SignIn
Kerala Kaumudi Online
Wednesday, 29 April 2026 11.33 AM IST

മൃതദേഹത്തിനൊപ്പം മെഴ്സിഡസ്  ബെൻസും കുഴിച്ചുമൂടി; മക്കൾ അച്ഛന് നൽകിയ  അന്ത്യയാത്ര കണ്ട് ഞെട്ടി നാട്ടുകാർ 

Increase Font Size Decrease Font Size Print Page
-mercedes-

ബീജിംഗ്: മരിച്ചവർക്ക് പരലോകത്ത് ഉപയോഗിക്കാൻ പേപ്പറിൽ തീർത്ത കാറുകളും വീടുകളും പണവും കത്തിച്ചുവിടുന്ന ആചാരം ചൈനയിൽ നിലവിലുണ്ട്. എന്നാൽ ഇവിടെ പേപ്പർ കാറിന് പകരം കോടികൾ വിലയുള്ള യഥാർത്ഥ മെഴ്സിഡസ് ബെൻസാണ് പിതാവിന്റെ കല്ലറയിൽ ഉൾപ്പെടുത്തി മക്കൾ അമ്പരപ്പിച്ചിരിക്കുന്നത്. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലാണ് എഴുപതുകാരനായ ഒരാളുടെ സംസ്‌കാര ചടങ്ങിൽ നടന്ന സംഭവം ചർച്ചയാകുന്നത്.

ആഡംബര കാറുകളോട് താല്പര്യമുണ്ടായിരുന്ന പിതാവിന്റെ ആഗ്രഹപ്രകാരമാണ് മെഴ്സിഡസ് ബെൻസ് മൃതദേഹത്തോടൊപ്പം കല്ലറയിലേക്ക് മക്കൾ താഴ്ത്തിയത്. ലക്ഷങ്ങൾ വിലമതിക്കുന്ന 8888 എന്ന വിഐപി നമ്പറോട് കൂടിയ കാറായിരുന്നു ഇത്. ചൈനീസ് സംസ്‌കാരത്തിൽ എട്ട് എന്നത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.

ചുവന്ന തുണി പുതപ്പിച്ച കാർ ജെസിബി ഉപയോഗിച്ചായിരുന്നു കുഴിമാടത്തിലേക്ക് ഇറക്കിവച്ചത്. ശവസംസ്‌കാരത്തിന് സഹായിച്ച നാട്ടുകാർക്ക് സമ്മാനമായി 500 യുവാനും കുടുംബം നൽകി. അതേസമയം, സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ കുടുംബത്തിനെതിരെ ഉയർന്നത്. ഇതൊക്കെ അമിത ധൂർത്താണെന്നും പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും പലരും അഭിപ്രായപ്പെട്ടു.

വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ കർശന നടപടിയുമായി അധികൃത‌ർ രംഗത്തെത്തി. ഇത്തരം കാര്യങ്ങൾ കാലഹരണപ്പെട്ട അന്ധവിശ്വാസമെന്നും കുഴിച്ചുമൂടിയ കാർ ഉടൻ തന്നെ പുറത്തെടുക്കാൻ കുടുംബത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ ഇനി ആവർത്തിക്കരുതെന്നും സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പിതാവിനോടുള്ള സ്‌നേഹ പ്രകടനമാണെന്ന് കുടുംബം അവകാശപ്പെടുമ്പോഴും ഇത്തരം കാര്യങ്ങൾ അനാവശ്യ ആഡംബരമെന്നാണ് പൊതുഅഭിപ്രായം.

TAGS: VIRALNEWS, LATESTNEWS, CHINA, OFFBEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY