SignIn
Kerala Kaumudi Online
Tuesday, 21 April 2026 1.27 PM IST

വാൽപ്പാറയിലെ ദുരന്തപാഠം

Increase Font Size Decrease Font Size Print Page

accident

വാൽപ്പാറയിൽ ട്രാവലർ മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൻ്റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. വാർത്തകളിൽ ആ ദുരന്തം നിറഞ്ഞുനിൽക്കുകയാണ്. ഈ ദുരന്തം നൽകുന്ന വലിയൊരു പാഠമുണ്ട്.

ദീർഘദൂരയാത്രകൾ പോകുന്ന ആ വാഹനത്തേയും ഡ്രെെവറേയും തിരഞ്ഞെടുക്കുന്നതിലെ ജാഗ്രതയും കരുതലുമാണ് പ്രധാനമെന്നതാണ് ആ പാഠം. പ്രത്യേകിച്ച് ചുരങ്ങളിലേക്കും മലയോരങ്ങളിലേക്കും യാത്രപോകുമ്പോൾ ശ്രദ്ധ കൂടുതൽ വേണം. ഏത് വിനോദയാത്രയ്ക്ക് പുറപ്പെടാനൊരുങ്ങുമ്പോഴും പരിചയസമ്പന്നനായ ഡ്രൈവർ അനിവാര്യമാണ്. വാഹനങ്ങളുടെ സുരക്ഷ അതിലേറെ പ്രധാനമാണ്. ഫിറ്റ്‌നസ് ഉറപ്പാക്കിയ വാഹനമാണോയെന്ന് ഉറപ്പുവരുത്തണം. പുതിയ വാഹനമായാലും ശ്രദ്ധ വേണം. ഹൈറേഞ്ച് യാത്രകൾ സാധാരണയാത്രകൾ പോലെയല്ല. അത്തരം യാത്രകളിൽ വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളിലാണ് യാത്രക്കാരുടെ ജീവിതം സുരക്ഷിതമാകുന്നത്.

അപകടങ്ങൾ ഉണ്ടാകുമ്പോൾ, സ്വാഭാവികമായും അന്വേഷണങ്ങളും വിദഗ്ദ്ധ നിർദ്ദേശങ്ങളുമൊക്കെ ഉണ്ടാകും. അതെല്ലാം വാർത്തകളുടെ ചൂടാറുമ്പോൾ അടഞ്ഞ ഫയലുകളായി ശേഷിക്കും.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്‌കൂളിൽ നിന്നു വിനോദയാത്രയ്ക്കു പോയ സംഘത്തിലെ ഒമ്പതുപേർ മരിച്ചതു പോലെ മറ്റൊരു സംഭവം ഇനി നമ്മൾ കേൾക്കാനിടവരരുത്.

വാൽപ്പാറ പൊള്ളാച്ചി ചുരം റോഡിൽ 13ാം ഹെയർപിൻ വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടെമ്പോട്രാവലർ പലതവണ കീഴ്‌മേൽ മറിഞ്ഞ് തെറിച്ച് 9ാം വളവിലേക്കു പതിക്കുകയായിരുന്നു.

അപകടത്തിൽ മരിച്ചവരെല്ലാം പാങ്ങ് സ്‌കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ടവരായിരുന്നു. വേനലവധിക്കാലം ആഘോഷിക്കാനാണ് പ്രധാനാദ്ധ്യാപിക ഉൾപ്പെടെയുള്ള സംഘം വാൽപ്പാറയിലേക്കു തിരിച്ചത്.

പ്രകൃതിസുന്ദരം പക്ഷേ, അപകടക്കെണികളേറെ

40 ഹെയർ പിൻ വളവുകൾ, തേയില തോട്ടങ്ങളുടെ ചാരുത... പക്ഷേ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വാൽപ്പാറയിൽ ഭീതിദമായ അപകടക്കെണികൾ ഏറെയുണ്ട്. ഹെയർപിൻ വളവുകളാണ് ഇവിടേയ്ക്കുള്ള മുഖ്യ ആകർഷണം. ഒരൽപ്പം ധൈര്യമുള്ളവർക്കേ ചുരത്തിലെ കൊടും വളവ് താണ്ടി പോകാൻ കഴിയൂ. ഇരുചക്രവാഹനങ്ങളിൽ നിരവധി ചെറുപ്പക്കാരാണ് അതിരപ്പിള്ളി, മലക്കപ്പാറ വഴി വാൽപ്പാറയിലൂടെ പൊള്ളാച്ചിയിലേക്കും തിരിച്ച് പാലക്കാട്ടേക്കും റൈഡിന് പോകുന്നത്. വന്യജീവികളുടെ ആക്രമണവും ഹെയർപിൻ വളവുകളുടെ കെണിയും പലപ്പോഴും ഈ പാതയിൽ അപകടം സൃഷ്ടിക്കാറുണ്ട്. കൊവിഡ് കാലത്തിന് ശേഷമാണ് ഈ വിനോദസഞ്ചാര പാത കൂടുതൽ പേരെ ആകർഷിച്ചു തുടങ്ങിയത്. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിലാണ് ഈ ഹിൽസ്റ്റേഷൻ. പശ്ചിമഘട്ട മലനിരകളിലെ ആനമല കുന്നുകളിൽ, കോയമ്പത്തൂരിൽ നിന്നും 100 കിലോമീറ്റർ അകലെയും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുകൾ ദൂരത്തിലുമാണ് വാൽപ്പാറ. കാഴ്ചകൾ താഴ് വാരത്തേക്ക് വശീകരിച്ചാലും ഇവിടെയാന്നും വാഹനം നിറുത്താൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്. മലക്കപ്പാറയുടെ മുകളിൽ നിന്നും തേയിലത്തോട്ടങ്ങളുടെ പച്ചപ്പുകൾ കടന്ന് പോകുന്ന സഞ്ചാരികളുടെ വാഹനങ്ങളുടെ നീണ്ടനിരകൾ തന്നെയാണ് വേനലവധിക്കാലത്ത് ഈ റൂട്ടിൽ എവിടെയും കാണാനാവുക. നാൽപ്പതോളം ഹെയർപിൻ വളവുകൾ ഓരോന്നായി മുകളിലേക്ക് കയറുമ്പോഴും താഴേക്ക് കാഴ്ചകളേറെ. താഴെ ആളിയാർ അണക്കെട്ട് കാണാം. അത്രയും വിസ്തൃതിയുള്ള അണക്കെട്ടിന് ചുറ്റും പച്ചപ്പിന്റെ വിശാലതയും കാണാം. പ്രളയകാലത്തും കൊവിഡ് വ്യാപനത്തിന്റെ അടച്ചിടൽകാലത്തിന്റെ ഇടവേളകളിൽ പലതലവണയും അടഞ്ഞും തുറന്നുമിരുന്നതാണ് വാൽപ്പാറ ചുരം വഴികൾ. ചെങ്കുത്തായതും സാഹസികവുമായ വഴികളിലെ മണ്ണിടിച്ചിൽ,​ മഴക്കാലത്ത് വലിയ അപകടസാദ്ധ്യതയുണ്ടാക്കും. ഈ മുന്നറിയിപ്പുകൾ സഞ്ചാരികളുടെയും വഴിമുടക്കും. ചുരുക്കത്തിൽ വാൽപ്പാറ സുന്ദരമാണ്,​ അതിലേറെ ഭീതിജനകവും. വാഹനങ്ങൾ നിറുത്തി കാഴ്ച കാണരുതെന്ന മുന്നറിയിപ്പ് ബോർഡുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കാറില്ല.

സഞ്ചാരികൾ വാഹനങ്ങൾ നിറുത്തിയിടുന്നതു പലപ്പോഴും മറ്റ് വാഹനങ്ങൾക്ക് അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ബ്രേക്കിൽ കണ്ണുവേണം

വാൽപ്പാറയിലെ ആളിയാർ ചുരത്തിൽ ട്രാവലർ മറിയാനിടയായത് ബ്രേക്കിനുണ്ടായ തകരാറ് കൊണ്ടാകാമെന്നാണ് നിഗമനം. ബ്രേക്ക് സംവിധാനം ചൂടായതോടെ പ്രവർത്തനം നിലച്ചതാകാമെന്നാണ് തമിഴ്‌നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകൾ ഇറങ്ങിയ ശേഷം ബ്രേക്ക് കിട്ടാതായപ്പോൾ ഗിയറിൽ വണ്ടി നിറുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉടൻ കരിങ്കൽഭിത്തിയിൽ സ്ഥാപിച്ച ഇരുമ്പുതൂണുകൾ തകർത്ത് 800 അടി താഴ്ചയിലേയ്ക്ക് വീണു.

പല തവണ കരണം മറിഞ്ഞ് പൂർണമായും ചിന്നിച്ചിതറിയ വാഹന അവശിഷ്ടങ്ങളാണ് റോഡിൽ വീണത്. പതിമൂന്നാം വളവിൽ നിന്ന് പത്താം വളവിനും ഒൻപതാം വളവിനും ഇടയിലുള്ള ഭാഗത്തേക്ക് വാഹനം വീണതോടെ പലരും തത്ക്ഷണം മരിച്ചു. രണ്ടടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയാണ് ഇവിടെയുള്ളത്.

ചുരങ്ങളിലൂടെ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാരുടെ പരിചയക്കുറവും വാഹനങ്ങളുടെ തിരക്കും അപകടത്തിന് വഴിയൊരുക്കും. സാധാരണ റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേശൈലിയിൽ ചുരങ്ങളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. വാഹനങ്ങളുടെ എണ്ണം റോഡിൽ കൂടുമ്പോൾ തുടർച്ചയായി ബ്രേക്ക് ചെയ്യേണ്ടി വരും. വാഹനം താഴേക്ക് ഇറങ്ങുമ്പോൾ ശരിയായ ഗിയറിൽ ഓടിച്ചില്ലെങ്കിൽ അമിതമായി ബ്രേക്ക് ഉപയോഗിച്ച് ബ്രേക്ക് സംവിധാനം തകരാറിലായേക്കാം.

ചെറിയ ഗിയറിൽ ഇറങ്ങുമ്പോൾ എൻജിൻ തന്നെ വാഹനത്തിന്റെ വേഗം നിയന്ത്രിക്കും. ചെറിയ രീതിയിൽ മാത്രം ബ്രേക്ക് ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാം. ഏത് ഗിയറിലാണോ കയറ്റം കയറിയത്, അതേ ഗിയറിൽ തന്നെ വേണം ഇറക്കവും ഇറങ്ങാൻ. ഇറക്കങ്ങളിൽ വാഹനം നിയന്ത്രിക്കാൻ ഗിയറുകളെ ഉപയോഗിക്കുന്നതിന് പകരം തുടർച്ചയായി ബ്രേക്ക് ചെയ്യുന്നത് അപകടകരമാണ്. തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുമ്പോൾ ബ്രേക്ക് ഡ്രം അമിതമായി ചൂടാകും. ബ്രേക്ക് ലൈനറുകൾ ഹാർഡ് ആയി കാര്യക്ഷമത നഷ്ടപ്പെടും. ഡ്രൈവർക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമായ സൈറ്റ് ഡിസ്റ്റൻസ് കുറഞ്ഞ റോഡുകളിൽ അപകട സാദ്ധ്യതയേറെയുണ്ട്. അതുകൊണ്ടു തന്നെ യാത്രകൾ ആദ്യം സുരക്ഷിതമാക്കുക, അതിനുശേഷം ഉല്ലാസമാകാം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.