന്നതിനായി 1600 പേരെയാണ് വനംവകുപ്പ് പരിശീലിപ്പിച്ചിട്ടുള്ളത്. ജില്ലയില്‍ മാത്രം 250 സര്‍പ്പ വൊളന്റിയേഴ്‌സ് പ്രവര്‍ത്തിക്കുന്നു.


വേണം ശ്രദ്ധ

1.ഇരുട്ടും മുമ്പ് വീടിന്റ അകവും പുറവും നന്നായി വീക്ഷിക്കുക

2. വാതിലുകളും ജനലുകളും സുരക്ഷിതമായി അടച്ചിടുക

3.പക്ഷികളെ വളര്‍ത്തുന്ന വീട്ടുകാര്‍ അവയെ പ്രത്യേകം ശ്രദ്ധിക്കുക

4. മുറികളില്‍ ബെഡ് ഷീറ്റുകള്‍ തട്ടിവിരിച്ച് കിടക്കുക

5.വീടിനോട് ചേര്‍ന്ന് പടരുന്ന ചെടികള്‍ ഒഴിവാക്കണം.

6.വാതില്‍ തുറന്നിടരുത്. ചുവരിനോട് ചേര്‍ന്നാണ് ഇഴജന്തുക്കള്‍ സഞ്ചരിക്കുന്നത്.

7.നിര്‍ത്തിയിട്ട വാഹനങ്ങളില്‍ കയറും മുമ്പ് അകം നന്നായി പരിശോധിക്കുക

8.ഹെല്‍മറ്റ്, ഷൂസ്, ജാക്കറ്റ് എന്നിവ നന്നായി പരിശോധിച്ച ശേഷം ധരിക്കുക

''പാമ്പുകള്‍ വളരെ അസ്വസ്ഥരാകുന്ന സമയമാണ് ചൂടുകാലം. വിരിഞ്ഞിറങ്ങുന്ന പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് വലിയവയേക്കാള്‍ വിഷം കൂടുതലുള്ളവയാണ്. അതിനാല്‍ ജാഗ്രത പാലിക്കണം. വീടും പരിസരവും നന്നായി ശ്രദ്ധിക്കണം''-മുഹമ്മദ് അന്‍വര്‍, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, SNAKES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA