
അനുഗ്രഹിക്കപ്പെട്ട ഒരു വെള്ളിനാണയത്തിന്റെ ശുദ്ധിയും തിളക്കവുമാണ്, മനസിൽ എം.എസ്. രവിയെക്കുറിച്ചുള്ള ഓർമ്മ. സി.വി. കുഞ്ഞുരാമന്റെ കൈവെള്ളയിലേക്ക് ഗുരുദേവൻ വച്ചുകൊടുത്ത വെള്ളിനാണയത്തിന്മേൽ അനുഗ്രഹം മാത്രമല്ല, ഒരു നിയോഗം കൂടിയുണ്ടായിരുന്നു- ഒരു പത്രം തുടങ്ങാനുള്ള നിയോഗം. 'കേരളകൗമുദി" എന്ന ആ നിയോഗം പത്രാധിപർ കെ. സുകുമാരനിലൂടെ കൈമാറി സ്വന്തം കൈകളിലെത്തിയപ്പോഴും അതിന്റെ അന്തസും ആഭിജാത്യവും ആത്മശക്തിയും അതുപോലെ സൂക്ഷിക്കുകയായിരുന്നു എം.എസ്. രവി. രവിയുടെ മക്കളും മരുമക്കളും ചെറുമക്കളും കുടുംബ ബന്ധുക്കളുമെല്ലാം ചേർന്ന് ആ മഹാപൈതൃകത്തെ അമൃതംപോലെ ഇന്നും കാക്കുമ്പോൾ, അതിനെല്ലാം മീതെ 'ഗൗരീശങ്കരം" പോലെയുണ്ട്, രവിയുടെ ധർമ്മപത്നി ശൈലജാ രവിയുടെ മഹനീയ സാന്നിദ്ധ്യവും.
രവിയെ നഷ്ടമായിട്ട് ഇന്ന് എട്ടുവർഷം തികയുന്നു. നഷ്ടമെന്ന സംജ്ഞയ്ക്ക് വലിയ അർത്ഥവ്യാപ്തിയുണ്ട്. 'കേരളകൗമുദി"യുടെ എല്ലാ തലങ്ങളിലും എം.എസ്. രവിയെന്ന ഉദാരതയുടെ ആർദ്രഭാവം എത്തിയിരുന്നു. പത്രത്തിന്റെ ചീഫ് എഡിറ്റർ ആയി പ്രവർത്തിക്കുമ്പോഴും, എടുത്തണിഞ്ഞ ഗൗരവത്തിന്റെ മൂടുപടം ഒരിക്കൽപ്പോലും രവിയുടെ മുഖത്തുണ്ടായിരുന്നില്ല. പകരം, സ്നേഹവാത്സല്യങ്ങളുടെ നിലാവു പടർന്ന ഒരു വിടർന്ന ചിരി പുഷ്‌പഗന്ധം പോലെ രവിക്കു ചുറ്റും പടർന്നുനിന്നു. ആ ചിരിയോടെയല്ലാതെ രവിയെ ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിരിക്കുമോ എന്നും എനിക്കറിയില്ല. ഒടുവിൽ തീരെ അപ്രതീക്ഷിതമായി സംഭവിച്ച മരണത്തിലും, വിതുമ്പലോടെ യാത്ര പറയാനെത്തിയവരോട്, 'സാരമില്ലെടോ" എന്നു പറയുംപോലെ ഒരു മൃദുസ്‌മിതം രവിയുടെ ചുണ്ടിൽ വിട്ടുപോകാതെ നിന്നിരുന്നു.
സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ വ്യക്തിപരമായ സങ്കടങ്ങളിലും നിസഹായതകളിലും, ജോലിയുമായി ബന്ധപ്പെട്ട അവരുടെ ന്യായമായ ആവശ്യങ്ങളിലുമൊക്കെ എം.എസ്. രവിയുടെ കരുതൽ ഒരു സഹോദരന്റേതിനോ പിതാവിന്റേതിനോ തുല്യമായി എപ്പോഴുമുണ്ടായിരുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ടതായാലും, ജീവിതത്തിലായാലും, സഹപ്രവർത്തകരുടേതായാലും പ്രശ്നങ്ങൾക്ക് നിസാരമായി പരിഹാരം കാണുന്നതിനുള്ള രവിയുടെ ശേഷി എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. 'അത് ഇത്രയേയുള്ളായിരുന്നോ" എന്ന്, ആ പ്രശ്നത്തിന്റെ ഭാരവുമായി മുന്നിലെത്തിയ ആൾക്കുപോലും അപ്പോഴായിരിക്കും തോന്നുക!
വ്യക്തിപരമായി രവിയെക്കുറിച്ച് എഴുതുവാൻ എനിക്ക് ഒരുപാടുണ്ട്. വക്കം പുരുഷോത്തമൻ നിയമസഭാ സ്പീക്കർ ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു, ഞാൻ. അസംബ്ളിയിലേക്ക് സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട്, മാദ്ധ്യമ പ്രവർത്തകരും സംഘടനകളും മറ്റും ആവശ്യപ്പെടുന്നതനുസരിച്ച് നിശ്ചിത എണ്ണം പാസ് അവർക്കായി അനുവദിച്ചിരുന്നു. ആയിടയ്ക്ക് ഒരു ദിവസം രാവിലെ രവിയുടെ ഒരു ഫോൺകാൾ: 'എനിക്കുള്ള പാസ് എവിടെ?" അപേക്ഷകൾക്ക് അനുസരിച്ചാണ് പാസ് അനുവദിച്ചിരുന്നത് എന്നതുകൊണ്ട് എന്റെ മറുപടി ഇങ്ങനെയായിരുന്നു: 'അതിന് രവി അപേക്ഷിച്ചിരുന്നില്ലല്ലോ!"
രവി മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അപ്പോൾത്തന്നെ ഇക്കാര്യം ഞാൻ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. 'എം.എസ്. രവിക്ക് പാസ് അനുവദിക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിരുന്നു" എന്നു പറഞ്ഞിട്ട്, രവിയുടെ കൈയിൽ നിന്ന് അന്നുതന്നെ ഒരു അപേക്ഷ എഴുതിവാങ്ങാൻ അദ്ദേഹം നിർദ്ദേശിക്കുകയായിരുന്നു. രവിയുടെ അപേക്ഷ സ്പീക്കറുടെ മേശപ്പുറത്തു വയ്ക്കുമ്പോൾ, 'ഇന്നുതന്നെ സ്‌പെഷ്യൽ പാസ് കൊടുക്കണം" എന്ന് ഉടൻ ഉത്തരവുണ്ടായി. പിന്നീടൊരിക്കൽ, ഒരു സുഹൃദ്സദസിൽ വച്ച് പോക്കറ്റിൽ നിന്ന് ആ പാസ് എടുത്തു കാണിച്ചിട്ട് രവി പറഞ്ഞു: 'ഇത് ദേ, ഇയാൾ വഴി കിട്ടിയതാണ്. ഇനി എപ്പോൾ വേണമെങ്കിലും എനിക്ക് നിയമസഭയിൽ പോകാം!"
ഒരു സ്പെഷ്യൽ പാസ് രവിയെ സംബന്ധിച്ചിടത്തോളം ആരുടെയും ഔദാര്യമല്ല. പക്ഷേ, അധികം പേർക്കൊന്നും പലപ്പോഴും കണ്ടിട്ടില്ലാത്ത ആ എളിമയുടെ സൗന്ദര്യം എം.എസ്. രവിക്ക് എന്നുമുണ്ടായിരുന്നു. രവിയുടെ വിനീതമായ മഹിമ എന്ന് ഞാനതിനെ ആദരവോടെതന്നെ വിളിക്കുന്നു. ആ ചിരിയുടെ നൈർമല്യം പോലെ തന്നെയായിരുന്നു, രവിയുടെ എളിമയും. സി.വിയിൽ നിന്ന് പത്രാധിപരിലേക്കും, അവിടെ നിന്ന് രവിയിലേക്കും, അനന്തര തലമുറയിലേക്കുമൊക്കെ പകർന്നുകിട്ടിയ ശ്രേഷ്ഠഗുണം പലയിരട്ടി പ്രകാശംപരത്തി ഇപ്പോഴും തിളങ്ങുന്നു.
പത്രസ്ഥാപനത്തിന്റെ കാലാനുസൃതമായ പുരോഗതി രവിയും മക്കളും മറ്റു കുടുംബാംഗങ്ങളും മുന്നിൽക്കണ്ടിരുന്നു. മാദ്ധ്യമരംഗത്തെ മാറ്റങ്ങളെക്കുറിച്ചുള്ള ജീവനക്കാരുടെ കാഴ്ചപ്പാടുകളെ രവി നിരന്തരം വിലയിരുത്തുകയും സമത്വത്തിന്റെ ആദരവും വിനയവും പരസ്പരം കരുപ്പിടിപ്പിക്കുകയും ചെയ്തു. പ്രശാന്തിയുടെ ദൃശ്യരൂപം മുന്നിൽ നിറഞ്ഞുനിൽക്കുന്ന പ്രതീതിയോടെ രവിക്കൊപ്പം ജീവിക്കാനും ജോലിചെയ്യാനും മറ്റുള്ളവർക്കും കഴിയുമായിരുന്നു. രവിയുടെ ആർദ്രമായ ഉദാരതയും ആത്മാർത്ഥതയും നിഷ്‌കളങ്കതയുടെ പുണ്യവുമൊക്കെ, ഉത്തരവാദിത്വമുള്ള
ചുമതലകൾ വഹിക്കേണ്ടിവരുന്ന ചെറുപ്പക്കാർക്ക് എക്കാലത്തേക്കുമുള്ള പാഠമാണ്.
അപ്രതീക്ഷിതമായിരുന്നു രവിയുടെ തിരോധാനം. എങ്കിലും, രവി തിരശ്ശീലയ്ക്കപ്പുറമുണ്ട്. ഒരിക്കലെങ്കിലും അടുത്തു പരിചയിച്ചവരുടെയെല്ലാം മനസിൽ ആ ചിരിയുണ്ട്. എളിമയാർന്ന പെരുമാറ്റത്തിന്റെ സുഗന്ധം മായാതെയുണ്ട്. ഒരുമിച്ചുണ്ടായിരുന്നവരുടെ ഉള്ളിൽ രവിയുടെ സാമീപ്യത്തിന്റെ ചാരുതയുണ്ട്. സുഹൃത്തുക്കളുടെ ഹൃദയത്തിൽ നിഷ്കളങ്കമായ ആ സ്നേഹത്തിന്റെ തോളിൽത്തട്ടലുണ്ട്. എല്ലാറ്റിനും മീതെ ആ വെള്ളിനാണയത്തിന്റെ തിളക്കമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |